Pages

Monday, November 20, 2017

നഗരസഭായോഗത്തിലുണ്ടായ ആക്രമണം ജനാധിപത്യ പാരമ്പര്യത്തിനു കളങ്കം

നഗരസഭായോഗത്തിലുണ്ടായ ആക്രമണം
ജനാധിപത്യ പാരമ്പര്യത്തിനു കളങ്കം


കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരു നഗരഭരണാധികാരി അദ്ദേഹത്തിന്റെ ഓഫീസിൽ വച്ച്ആക്രമിക്കപ്പെടുന്നത്.വഴിവിളക്കിനെച്ചൊല്ലിയുണ്ടായ തർക്കം കയ്യാങ്കളിയിലെത്തുകയും നഗരാധിപൻ  മർദനമേറ്റ് ആശുപത്രിയിലാവുകയും ചെയ്തപ്പോൾ തകർന്നത് നാം കാത്തുസൂക്ഷിച്ച  നമ്മുടെ ജനാധിപത്യത്തിന്റെ പാരമ്പര്യം തന്നെയാണ് .നഗരസഭാഭരണസമിതി  അധികാരത്തിലെത്തിയതിന്റെ രണ്ടാംവാർഷികദിനത്തിലാണ് ജനപ്രതിനിധികൾ അക്രമികളായി മാറിയത് .സി.പി.എമ്മും ബി.ജെ.പി.യും സംഭവത്തിൽ പരസ്പരം പഴിചാരുന്നു.  മേയർ വി.കെ. പ്രശാന്ത് ഇപ്പോഴും ആശുപത്രിയിൽ കഴിയുന്നു. സാധാരണക്കാരന്റെ പ്രശ്നങ്ങൾക്കു പരിഹാരം കണ്ടെത്തേണ്ട കൗൺസിലർമാർ അക്രമിസംഘങ്ങളുടെ നിലവാരത്തിലേക്ക് അധഃപതിക്കുന്നത് ജനാധിപത്യത്തിൻറെ തകർച്ചതന്നെയാണ് .
ബി.ജെ പി അവതരിപ്പിച്ച . പ്രമേയം വോട്ടിനിടണമെന്ന ആവശ്യം അംഗീകരിക്കാതെ വന്നതോടെ ബിജെപി കൗൺസിലർമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. നടപടികൾ മുടങ്ങിയതോടെ യോഗം പിരിച്ചുവിട്ട് മേയർ ഓഫിസിലേക്കു പോകുമ്പോൾ പ്രതിപക്ഷാംഗങ്ങൾ അദ്ദേഹത്തെ തടഞ്ഞു. സുരക്ഷാ ജീവനക്കാർ ഒരുക്കിയ വലയത്തിലൂടെ കടന്നുപോകാൻ ശ്രമിച്ച മേയറെയാണു ജനപ്രതിനിധികൾ വലിച്ചു നിലത്തിട്ടതും ഷർട്ട് വലിച്ചുകീറിയതും. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട മേയറെ ഉടൻ മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്നു നഗരത്തിൽ പലഭാഗത്തും സിപിഎം – ബിജെപി പ്രവർത്തകർ തമ്മിൽ സംഘർഷമുണ്ടായി. സാക്ഷരതയിലും സംസ്കാരത്തിലും മുൻപിൽ നിൽക്കുന്നുവെന്ന് അഭിമാനിക്കുന്ന നമ്മുടെ കേരളത്തിൽ പ്രത്യകിച്ച് തലസ്ഥാനത്ത്  സംഭവിച്ചത് ഒരു ജനാധിപത്യവേദിയിലും സംഭവിച്ചുകൂടാത്തതാണ്.
തദ്ദേശസ്ഥാപനങ്ങൾ നമ്മുടെ ജനാധിപത്യബോധത്തിന്റെ ആണിക്കല്ലുകളാണ്. അവിടെ അരങ്ങേറുന്ന കാടത്തം നാടിനാകെ തീരാക്കളങ്കമാണ്.പൊതുഭരണത്തിന്റെ അടിത്തട്ടായ തദ്ദേശസ്വയംഭരണസ്ഥാപനങ്ങൾ ജനപ്രതിനിധികൾക്കു തമ്മിൽത്തല്ലാനുള്ള വേദികളല്ല. നഗരങ്ങളും ഗ്രാമങ്ങളുമടങ്ങുന്ന പ്രാദേശികമേഖലകളുടെ ഭരണവും വികസനപ്രവർത്തനങ്ങളും നിർവഹിക്കാൻ കക്ഷിഭേദം നോക്കാതെ ഒത്തുചേർന്നു പ്രവർത്തിക്കുകയാണ് തദ്ദേശസ്ഥാപനങ്ങളും അവിടത്തെ ജനപ്രതിനിധികളും ചെയ്യേണ്ടത്. പക്ഷേ, പലപ്പോഴും നമ്മുടെ തദ്ദേശസ്ഥാപനങ്ങളിൽ സംഭവിക്കുന്നത് നിയമനിർമാണസഭകളായ പാർലമെന്റിനെയും നിയമസഭയെയും അനുകരിച്ച് കോലാഹലവും തർക്കവിതർക്കങ്ങളുമുണ്ടാക്കി പ്രാദേശികഭരണത്തെയും വികസനത്തെയും തടസ്സപ്പെടുത്തലാണ്.
ജനങ്ങളുടെ താത്പര്യത്തിനുവേണ്ടി പ്രവർത്തിക്കേണ്ടവർ കക്ഷിതാത്പര്യങ്ങളുടെ വക്താക്കളായി മാറുന്നത് പരാദയനീയം തന്നെയാണ് .ഏതാനും ദിവസംമുമ്പ് ആലപ്പുഴ നഗരസഭയിലും രാജിെവച്ച മന്ത്രി തോമസ് ചാണ്ടിയുടെ ഭൂമികൈയേറ്റവുമായി ബന്ധപ്പെട്ട പ്രശ്നത്തിൽ കൗൺസിലർമാർ കൈയാങ്കളി നടത്തിയിരുന്നു. ഇതൊക്കെ ജനാധിപത്യത്തിനുതന്നെ അപമാനകരമാണ്.ഒരുനഗരത്തിന്റപ്രാദേശികഭരണം നിർവഹിക്കാൻ മാത്രം ജനം തെരഞ്ഞടുത്ത സമിതിയാണ് നഗരസഭ എന്നു മനസ്സിലാക്കണം . രാഷ്ട്രീയമായ അഭിപ്രായവ്യത്യാസം പ്രകടിപ്പിക്കുന്നതിനും സ്വന്തം വിശ്വാസപ്രമാണം ശക്തമായി അവതരിപ്പിക്കുന്നതിനും  എല്ലാവർക്കും അവകാശമുണ്ട് . തങ്ങളുടെ അഭിപ്രായം അംഗീകരിക്കാത്തവരെ ആക്രമിക്കുകയെന്നത്  എന്നത് ജനാധിപത്യരീതിയല്ല., വെറും കാടത്തമാണ് . ഈ സംഭവത്തെ നിസ്സാരമായി കാണാൻ പാടില്ല .കുറ്റക്കാർക്കുകടുത്ത ശിക്ഷ തന്നെ നൽകണം. ഇവരെയൊക്കെ അധികാരത്തിൽ കയറ്റിയ ജനത്തിൻറെ  വിധിയോർത്ത് ദുഖിക്കാനേ നിവൃത്തിയുള്ളൂ .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: