Pages

Saturday, November 18, 2017

കർഷകരുടെ കദനകഥ കേൾക്കാൻ കേരളത്തിൽ ആരുണ്ട് ?

കർഷകരുടെ കദനകഥ കേൾക്കാൻ 
കേരളത്തിൽ ആരുണ്ട് ?

കേരളത്തിലെ ഇടത്തരക്കാരും കർഷകരും  കുറേ വർഷങ്ങളായി  കഷടപെടുകയാണ് .കണ്ണീരിന്റെയും നഷ്ടങ്ങളുടെയും കഥയേ അവർക്കു പറയാനുള്ളൂ. അധ്വാനത്തിനു മതിയായ പ്രതിഫലം ലഭിക്കുന്നില്ല. ഉത്പാദനച്ചെലവിലും കുറഞ്ഞ വിലയ്ക്ക് ഉത്പന്നം വിൽക്കേണ്ടിവരുന്നു. കന്പോളത്തെ ഒരു രീതിയിലും സ്വാധീനിക്കാൻ കഴിയാതെ നിസഹായരായി നിൽക്കുകയാണു കർഷകർ. ആരെങ്കിലും തങ്ങളെ സഹായിക്കും എന്ന പ്രതീക്ഷപോലും നശിച്ച അവസ്ഥയിലാണു കേരളത്തിലെ കർഷകർ.
 ഏതു വ്യവസ്ഥിതിയിലായാലും ദുർബലവിഭാഗങ്ങളെ സംരക്ഷിക്കാൻ ചില സംവിധാനങ്ങളൊക്കെ ഏർപ്പെടുത്തിയെ മതിയാകൂ .അമേരിക്ക പോലെയുള്ള  മുതലാളിത്ത രാജ്യങ്ങളിൽ പോലും  കർഷകരക്ഷയ്ക്കായി ധാരാളം സഹായങ്ങളും  നടപടികളുണ്ട്. പക്ഷേ, ദൗർഭാഗ്യവശാൽ ഇന്ത്യയിലും കേരളത്തിലും ഫലപ്രദമായ  ഒരു സഹായവും  കർഷകർക്കില്ല. നൽകുന്നതായി അവകാശപ്പെടുന്ന സബ്സിഡികളും ആനുകൂല്യങ്ങളും കർഷകർക്ക് എന്നതിനേക്കാൾ വളംനിർമാണ കന്പനികൾക്കും ഉദ്യോഗസ്ഥർക്കും ചില ഇൻഷ്വറൻസ് കന്പനികൾക്കും മാത്രം നേട്ടമുണ്ടാക്കുന്നതാണ്.
കേരളത്തിൽ കാർഷികമേഖലയിൽ പരക്കെ നഷ്ടക്കഥകളേ കേൾക്കാനുള്ളൂ .റബർ, കാപ്പി, തേയില, ജാതി, കുരുമുളക്, കൊക്കോ, ഏലം തുടങ്ങി ഏതു കൃഷിയെടുത്താലും നീണ്ട നാളായി തുടരുന്ന വിലത്തകർച്ചയുടെ ദുരിതങ്ങളേ കാണാനുള്ളൂ.വർഷങ്ങളായി വിലത്തകർച്ചയിൽ കഴിയുന്ന റബർ സംസ്ഥാനത്തെ കാർഷിക സന്പദ്ഘടനയുടെ നട്ടെല്ലു തന്നെ തകർത്തിരിക്കുകയാണ്.
റബറിന്റെ ഭാവിയെപ്പറ്റിത്തന്നെ ആശങ്കയിലായ കർഷകർ ആവർത്തനകൃഷിക്കു തയാറാകുന്നില്ല; തോട്ടങ്ങൾ വേണ്ട രീതിയിൽ പരിപാലിക്കുന്നുമില്ല. ഉള്ള റബ്ബർ ടാപ്ചെയ്യാൻ പോലും ആളില്ല .കിലോഗ്രാമിന് 700 രൂപയ്ക്കു മുകളിൽ കയറിയ കുരുമുളക് ഇപ്പോൾ അതിന്റെ പകുതി വിലയിലേക്ക് ഇടിയുകയാണ്. ഏലക്കായുടെ വില മാസങ്ങൾകൊണ്ടാണ് 30 ശതമാനത്തിലേറെ താഴോട്ടുപോയത്. കാപ്പിക്കുരു കഴിഞ്ഞ വർഷത്തേതിലും നാല്പതു ശതമാനം താണ നിലവാരത്തിലാണ്. ജാതിക്ക, ജാതിപത്രി തുടങ്ങിയവയുടെ വിലയും കുത്തനേ ഇടിഞ്ഞു. മുൻ വർഷത്തേതിന്റെ പകുതിയോ മൂന്നിൽ രണ്ടോ ഒക്കെ വിലയേ കർഷകർക്കു ലഭിക്കുന്നുള്ളൂ.
 കൊക്കോ, ജാതിക്ക തുടങ്ങിയവയുടെ കാര്യവും ഇതുപോലെത്തന്നെ . ഉത്പന്നങ്ങൾക്ക് മതിയായ വില ലഭിച്ചെങ്കിൽ മാത്രമേ  കൃഷി ഉപജീവനമാർഗമായി കണ്ട് മേഖലയിൽ തുടരാനാവൂ. . കൃഷി സ്വീകാര്യവും ആദായകരവുമായ ജീവനോപാധിയായി മാറ്റിയെടുക്കണം.വിലത്തകർച്ചയിൽ നട്ടംതിരിയുന്ന കർഷകസമൂഹത്തെ  സഹായിക്കാൻ സർക്കാർ  രംഗത്തു വന്നേമതിയാകൂ .

പ്രൊഫ്. ജോൺ കുരാക്കാർ

No comments: