Pages

Thursday, November 23, 2017

ഭരണാധികാരികൾ എന്തുകൊണ്ട്. മാധ്യമങ്ങളെ ഭയക്കുന്നു.?

ഭരണാധികാരികൾ എന്തുകൊണ്ട്. മാധ്യമങ്ങളെ ഭയക്കുന്നു.?

മാധ്യമങ്ങളെ വിലക്കുന്നത് ജനാധിപത്യപരമായ രീതിയല്ല .ജനങ്ങളാല് തെരഞ്ഞെടുക്കപ്പെട്ട ഭരണാധികാരി ഏതു രാഷ്ട്രീയ പാര്ട്ടിയുടെ വക്താവായാലും എന്തിനാണ് മാധ്യമങ്ങളെ ഭയക്കുന്നത്? കടക്കൂ പുറത്ത്‌ ,നിൽക്കു പുറത്ത് ?തുടങ്ങിയ  വാക്കുകൾ  ഒരു നേതാവിന് ചേർന്നതല്ല .വിനയവും മര്യാദയും  ഈ വാക്കുകളിൽ അല്പംപോലുമില്ല .ഭരണകേന്ദ്രമായ സെക്രട്ടേറിയറ്റിന്റെ വളപ്പിനുള്ളിൽ പ്രവേശിപ്പിക്കാതെ മാധ്യമ പ്രവർത്തകരെ വഴിയിൽ നിർത്തിയ സംഭവം ജനാധിപത്യ കേരളത്തിനു മുഴുവൻ അപമാനകരമാണ്.
സുപ്രധാനമായ ഒരു കമ്മിഷൻ റിപ്പോർട്ട് സർക്കാരിനു സമർപ്പിക്കുന്ന വേളയിൽ അതു റിപ്പോർട്ട് ചെയ്യാനാണു മാധ്യമ പ്രവർത്തകർ ചൊവ്വാഴ്ച രാവിലെ മുഖ്യമന്ത്രിയുടെ ഓഫിസ് സ്ഥിതിചെയ്യുന്ന സൗത്ത് ബ്ലോക്കിലേക്കു പുറപ്പെട്ടത്. അവരെ സെക്രട്ടേറിയറ്റ് വളപ്പിനുള്ളിൽപോലും കടക്കാൻ അനുവദിക്കാതെ ഗേറ്റിൽ തടഞ്ഞു. എന്തുകൊണ്ടു തടഞ്ഞു എന്നറിയാൻ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി മുതൽ പൊലീസ് മേധാവിവരെയുള്ളവരെ മാധ്യമ പ്രതിനിധികൾ ബന്ധപ്പെട്ടെങ്കിലും വ്യക്തമായ വിശദീകരണമുണ്ടായില്ല.

നേതാവിൻറെ അസഹിഷ്ണുത ജനാധിപത്യത്തിനു വളരെ ദോഷം ചെയ്യും .മാധ്യമസ്വാതന്ത്ര്യത്തിനു വിലകൽപിക്കാത്ത  രീതി ജനാധിപത്യത്തിനു  ചേർന്നതല്ല .മാധ്യമസ്വാതന്ത്ര്യത്തിനുവേണ്ടി മുറവിളി കൂട്ടുന്ന ഒരു പാർട്ടിയുടെ നേതാവിൽ നിന്ന്  ഇത്തരം  പ്രതികരണം ഉണ്ടാകാൻ പാടില്ലാത്തതാണ് . വാർത്തകളെ  എന്തിനു ഭയക്കുന്നു ?     മാധ്യമസ്വാതന്ത്ര്യം തടസപ്പെടുത്തുന്നത് ഏകാധിപത്യ സ്വഭാവമുള്ള സര്ക്കാര് ജനങ്ങളില്നിന്ന് എന്തൊക്കെയോ മറച്ചുവയ്ക്കാനുള്ള നീക്കമാണ്. ഇടതു സര്ക്കാരിനെ സംബന്ധിച്ച് ഇത് സത്യപ്രതിജ്ഞാ ലംഘനം കൂടിയാണ്.റിപ്പോർട്ടു ചെയ്യുന്നതിനായി മാധ്യമപ്രവർത്തകർ പ്രവേശിക്കുന്നതു തടയുന്നത് ഒരു ജനാധിപത്യസർക്കാരിനു ചേർന്ന കാര്യമല്ല.
വാർത്തകൾ പൊതുജനങ്ങളെ അറിയിക്കുന്ന മാധ്യമങ്ങളുമായി മുമ്പെങ്ങുമുണ്ടായിട്ടില്ലാത്ത വിധത്തിൽ അകലംപാലിക്കാനുള്ള ശ്രമം ഇപ്പോഴത്തെ  സർക്കാരിന്റെ തുടക്കം മുതൽ തന്നെയുണ്ട്. മാധ്യമങ്ങളെ  പൂർണ്ണമായി വിശ്വസിക്കാൻ കഴിയില്ലായെന്നതു സത്യമാണ് . സർക്കാരിന്റെ പ്രതിച്ഛായ മോശമാക്കുന്ന സംഭവങ്ങൾ ഉണ്ടാകുമ്പോൾ, മാധ്യമങ്ങളെ അകറ്റിനിർത്തുന്ന  ശ്രമം ജനാധിപത്യത്തിന് ചേർന്നതല്ല . കേരളത്തിലെ മാധ്യമപ്രവർത്തകരുടെ രീതികളെപ്പറ്റി പല  വിമർശനങ്ങളും ഉണ്ടായിട്ടുണ്ടായെന്നതു ശരിതന്നെ .എന്നാൽ എല്ലാ കുഴപ്പങ്ങൾക്കും മാധ്യമപ്രവർത്തകരാണ് എന്ന് കരുതരുത് .
രാഷ്ട്രീയത്തിലെയും ഭരണത്തിലെയും സംഭവവികാസങ്ങളെപ്പറ്റി ആകാംക്ഷാഭരിതമായ ജന  സമൂഹത്തിന്, വാർത്ത. എത്രയും വേഗത്തിൽ എത്തിച്ചു കൊടുക്കാനാണ് മാധ്യമപ്രവർത്തകർ ശ്രമിക്കുന്നത്.സമൂഹത്തിൻറെ കണ്ണാടികളാണ് മാധ്യമങ്ങൾ. കണ്ണാടി തല്ലിയുടയ്ക്കാനും കരിപൂശാനും ശ്രമിക്കുന്നത് ജനങ്ങളുടെ അവകാശം നിഷേധിക്കലാണ്. ജനാധിപത്യ ഭരണക്രമത്തിൽ രാഷ്ട്രീയ നേതാക്കളും ഭരണാധികാരികളും ജനങ്ങളുമായി സംവദിക്കുന്നതിനുപയോഗിക്കുന്ന ഏറ്റവും ഫലപ്രദമായ മാർഗമാണു മാധ്യമങ്ങൾ. എല്ലാ രാഷ്ട്രീയക്കാരും തങ്ങളുടെ സ്വന്തം ആവശ്യങ്ങൾക്ക് ഈ സൗകര്യം വളരെ ഫലപ്രദമായി വിനിയോഗിക്കാറുണ്ട്. എന്നാൽ, തങ്ങൾക്ക് അലോസരമുണ്ടാക്കുന്ന കാര്യങ്ങളെക്കുറിച്ചു ചോദിക്കുന്പോഴോ അത്തരമൊരു ചോദ്യമുയരാൻ സാധ്യതയുണ്ടെന്നു കരുതുന്പോഴോ മാധ്യമങ്ങളോടു കലഹിക്കുന്നത് ജനാധിപത്യസംവിധാനത്തിൽ ഒരു ഭരണാധികാരിക്കും രാഷ്ട്രീയ നേതാവിനും ഭൂഷണമല്ല.
കേന്ദ്രത്തിലായാലും സംസ്ഥാനങ്ങളിലായാലും ഇത്തരമൊരു പ്രവണത അടുത്തകാലത്തായി വർധിച്ചുവരുന്നുണ്ട്.കേരളംപോലെ സാക്ഷരതയും സാമൂഹ്യബോധവും ഏറെയുള്ള ഒരു സംസ്ഥാനത്ത് മാധ്യമങ്ങളോട് അസഹിഷ്ണുത വർധിച്ചുവരുന്നത് അപകടകരമായ സൂചനയാണ്. അടുത്തകാലത്ത് അഭിഭാഷകരും മാധ്യമപ്രവർത്തകരുമായുണ്ടായ അഭിപ്രായവ്യത്യാസം അപകടകരമായൊരു നിലയിലെത്തിയിരുന്നു. മാധ്യമങ്ങൾക്ക് അവരുടെ ചുമതല നിർവഹിക്കാനുള്ള അവസരവും സൗകര്യവും ഒരുക്കിക്കൊടുക്കാനുള്ള ഉത്തരവാദിത്വം ഭരണാധികാരികൾക്കുണ്ട്. അതൊരു ഔദാര്യമല്ല.  മാധ്യമങ്ങൾക്കു കടിഞ്ഞാണിടാൻ ഭരണകൂടവും ജു ഡീഷറിയുമൊക്കെ തുനിയുന്പോൾ ദുർബലമാകുന്ന  ജനങ്ങളുടെ നാവും ചിന്തയുമാണെന്ന കാര്യം ആരും വിസ്മരിക്കരുത്.മാധ്യമപ്രവര്ത്തകര് ജനങ്ങളുടെ അറിയാനുള്ള അവകാശം സംരക്ഷിക്കാന് ബാധ്യസ്ഥരാണ്. അതുകൊണ്ടുതന്നെ സര്ക്കാര് മാധ്യമസ്വാന്ത്ര്യത്തിന് കടിഞ്ഞാണ് ഇടുന്നത് ഉചിതമല്ല..

പ്രൊഫ്. ജോൺ കുരാക്കാർ


No comments: