Pages

Saturday, November 18, 2017

ഭാരതത്തിൽ ദലിതർക്ക്സുരക്ഷിതത്വബോധത്തോടുംആത്മവിശ്വാസത്തോടെയും ജീവിക്കാൻ കഴിയണം

ഭാരതത്തിൽ ദലിതർക്ക്സുരക്ഷിതത്വബോധത്തോടുംആത്മവിശ്വാസത്തോടെയും ജീവിക്കാൻ കഴിയണം

ഭാരത്തിൽ ചില സംസ്ഥാനങ്ങളിൽ ദലിതർക്കു നേരിടേണ്ടിവരുന്ന പീഡനങ്ങൾ രാജ്യത്തിനൊട്ടാകെ നാണക്കേടാണ് .കാലങ്ങളായി വേട്ടയാടപ്പെടുന്ന ദലിത് ജീവിതങ്ങൾക്ക് ഇന്നും രക്ഷയില്ലാത്ത സ്ഥിതിയാണ്  ഉത്തരേന്ത്യയിലെ പല ദേശങ്ങളും. അരലക്ഷത്തിലേറെ ദലിത് പീഡനക്കേസുകളാണ് ഓരോവർഷവും ഇന്ത്യയിൽ റജിസ്റ്റർ ചെയ്യപ്പെടുന്നത്. കഴിഞ്ഞ നവരാത്രി ആഘോഷത്തിനിടെ ഗർബ നൃത്തം കാണാനെത്തിയ ദലിത് യുവാവിനെ  അതിക്രൂരമായി തല്ലിക്കൊന്നതു ഗുജറാത്തിലെ ആനന്ദ് ജില്ലയിലാണ്. ഗുജറാത്തിൽത്തന്നെ ഗാന്ധിനഗറിനു സമീപമുള്ള ലിംബോധര ഗ്രാമത്തിൽ മീശവച്ചതിനു ദലിത് യുവാക്കളെ മേൽജാതിക്കാർ ക്രൂരമായി മർദിച്ച സംഭവങ്ങളും നടന്നിരിക്കുന്നു .ഓഗസ്റ്റിൽത്തന്നെ, പ്രേതബാധിതയെന്ന് ആരോപിച്ചു ദലിത് സ്ത്രീയെ പൊള്ളിച്ചും മർദിച്ചും കൊന്നതു രാജസ്ഥാനിലെ അജ്മേർ ജില്ലയിലാണ്. ഇവരെ ഗ്രാമത്തിൽ നഗ്നയായി നടത്തിക്കുകയും മലം തീറ്റിക്കുകയും ചെയ്തശേഷമാണു മരണത്തിലേക്കു നയിച്ച പീഡനങ്ങൾ നടന്നത്.
 ഉത്തരേന്ത്യയിൽ മാത്രമല്ല, നമുക്കു തൊട്ടടുത്തുള്ള തമിഴ്നാട്ടിൽത്തന്നെ ദലിതർ കടുത്ത വിവേചനം ഇന്നും നേരിടേണ്ടിവരുന്നുണ്ട്. കേരളത്തിൽപോലും ജാതിഭ്രാന്ത് അവസാനിച്ചിട്ടില്ല .ദളിതർക്ക് സുരക്ഷിതത്വബോധവും ആത്മവിശ്വാസവും നൽകേണ്ടത്  ഭരണാധികാരികൾ തന്നെയാണ്. നിഴലിനെപ്പോലും അയിത്തം കൽപിച്ച് അപമാനിച്ചിരുന്ന ആ പ്രാകൃതകാലത്തിന്റെ നിന്ദ്യമായ അവശേഷിപ്പുകൾ ഇപ്പോഴുമുണ്ടെന്നത് ഓരോ ഭാരതീയന്റെയും കുറ്റബോധമായിത്തീരണം. ഇന്ത്യൻ സമൂഹം സമത്വത്തിന്റെ ഒരേവായു ശ്വസിച്ചുതുടങ്ങാൻ ഇനിയും വൈകിക്കൂടാ.മുൻതലമുറ ചെയ്ത ദുഷ്ചെയ്തികളിൽ അഭിമാനിക്കാതെ ജാതിയുടെ മതിൽകെട്ടു പൊളിക്കാൻ എല്ലാ ജനവിഭാഗങ്ങളും ഒന്നിക്കണം .
കേരളം ഒരു ഭ്രാന്താലയമാണെന്ന് സ്വാമി വിവേകാനന്ദന് പറഞ്ഞത് ഇവിടുത്തെ ജാതി ഭ്രാന്ത് കണ്ടിട്ടാണ്. പിന്നീട് കാലം ഒരുപാട് കടന്നു പോയപ്പോള് ഇന്ത്യന് സമൂഹത്തിന് മാതൃകയാകുന്ന വിധം പുരോഗമന ചിന്തകളും മതേതരത്വം നിറഞ്ഞയിടമായി മാറി കേരളം. അതിന് ഇടതുപക്ഷവും ഇടതുപക്ഷ ആശയങ്ങളും നല്കിയ സംഭാവന വളരെ വലുതാണ്.തൻറ്റെ മതക്കാരനല്ലാത്ത ഒരാളെ ശത്രുവായി കാണുന്നത് ഒരുതരം ഭ്രാന്താണ് എന്ന കാര്യത്തിൽ സംശയമില്ല . മറ്റു മതചിഹ്നങ്ങളോടോ ആരാധനകളോടോ വേഷവിധാനങ്ങളോടോ ഒക്കെ ഉളള അലർജി ഈ ഭ്രാന്തിൻറ്റെ ലക്ഷണമാണ്. നിലവിൽ ഇത്തരം ഭ്രാന്തുമൂത്ത പലരും  നമ്മുടെ സമൂഹത്തിലുണ്ട് എന്ന തിരിചറിവോടെ വേണം  നാം ജീവിക്കുവാൻ .ഹിന്ദുമതത്തിലെ വിവേചനത്തിനെതിരെ പോരാടിയ മഹാനാണ് ഡോ. അംബേദ്കർ .എല്ലാ മതവിഭാഗങ്ങളും ഒരുമയോടെ ജീവിക്കുന്ന ഒരു പുണ്യഭൂമിയാകണം ഭാരതം.

പ്രൊഫ്. ജോൺ കുരാക്കാർ


No comments: