Pages

Saturday, July 8, 2017

കേരളത്തിലെ പൊലീസ് മേധാവികൾക്ക് എന്തുപറ്റി ?


കേരളത്തിലെ പൊലീസ് 
മേധാവികൾക്ക് എന്തുപറ്റി ?

ഡിജിപി, എഡിജിപി തലങ്ങളിലുള്ള ഉന്നതോദ്യോഗസ്ഥർ  റിട്ടയർ ചെയ്തവരും നിലവിലുള്ളവരും  പൊതുവേദികളിലും പോലീസ് സമ്മേളനങ്ങളിലും മാധ്യമങ്ങൾക്കു മുന്നിലും തങ്ങളുടെ സഹപ്രവർത്തകർക്കും മേലധികാരികൾക്കുമെതിരേ ഒളിയന്പുകൾ എയ്യുന്നത് കേരളം കണ്ടുംകേട്ടുംകൊണ്ടിരിക്കുകയാണ് . രാഷ്ട്രീയക്കാർ പ്രതിയോഗികളെ വിമർശിക്കുന്നതിനേക്കാൾ മോശമായി ഉപമകളും ഉത്പ്രേക്ഷകളുമൊക്കെ നിരത്തി സഹപ്രവർത്തകരെ പരസ്യമായി അവർ തേജോവധം ചെയ്യുന്ന കാഴ്ച  വളരെ ദയനീയമാണ് .
സിവിൽ സർവീസ് മേഖല  പൊതുജനത്തിൻറെ അവഹേളനത്തിനു കാരണമായി തീരും .പൊലീസ് സേനയിൽ അച്ചടക്കത്തിന് നേതൃത്വം നൽകേണ്ടവർ തന്നെ അച്ചടക്കരാഹിത്യം കാണിക്കുകയാണ് .കേരള  മുഖ്യമന്ത്രിയാകട്ടെ പോലീസ് സേനയിലെ ഈ അച്ചടക്കമില്ലായ്മ കാണുന്നതുമില്ല . പോലീസുകാരിലും ക്രിമിനലുകളുണ്ടെന്നും സാധാരണ പോലീസുകാരിലുള്ളതിനെക്കാൾ കൂടുതൽ ശതമാനം ക്രിമിനലുകൾ ഉന്നതോദ്യോഗസ്ഥരിലുണ്ടെന്നും ഈയിടെ സ്ഥാനമൊഴിഞ്ഞ പോലീസ് മേധാവി പറയുകയുണ്ടായി.. ഇത്  സത്യമായിരിക്കാം
.ജനങ്ങൾക്ക് സുരക്ഷ ,പൊലീസ്സേനയിൽ  നിന്ന് ലഭിക്കുമോ ? ഭരണകൂടം നിയമവിരുദ്ധവും തെറ്റായതുമായ തീരുമാനങ്ങൾ എടുത്താൽ അവയെ എതിർക്കാൻ സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കു സാധിക്കും, സാധിക്കണം. പക്ഷേ, നിയമാനുസൃത നടപടികൾ സ്വീകരിക്കുന്ന ഉദ്യോഗസ്ഥരും രാഷ്ട്രീയ നേതൃത്വത്തിന്റെ അനിഷ്ടത്തിനു പാത്രമായാൽ അവരുടെ സ്ഥാനം തെറിക്കുമെന്ന  സ്ഥിതിയാണ് നാട്ടിലുള്ളത് .അതിന് ഉദാഹരണമാണു ദേവികുളം സബ്കളക്ടറുടെ സ്ഥലംമാറ്റം.
 ഭരണാധികാരികളുടെയും ഉന്നത ഉദ്ദ്യോഗസ്ഥരുടെയും ഓരോ പ്രവർത്തികളും  ജനം സാകൂതം വീക്ഷിക്കുന്നുണ്ടെന്ന കാര്യം ഓർക്കുന്നത് നല്ലത് . ജനങ്ങൾക്കു സേവനം നൽകാൻ ബാധ്യസ്ഥരായ ഉദ്യോഗസ്ഥർ, അവർ ഏതു വകുപ്പിൽപ്പെട്ടവരാണെങ്കിലും, അതു നൽകുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടവരാണു ഭരണാധികാരികൾ.സ്ത്രീകള്ക്കെതിരായ കുറ്റകൃത്യങ്ങള്  കണ്ടെത്താൻ പൊലീസിന് കഴിയുന്നില്ല . എല്ലാകാലവും പൊതുജനങ്ങളെ  കബളിപ്പിക്കാൻ ആർക്കുമാവില്ല.
കേരളത്തിലേ പൊലീസ് മേധാവികൾ സംയമനം പാലിക്കണം . സർവീസിലുള്ളവരും വിരമിച്ചവരുമായ ഉന്നതർ അഭിമുഖം നൽകിയും പത്രസമ്മേളനങ്ങൾ നടത്തിയും  പുസ്തകമെഴുതിയും വിവാദങ്ങൾ  സൃഷ്‌ടിക്കുന്നത്‌  നിർത്തണം .. പോലീസ് സേനയ്ക്കും ആഭ്യന്തരവകുപ്പിനും അപകീർത്തി ഉണ്ടാക്കാനേ ഇതൊക്കെ ഉപകരിക്കുകയുള്ളൂ . തികഞ്ഞ ആത്മാർഥതയോടെയും പ്രതിബദ്ധതയോടെയും പ്രവർത്തിക്കുന്ന ആയിരകണക്കിന്  പൊലീസ്‌കാർ സേനയിലുണ്ട് എന്നകാര്യം ആരും വിസ്മരിക്കരുത് .പൊലീസ് മേധാവികൾ ക്രമാസമാധാനത്തിനു  കൂടുതൽ പ്രാധാന്യം നൽകുക .അനാവശ്യ വിവാദം  ഒഴിവാക്കുക .

പ്രൊഫ്..ജോൺ കുരാക്കാർ




No comments: