Pages

Saturday, July 8, 2017

ചൈനയും ഇന്ത്യയും സംഘർഷത്തിൽ നിന്ന് മാറി സമാധാനത്തിലെയ്ക്ക് വരണം

ചൈനയും ഇന്ത്യയും സംഘർഷത്തിൽ നിന്ന് മാറി സമാധാനത്തിലെയ്ക്ക് വരണം

ഇന്ത്യ-ചൈന അതിര്‍ത്തിയില്‍ ഇരുരാജ്യങ്ങള്‍ തമ്മില്‍ സംഘര്‍ഷം രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്  സിക്കിമിന്റെ സ്വാതന്ത്ര്യത്തിനുവേണ്ടി ശ്രമിക്കുമെന്ന് ചൈന ഭീഷണിയും മുഴക്കിയിരിക്കുന്നു. യുദ്ധത്തിനൊരുമ്പെട്ടാൽ 1962-ലേതിനേക്കാൾ വലിയ നഷ്ടമാവും ഇന്ത്യക്കുണ്ടാവുക എന്ന മുന്നറിയിപ്പും നൽകിയിട്ടുണ്ട്. ഇരുപതുദിവസത്തിലേറെയായി തുടരുന്ന സംഘർഷം ലഘൂകരിക്കാൻ ഏതെങ്കിലും തരത്തിലുള്ള ശ്രമം ഇതുവരെചൈനയുടെ ഭാഗത്തുനിന്ന് ഉണ്ടായിട്ടില്ല.
സിക്കിം അതിർത്തി വിഷയത്തിൽ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം വഷളായതിനെ തുടർന്ന് ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് പൗരന്മാർക്ക് സുരക്ഷാ മുന്നറിയിപ്പുമായി ചൈന രംഗത്ത് എത്തിക്കഴിഞ്ഞു .യുദ്ധം ഉണ്ടായാൽ  ഇരുരാജ്യങ്ങളും തകരും ..ഏതാണ്ട് രണ്ടു ലക്ഷത്തോളം ചൈനീസ് പൗരൻമാർ ഒരു വർഷം ഇന്ത്യയിൽ എത്തുന്നുവെന്നാണ് കണക്ക്. ഇന്ത്യയിലെ പ്രധാന നഗരങ്ങളിൽ നിരവധി ചൈനീസ് കമ്പനികളും തൊഴിലാളികളുമുണ്ട്. ഇതുപോലെ തന്നെ ലക്ഷകണക്കിന് ഇന്ത്യക്കാരും അവരുടെ വ്യാപാരകേന്ദ്രങ്ങളും ചൈനയിലുമുണ്ട് . സമാധാനത്തിൻറെ  പാതയിലൂടെ  പോകാൻ കഴിയില്ലേ ?
അതിർത്തി  തർക്കങ്ങൾ നിരന്തര ചർച്ചയിലൂടെ പരിഹരിക്കണം .മാധ്യമങ്ങളിലൂടെയും നിരന്തരമുള്ള പ്രസ്താവനകളിലൂടെയും കൂടുതൽ പ്രകോപനമുണ്ടാക്കാനാണ് ചൈന ശ്രമിക്കുന്നത്. ഭൂട്ടാന്റെ ഭൂമിയിൽ റോഡുപണിയാൻ ചൈനയുടെ പീപ്പിൾസ് ലിബറേഷൻ ആർമി (പി.എൽ.എ.) ബലമായി കടന്നുകയറിയതാണ് പൊടുന്നനെയുള്ള അസ്വസ്ഥതയുടെ ആരംഭം. 1988 മുതൽ ചൈന കൈയേറ്റം നടത്തുന്നുണ്ടെങ്കിലും റോഡ് പണിയുന്നത് ആദ്യമാണ്. 269 ചതുരശ്ര കിലോമീറ്റർ വരുന്ന, ഡോക്‌ലാം എന്നും ഡോങ്‌ലോങ് എന്നും അറിയപ്പെടുന്ന പ്രദേശം തങ്ങളുടേതാണെന്നാണ് ചൈനയുടെ അവകാശവാദം. ഏഴ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളുമായി ഇന്ത്യയുടെ മറ്റുഭാഗത്തെ ബന്ധിപ്പിക്കുന്ന മൂലയാണ് ഡോക്‌ലാം. തീവ്രവാദപ്രവർത്തനങ്ങൾ ഏറെ നടക്കുന്ന സംസ്ഥാനങ്ങളും ഇക്കൂട്ടത്തിലുണ്ട്.
 പണ്ടത്തെ പോലെ ഇപ്പോഴും നിനച്ചിരിക്കാതെയാണ് ചൈന ഇന്ത്യയോട് ഏറ്റുമുട്ടലിനെത്തിയിരിക്കുന്നത്. സാമ്പത്തിക, സൈനിക രംഗങ്ങളിൽ കൈവരിച്ചിരിക്കുന്ന കരുത്തുതന്നെയാണ് ഏകപക്ഷീയമായ അവകാശവാദങ്ങൾക്കും കൈയേറ്റങ്ങൾക്കും ചൈനയെ പ്രേരിപ്പിക്കുന്നത്.  ഇന്ത്യയുടെ അമേരിക്കയോടുള്ള അടുപ്പവും ചൈനയെ വിറളിപിടിപ്പിക്കുന്നുണ്ട്. ഡൊണാൾഡ് ട്രംപ് പ്രസിഡന്റായശേഷം ഷി ജിൻപിങ്ങിനെ അമേരിക്കയിൽ സ്വീകരിച്ച് ആദരിച്ചെങ്കിലും അതിനേക്കാൾ സൗഹൃദത്തോടെയാണ് നരേന്ദ്രമോദിയോട് ഇടപെട്ടത്. ഈ സൗഹൃദത്തെ സംശയത്തോടെയാണ് ചൈന കാണുന്നത്. ട്രംപിന്റെ കെണിയിൽ വീഴരുതെന്ന് അവർ ഇന്ത്യക്കുനൽകിയ മുന്നറിയിപ്പ് ഇതിന്റെ സൂചനയാണ്. ഏപ്രലിൽ ദലൈലാമ അരുണാചൽപ്രദേശ് സന്ദർശിച്ചപ്പോൾത്തന്നെ സംഘർഷത്തിന് ചൈന കോപ്പുകൂട്ടിയിരുന്നു.
ആഗോളശക്തികളാകാൻ ശ്രമിക്കുന്ന ചൈനയും ഇന്ത്യയും  തമ്മിലുള്ള സംഘർഷം ആർക്കും ഗുണം ചെയ്യില്ല .ഇന്ത്യയുമായി മാത്രമല്ല മിക്ക അയൽരാജ്യങ്ങൾക്കെതിരെയും അതിർത്തിയുടെ പേരിൽ ഭീഷണി ഉയർത്തിയ ചരിത്രമാണു ചൈനയ്ക്കുള്ളത്. തജിക്കിസ്ഥാൻ, കിർഗിസ്ഥാൻ, വിയറ്റ്നാം, ലാവോസ്, കംബോഡിയ, തായ്‌വാൻ, ജപ്പാൻ തുടങ്ങിയ രാജ്യങ്ങളെല്ലാം അതിർത്തി തർക്കത്തിൽ പെട്ടവരാണ് .പതിമൂന്നു രാജ്യങ്ങളുമായി 22,000 കിലോമീറ്റർ അതിർത്തി പങ്കിടുന്ന രാജ്യമാണു ചൈന. ഇരുരാജ്യങ്ങളും  സംഘർഷത്തിൽ നിന്ന് മാറി സമാധാനത്തിലെയ്ക്ക് വരുന്നതാണ്  നല്ലത്

പ്രൊഫ്. ജോൺ കുരാക്കാർ

...


No comments: