Pages

Sunday, July 16, 2017

കലാലയങ്ങളിലെ കിരാത രാഷ്ട്രീയം അവസാനിപ്പിക്കണം

കലാലയങ്ങളിലെ  കിരാത രാഷ്ട്രീയം 
അവസാനിപ്പിക്കണം

സുൽത്താൻ ബത്തേരി ഡോൺ ബോസ്കോ കോളജിൽ വിദ്യാർത്ഥികൾ നടത്തിയ   അക്രമങ്ങൾ സമീപകാലത്തു കേരളത്തിലെ കലാലയങ്ങളിൽ അരങ്ങേറിയ അതിക്രമങ്ങളിൽ  ഏറ്റവും കിരാതമായ ഒന്നാണ് . എസ്എഫ്ഐ ജില്ലാ കമ്മിറ്റി അംഗമായ ഒരു വിദ്യാർഥിയെ കോളജിൽനിന്നു അച്ചടക്കലംഘനത്തിനു സസ്പെൻഡ് ചെയ്തതിനെത്തുടർന്നാണു പാർട്ടി പ്രവർത്തകരും ഗുണ്ടകളുമടങ്ങുന്ന ഒരു സംഘം കോളജിൽ തേർവാഴ്ച നടത്തിയത്. രണ്ട് അധ്യാപികമാർക്കു പരിക്കേറ്റു. കോളജിലെ മുന്നൂറോളം ജനാലച്ചില്ലുകൾ അടിച്ചുതകർത്തു. കംപ്യൂട്ടറുകൾ, ബയോമെട്രിക് പഞ്ചിംഗ് മെഷീൻ, സ്വിച്ച് ബോർഡുകൾ, നോട്ടീസ് ബോർഡ്, കസേരകൾ, മേശകൾ ഇവയെല്ലാം തല്ലിത്തകർത്തു.
 കോളേജിൽ  കൂടിയ പിടിഎ യോഗം കോളജിൽ നടന്ന അതിക്രമങ്ങളെ ശക്തമായി അപലപിക്കുകയും പോലീസ് കർശനമായ നടപടികൾ എടുക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയുടെ പോഷക സംഘടനയാണ് അക്രമത്തിനു നേതൃത്വം നൽകിയതെന്നതു സംഭവത്തിന്റെ ഗൗരവം വർധിപ്പിക്കുന്നു. കാലം മാറിയതൊന്നും  ഒരുകൂട്ടം യുവാക്കൾ അറിയുന്നില്ല . അടുത്തകാലത്ത്  കേരളത്തിലെ  പല കലാലയങ്ങളിലും അക്രമസംഭവങ്ങളുണ്ടായി. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം പാലക്കാട് വിക്ടോറിയ, എറണാകുളം മഹാരാജാസ്, തൊടുപുഴ ന്യൂമാൻ കോളജുകളിൽ നടന്ന അക്രമങ്ങൾക്കെല്ലാം പിന്നിൽ എസ്എഫ്ഐ ആണെന്നതു ശ്രദ്ധേയമാണ്.
വിദ്യാർത്‌ഥികളിൽ ആവശ്യമില്ലാതെ വിപ്ലവവീര്യം കുത്തിവച്ച് അവരുടെ ഭാവി നശിപ്പിക്കരുത് . കലാലയങ്ങളിൽ നടക്കുന്ന അക്രമങ്ങൾക്ക് വലിയൊരു പരിധിവരെ വിദ്യാർഥി സംഘടനകളുടെ മാതൃസംഘടനകൾക്ക് ഉത്തരവാദിത്വമുണ്ട്. അന്യായവും അക്രമവും നടത്തുന്ന വിദ്യാർഥി, യുവജന പ്രസ്ഥാനങ്ങളെ നിലയ്ക്കുനിർത്താൻ മാതൃപ്രസ്ഥാനങ്ങൾക്കു കഴിയുന്നില്ല .ഇടത്തരം വീടുകളിൽ നിന്ന് വരുന്ന കുട്ടികളാണ് രാഷ്ട്രീയക്കാരുടെ കെണിയിൽ പലപ്പോഴും വീഴുന്നത് .അവർ എന്തുകൊണ്ട്  പാർട്ടിനേതാക്കളുടെ മക്കളെ കണ്ടു പഠിക്കുന്നില്ല .. അവരിൽ ആരെങ്കിലും  വിദ്യാർഥി സംഘടനാ പ്രവർത്തനത്തിനു വരുന്നുണ്ടോ ? അവർ മുന്തിയ സ്വകാര്യ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വിദേശത്തുമൊക്കെ സമരവും അക്രമവും ഇല്ലാത്ത സ്കൂളുകളിലും കോളജുകളിലും പഠിച്ചു നല്ല വിദ്യാഭ്യാസവും ജോലിയും നേടി സുഖമായി ജീവിക്കുന്നു .ഇതൊന്നും അറിയാതെ  കുറെ പാവം കുട്ടികൾ  എറണാകുളം മഹാരാജാസിലെ പിൻസിപ്പലിന്റെ കസേരയിൽ  തീ വയ്ക്കാനും  പാലക്കാടു വിക്ടോറിയയിൽ റിട്ടയർ ചെയ്യുന്ന പ്രിൻസിപ്പലിനു കുഴിമാടം നിർമിക്കാനും ഇറങ്ങി തിരിച്ചിരിക്കുന്നു.. കഷ്‌ടം തന്നെ .!
ഡോൺ ബോസ്കോ കോളജിൽ എന്തു വിദ്യാർഥിവിരുദ്ധതയാണു കോളജ് മാനേജ്മെന്റ് നടത്തിയത്? അച്ചടക്കലംഘനം നടത്തുന്നവർക്കെതിരേ നടപടിയെടുക്കാൻ കോളജ് അധികൃതർക്ക് അവകാശമില്ലേ? ആ അവകാശം ഉപയോഗിച്ചതിന്റെ പേരിൽ പുറത്തുനിന്നുള്ളവരെ കൂട്ടിക്കൊണ്ടുവന്നു കോളജ് അടിച്ചു തകർക്കുന്നതാണോ വിദ്യാർഥി സംഘടനാപ്രവർത്തനം? കേരളത്തിലെ കലാലയങ്ങളിൽ  നിലനിന്നുപോന്ന സമാധാനാന്തരീക്ഷം  തകർക്കരുത് . തകർന്നാൽ വിദ്യാഭ്യാസ മേഖലയാണ് തകരുന്നത് .നമ്മുടെ കുട്ടികളുടെ ഭാവിയാണ് തകരുന്നത് .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: