Pages

Tuesday, June 27, 2017

ലോകത്ത് വർഗ്ഗീയവിഷ കാറ്റ് വിതച്ച് കൊടുങ്കാറ്റ്‌ കൊയ്യുന്നവർ

ലോകത്ത് വർഗ്ഗീയവിഷ കാറ്റ് വിതച്ച്
 കൊടുങ്കാറ്റ്‌ കൊയ്യുന്നവർ
വിദ്വേഷത്തിന്റെയും വെറുപ്പിന്റെയും  അംബാസഡര്‍മാരായി  ചിലർ ഭാരതത്തിലുണ്ട് .അവർ  രാജ്യത്തിന്റെ സാമൂഹിക ചുറ്റുപാടിലുണ്ടാക്കുന്ന ഭീതിജനകമായ അന്തരീക്ഷത്തിന് ദിവസം തോറും ഇരുട്ട് കൂടി വരികയാണ്. ഹരിയാനയില്‍ ബീഫ് തീനിയെന്നാരോപിച്ച് 16കാരനെ ട്രെയിനില്‍ മര്‍ദ്ദിച്ചുകൊന്ന സംഭവം ഇതുവരേയുള്ളതില്‍ ഒടുവിലത്തെ ഉദാഹരണം മാത്രമാണ്. ഭക്ഷണവും വസ്ത്രവും ഭാഷയും വിശ്വാസവുമെല്ലാം അന്യന്റെ ആത്മാഭിമാനത്തെ വ്രണപ്പെടുത്താനും തെരുവില്‍ പേമൃഗങ്ങളെപ്പോലെ തല്ലിച്ചതക്കാനും ജീവന്‍ കവരാനുമുള്ള മാനദണ്ഡങ്ങളായി മാറുന്നതിനെ ലാഘവത്തോടെ കാണാനാകില്ല..

ലോകത്തെ ഏറ്റവുമധികം മതവിദ്വേഷം നിലനിൽക്കുന്ന രാജ്യങ്ങളിൽ ഇന്ത്യ നാലാം സ്ഥാനത്തെന്നു പുതിയ പഠനം. ജനസംഖ്യ, സാമൂഹിക വിഷയങ്ങൾ തുടങ്ങിയവയില്‍ പഠനം നടത്തുന്ന ലോകപ്രശസ്ത അമേരിക്കൻ സംഘടനയായ പ്യൂ റിസർച്ച് സെന്റർ പുറത്തുവിട്ട കണക്കുകൾ പ്രകാരമാണ് ഇത്. 2015 മുതലുള്ള സ്ഥിതിവിവരക്കണക്കുകളെ അടിസ്ഥാനമാക്കിയാണു റിസർച്ച് സെന്റർ ഏറ്റവും പുതിയ റിപ്പോർട്ട് പുറത്തുവിട്ടിരിക്കുന്നത്. മതവിദ്വേഷത്തില്‍ സിറിയയാണ് ഒന്നാം സ്ഥാനത്ത്.മതപരിവർത്തനത്തോടുള്ള അസഹിഷ്ണുത, മതവിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങൾ, മതത്തിന്റെ പേരിലുള്ള കൊലപാതകം, മതതീവ്രവാദ സംഘടനകൾ, മതസംഘടനകളുടെ പ്രവർത്തനം തടയാനുള്ള ശ്രമങ്ങള്‍, മതപരമായ വസ്ത്രധാരണം ലംഘിച്ചതിന്റെ പേരിൽ സ്ത്രീകൾക്ക് നേരേയുള്ള അക്രമങ്ങൾ തുടങ്ങി പതിമൂന്നോളം സൂചകങ്ങളെ അടിസ്ഥാനമാക്കിയാണു പ്യൂ റിസേര്‍ച്ച് സെന്‍റര്‍ പഠനം തയ്യാറാക്കിയിരിക്കുന്നത്.

 മതവിദ്വേഷ നിലപാടിന്റെ കാര്യത്തില്‍ അയൽരാജ്യമായ പാക്കിസ്താൻ പത്താം സ്ഥാനത്തും അഫ്ഗാനിസ്താൻ എട്ടാം സ്ഥാനത്തുമാണെന്നതും ശ്രദ്ധേയമാണ്.പെരുന്നാള്‍ വസ്ത്രങ്ങളും നോമ്പു തുറക്കാനുള്ള വിഭവങ്ങളും വാങ്ങി വരുന്ന മക്കളേയും കാത്തിരുന്ന, ഫരിദാബാദ് സ്വദേശിയായ ഒരു ഉമ്മയുടെ മുമ്പിലേക്കാണ് വ്യാഴാഴ്ച ചേതനയറ്റ മകന്റെ ശരീരം കൊണ്ടുചെന്നു വച്ചത്. അതും 16 വയസ്സ് മാത്രം പ്രായമുള്ള ജുനൈദ് എന്ന ബാലന്റെ. സഹോദരന്‍ ഹസീബിനൊപ്പം ഡല്‍ഹിയില്‍നിന്ന് സാധനങ്ങളും വാങ്ങി ട്രെയിനില്‍ നാടുപിടിക്കാനുള്ള തത്രപ്പാടിലായിരുന്നു ജുനൈദ്. തിരക്കേറിയ ട്രെയിനില്‍ 15ഓളം വരുന്ന സംഘം മതവിദ്വേഷം മാത്രം അടിസ്ഥാനമാക്കി അധിക്ഷേപിക്കുകയും പിന്നീട് അക്രമത്തിന് മുതിരുകയുമായിരുന്നു. ബീഫ് കൈവശം വച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും മര്‍ദ്ദനം തുടര്‍ന്നു. മതത്തിന്റെയും വസ്ത്രധാരണത്തിന്റെയും പേരിലാണ് ഈ കൊലപാതകവും അക്രമവും നടന്നത് എന്നുവേണംകരുതാൻ .മതപരിവർത്തനത്തോടുള്ള അസഹിഷ്ണുത, മതവിദ്വേഷത്തിന്റെ അടിസ്ഥാനത്തിലുള്ള കുറ്റകൃത്യങ്ങൾ, മതത്തിന്റെ പേരിലുള്ള കൊലപാതകം ഇവയൊക്കെ ഭാരതത്തിൽ വർദ്ധിച്ചുവരികയാണ് .

 2014-വരെ  ഇന്ത്യയുടെ സാമൂഹികാന്തരീക്ഷം വളരെയധികം മെച്ചപ്പെട്ടതായിരുന്നു എന്നും 2015-നു ശേഷമുള്ള കണക്കുകൾ അനുസരിച്ചാണു ഇന്ത്യയിലെ വിവിധവിഭാഗങ്ങൾ തമ്മിലുള്ള വിദ്വേഷം ഇത്രയധികം വർദ്ധിച്ചതെന്നും പ്യൂ റിസർച്ച് സെന്ററിന്റെ പഠനം വ്യക്തമാക്കുന്നു .ഭാരതത്തിൽ ഹൈന്ദവർ ഭൂരിപക്ഷമാണെങ്കിൽ  മറ്റ് പല രാജ്യങ്ങളിലും അവർ ന്യൂനപക്ഷമാണ് .ഇന്ത്യയില്‍ 80% ഹിന്ദുവും 13.4 മുസ്‌ലിമും 2.3% ക്രിസ്ത്യനും ആണെങ്കില്‍ ഇന്തോനേഷ്യയില്‍ 88% മുസ്‌ലിംകളും 9% ക്രിസ്ത്യാനികളും 3% ഹിന്ദുക്കളും 2% ബുദ്ധരുമാണ്. പാശ്ചാത്യ രാജ്യങ്ങളിൽക്രൈസ്‌തവർ മാഹാഭൂരിപക്ഷമാണ് .തീവ്ര ഹൈന്ദവ സംഘടനകൾ ക്രൈസ്തവ ദേവാലയങ്ങൾ ആക്രമിക്കുക
 പല സംസ്ഥാനങ്ങളിലും ഒരു നിത്യ സംഭവമായി മാറിയിട്ടുണ്ട് . രാജ്യത്തു ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ വ്യാപകമാകുകയാണ്. കഴിഞ്ഞ വര്‍ഷം ഭാരതത്തില്‍ വിവിധതരം പീഡനങ്ങള്‍ നേരിടേണ്ടി വന്ന ക്രൈസ്തവരുടെ എണ്ണം 12,000-ല്‍ അധികമാണെന്ന് മുംബൈ ആസ്ഥാനമായ കാത്തലിക് സെക്കുലര്‍ ഫോറം  റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നു .കേരളത്തിലും ചില മത മൗലിക ഭ്രാന്തന്മാര്‍ അഴിഞ്ഞാടുന്നുണ്ട് .ഏതാനം വർഷം മുൻപ്‌ ന്യൂമാന്‍ കോളേജ് അധ്യാപകന്‍ ജോസഫ് സാറിന്റെ കൈ മുസ്ലിം മത മൗലിക ഭ്രാന്തന്മാര്‍ വെട്ടിയെടുത്ത സംഭവം  നമുക്ക് മറക്കാനാവില്ല .അന്ധമായ മത ബോധം തന്നെയാണ്‌ പല  അതിക്രമങ്ങൾക്കും കാരണം .ബഹുഭൂരിപക്ഷം  മുസ്‌ലിം രാഷ്ട്രങ്ങളിലുമുള്ളത് മതേതര ഭരണകൂടങ്ങളാണ്, മതേതര സര്‍ക്കാറിന് കീഴിലാണ് ലോകത്തെ ഭൂരിപക്ഷ മുസ്‌ലിംകളും ജീവിക്കുന്നത്. ലോകത്ത്  ഒരിടത്ത് വിതക്കുന്ന വർഗ്ഗീയ വിഷക്കാറ്റ് മറ്റൊരിടത്ത് അവർക്കെതിരെയുള്ള  കൊടുങ്കാറ്റായി മാറിയേക്കാം  എന്ന് ഓർക്കുന്നത് നന്ന് .

പ്രൊഫ്. ജോൺ കുരാക്കാർ


No comments: