Pages

Friday, June 9, 2017

കേരളത്തിലെ ആദിവാസി സമൂഹം ഇന്നും യാതനകളിൽ തന്നെ

കേരളത്തിലെ ആദിവാസി സമൂഹം
ഇന്നും യാതനകളിൽ തന്നെ

കേരളത്തിലെ ആദിവാസി സമൂഹം ഇന്നും അർഹമായ അവകാശങ്ങൾക്കായി കൈനീട്ടി നിൽക്കേണ്ട അവസ്ഥയിലാണ്‌.സംസ്ഥാനം പിറന്നിട്ട്‌ ആറുപതിറ്റാണ്ടു കഴിഞ്ഞിട്ടും പ്രാചീനമായ ഒരു ജനവിഭാഗം യാതനകളിലാണ് കഴിയുന്നത് .അട്ടപ്പാടിയിൽ കഴിയുന്ന കുറുമ്പർ മുഡുഗർ  ഇരുളർ  തുടങ്ങിയ ഗോത്രസമൂഹത്തോട്‌ നമ്മുടെ ഭരണസംവിധാനവും പൊതുസമൂഹവും പുലർത്തുന്ന ഉദാസീനത കാണാതിരിക്കാനാവില്ല .തലമുറകളായി തങ്ങൾ ജീവിച്ചുവന്ന പ്രദേശത്ത് സംരക്ഷിക്കേണ്ടവരുടെ തന്നെകടന്നുകയറ്റത്താൽ അന്യരായിത്തീരുന്ന അവസ്ഥയിലാണവർ .  ഇന്ന്, മുപ്പത്തിമൂവായിരത്തിനടുത്ത് അംഗസംഖ്യയുള്ള ഈ സമൂഹം 192 ഊരുകളിലായി മലമടക്കുകളിൽ അധിവസിക്കുന്നു. പതിനായിരത്തോളം ആദിവാസി കുടുംബങ്ങളാണ് 745 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള അട്ടപ്പാടിയിലുള്ളത്. സ്വന്തംഭൂമി കൈയേറിപ്പോയതിനാൽ അഷ്ടിക്ക് വകയില്ലാതെ സർക്കാരിന്റെ ഔദാര്യം ആശ്രയിച്ച് ജീവിക്കുന്നവർ നിരവധിയാണ്.
ആദിവാസികളുടെ ഭൂമി ആര് കയ്യേറിയാലും വാങ്ങിയാലും അത് കുറ്റകരമാണെന്നും അത് അവര്‍ക്ക് തന്നെ കൈമാറണമെന്നും സുപ്രീം‌കോടതി വിധിയുണ്ട് . ആദിവാസികളുടെ ഭൂമി അവര്‍ക്ക് തന്നെ നല്‍കണമെന്ന കേരളാ ഹൈക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതി ശരിവച്ചു. നിഷ്‌കളങ്കതകൊണ്ടും അറിവില്ലായ്മകൊണ്ടു മാണ് ആദിവാസികളുടെ ഭൂമി അവർക്ക് നഷ്‌ടമായത്‌ .ഭൂമി നഷ്ടമായതോടെയാണ് അട്ടപ്പാടിയിലെ ആദിവാസികളുടെ ജീവിതത്തിനും   താളം തെറ്റി. കൃഷിചെയ്തും മൃഗങ്ങളെ വളർത്തിയും ഉപജീവനം കഴിച്ചിരുന്ന അവരുടെ അന്നം മുട്ടി. പലരും സ്വന്തംഭൂമിയിൽ കൈയേറ്റക്കാരനുവേണ്ടി കൂലിപ്പണി ചെയ്യുന്നു. കൃഷിയും മൃഗപരിപാലനവും ചെയ്യാനാവാതെ വന്നതോടെ ആദിവാസികളുടെ ഭക്ഷണരീതിയിലും മാറ്റം വന്നു.
ആഹാരരീതിയിലുണ്ടായ മാറ്റം അട്ടപ്പാടിയിലെ ആദിവാസികളിൽ പ്രത്യേകിച്ച് കുട്ടികളിലും ഗർഭിണികളുൾപ്പെടെയുള്ള സ്ത്രീകളിലും പോഷകാഹാരക്കുറവിനിടയാക്കിയിട്ടുണ്ട്‌.  അട്ടപ്പാടിയിൽ  ശിശുമരണങ്ങൾ വ്യാപകമായി.ക്രമേണ എല്ലാത്തരം ചൂഷണങ്ങൾക്കും ഇരകളായ ആദിവാസിസ്ത്രീകളിലും യുവാക്കളിലും മദ്യമടക്കമുള്ളലഹരിയുപയോഗവും കൂടി.  പൊതുസമൂഹത്തിന്റെ കടന്നുകയറ്റം അട്ടപ്പാടിയുടെ പരിസ്ഥിതിയെ പൂർണമായി നശിപ്പിക്കുന്ന തരത്തിലേക്കാണ് എത്തിയത്. ആദിവാസികൾക്കുവേണ്ടി കേന്ദ്ര, സംസ്ഥാന സർക്കാരുകൾ വൻതോതിൽ പണം ചെലവഴിക്കുന്നുണ്ട്. അത് അവരിലേക്കെത്തുന്നു എന്നുറപ്പാക്കാൻ സർക്കാരിനാവണം. അട്ടപ്പാടിയിലെ പുഴകളും കുന്നുകളും വീണ്ടെടുത്ത് ആദിവാസികൾക്ക് നൽകി, ശാന്തമായി സമാധാനത്തോടെ അവർക്ക് സ്വന്തംകാലിൽ നിന്ന് നിന്ന് ജീവിക്കാൻ സാഹചര്യം ഒരുക്കേണ്ടത് ജനാധിപത്യകേരളത്തിന്റെ കടമയാണ് .
കേരളത്തിന്റെ ജീവിത നിലവാരം ഉയര്‍ന്നു എന്ന് നാം അഭിമാനപൂര്‍വം പറയുമ്പോഴും ആദിവാസികളുടേയും പട്ടികജാതിയുടേയും പിന്നോക്ക വിഭാഗക്കാരുടെ ജീവിതം കൂടി വിലയിരുത്തണം .ഇന്ത്യയില്‍ ശിശുമരണ നിരക്ക് ഏറ്റവും കുറഞ്ഞ സംസ്ഥാനമാണ് കേരളം. പക്ഷെ അടുത്ത കാലത്ത്‌ ആദിവാസി ഊരുകളില്‍ 56 കുട്ടികള്‍ മരിച്ചു എന്നത് മറക്കരുത്. ആദിവാസികളുടെ ഭൂമിയും ജീവിതവും കുടിയേറ്റക്കാര്‍ കവര്‍ന്നെടുക്കുകയും തടയേണ്ട സര്‍ക്കാര്‍ കയ്യേറിയവര്‍ക്കായി അനുകൂലമായ തീരുമാനങ്ങളെടുക്കുകയും ചെയ്യുമ്പോള്‍ ഒരു ജനതയേയും അവരുടെ സംസ്‌ക്കാരത്തേയും തകർക്കുകയാണ് എന്ന് തിരിച്ചറിയണം .ആയുർദൈർഘ്യം കൂടിയ ഈകാലഘട്ടത്തിൽ  ആദിവാസികളുടെ ജീവിത ദൈര്‍ഘ്യം വളരെ കുറഞ്ഞു വരികയാണ് .  ചികിത്സിക്കാന്‍ മികച്ച ആശുപത്രികളില്ല, പഠിക്കാന്‍ നല്ല വിദ്യാഭ്യാസ സ്ഥാപനങ്ങളില്ല. ഇനിയൊരു ലഹളയിലേക്കു അവരെ വലിച്ചിഴക്കരുത് ..അന്യാധീനപ്പെട്ട ഭൂമി അവര്‍ക്ക് തിരിച്ച് കൊടുക്കണം .
പലര്‍ക്കും ഇപ്പോഴും കടലാസില്‍ മാത്രമാണ് ഭൂമി. ലഭിച്ച ഭൂമി എവിടെയാണെന്നറിയാത്ത ആദിവാസികളുമുണ്ട്. ചിലയിടങ്ങളില്‍ ആദിവാസികളെ തുരത്തി ഉദ്യോഗസ്ഥരും ഭൂമാഫിയകളും ഭൂമി കൈയേറി. ആദിവാസി പുനരധിവാസ മിഷന്‍ നിലവില്‍ വന്നിട്ടും ആദിവാസികള്‍ ഇപ്പോഴും ഭൂമിക്കായി കേഴുന്നു .പലരും തലചായ്ക്കാന്‍ ഇടമില്ലാതെ ദുരിത ജീവിതം നയിക്കുന്നു.ആദിവാസി ക്ഷേമപ്രവര്‍ത്തനങ്ങള്‍  യഥാസമയം നടക്കുന്നുണ്ടന്നു സർക്കാർ ഉറപ്പാക്കണം .ഭൂമിക്കുവേണ്ടിയുള്ള  ആദിവാസികളുടെ കാത്തിരിപ്പ് അനന്തമായി തുടരുകയാണ്. അവരുടെ യാതനകൾ എന്ന് അവസാനിക്കും,?


പ്രൊഫ്. ജോൺ കുരാക്കാർ

No comments: