Pages

Friday, June 30, 2017

പ്രധാനമന്ത്രി പ്രസ്താവനയ്ക്കപ്പുറം ശക്തമായ നിലപാടുകളെടുക്കണം: എസ്‌ സുധാകർ റെഡ്ഡി

പ്രധാനമന്ത്രി പ്രസ്താവനയ്ക്കപ്പുറം ശക്തമായ നിലപാടുകളെടുക്കണം: എസ്സുധാകർ റെഡ്ഡി


രാജ്യം സജീവമായി ചർച്ച ചെയ്യുന്ന വിഷയത്തെ കുറിച്ച്‌ വൈകിയാണെങ്കിലും പരസ്യ പ്രതികരണത്തിന്‌ മുതിർന്ന പ്രധാനമന്ത്രിയുടെ നിലപാട്‌ സ്വാഗതാർഹമാണെങ്കിലും പ്രസ്താവനയ്ക്കപ്പുറം ശക്തമായ നിലപാടാണ്‌ ഉണ്ടാകേണ്ടതെന്ന്‌ സിപിഐ ജനറൽ സെക്രട്ടറി എസ്‌ സുധാകർ റെഡ്ഡി നരേന്ദ്രമോഡിക്കയച്ച തുറന്ന കത്തിൽ ആവശ്യപ്പെട്ടു.
പശുവിന്റെ പേരിൽ ആളുകളെ കൊല്ലുന്ന ഗോസംരക്ഷകരുടെ നീക്കത്തിനെതിരെ ശക്തമായ താക്കീത്‌ നൽകുകയും നിയമം കയ്യിലെടുക്കാനുള്ള നീക്കം അനുവദിക്കില്ലെന്ന്‌ പ്രഖ്യാപിക്കുകയും ചെയ്ത്‌ ഇന്നലെ പ്രധാനമന്ത്രി നടത്തിയ പ്രസ്താവന സന്തോഷകരമാണ്‌. കഴിഞ്ഞ ഒരു വർഷത്തിനിടെ നാലാം തവണയാണ്‌ പ്രധാനമന്ത്രി ഇതുസംബന്ധിച്ച പ്രസ്താവന നടത്തുന്നത്‌. എന്നാൽ യാതൊരു നടപടികളുമുണ്ടാകുന്നില്ല. കഴിഞ്ഞ ഒരു വർഷത്തിനിടെ ആൾക്കൂട്ടത്തിന്റെ അതിക്രമത്തിനിരയായത്‌ 28 പേരാണ്‌. അവരെല്ലാം തന്നെ മുസ്ലിം ന്യൂനപക്ഷ സമുദായത്തിൽപ്പെട്ടവരുമാണ്‌. ഇതേ കാരണത്താൽ പകൽ വെളിച്ചത്തിൽ തീവണ്ടിയിൽ വച്ചുള്ള അക്രമത്തിലാണ്‌ ജുനൈദ്‌ എന്ന യുവാവ്‌ കൊല്ലപ്പെട്ടത്‌.
പ്രധാനമന്ത്രിയുടെ ഉൾപ്പെടെ ശക്തമായ താക്കീതുണ്ടായിട്ടും ഗോസംരക്ഷകരെന്ന പേരിൽ സാമൂഹ്യ വിരുദ്ധർ എങ്ങനെയാണ്‌ ധൈര്യം നേടുന്നതെന്നും കൊലപാതകങ്ങളും കൊള്ളയും നടത്തുന്നതെന്നും രാജ്യം അത്ഭുതത്തോടെയാണ്‌ നോക്കിക്കാണുന്നത്‌. രാജസ്ഥാനിൽ ബിജെപി മന്ത്രിമാരും വിവിധ സംസ്ഥാനങ്ങളിലെ ഉദ്യോഗസ്ഥരും അവരുടെ പ്രസ്താവനകളിലൂടെ നേരിട്ടോ അല്ലാതെയോ ഗോസംരക്ഷകരെ പിന്തുണയ്ക്കുന്ന സമീപനമാണ്‌ സ്വീകരിക്കുന്നതെന്നു മാത്രമല്ല, ഇരകൾക്കെതിരായാണ്‌ പലപ്പോഴും കേസുകൾ ചുമത്തപ്പെടുന്നത്‌. ഗോസംരക്ഷണത്തിന്റെ പേരിലോ ദളിതർക്കെതിരായോ നടന്ന അതിക്രമത്തിന്റെ പേരിൽ നാളിതുവരെ ഒരു കേസിൽ പോലും ഒരാൾ പോലും ശിക്ഷിക്കപ്പെട്ടിട്ടില്ല.
മധ്യകാലഘട്ടത്തിലെ നാടുവാഴികളെപോലെയാണ്‌ 21 ാ‍ം നൂറ്റാണ്ടിൽ ജനാധിപത്യ സംവിധാനത്തിലും ഭരണാധികാരികൾ പ്രത്യേകിച്ച്‌ ബിജെപി ഭരിക്കുന്ന സംസ്ഥാന ഭരണാധികാരികൾ പെരുമാറുന്നത്‌. ഇതു കേവലം ക്രമസമാധാന പ്രശ്നം മാത്രമല്ല. സമൂഹത്തിലെ ഒരു പ്രത്യേക വിഭാഗത്തെ അക്രമിക്കുന്നതിനും ഭീഷണിപ്പെടുത്തി രണ്ടാംതരം പൗരന്മാരാക്കുന്നതിന്‌ അവരെ നിർബന്ധിക്കുന്നതിനും ഗോസുരക്ഷയുടെ പേരിൽ ഒരു വിഭാഗം സാമൂഹ്യ വിരുദ്ധ ശക്തികൾ ശ്രമിക്കുകയാണ്‌. യഥാർത്ഥത്തിൽ ശക്തമായ നടപടികളുണ്ടാകുന്നുവെങ്കിൽ ഒറ്റയടിക്ക്‌ ഇത്തരം കൊലപാതക ശ്രമങ്ങളിൽ നിന്ന്‌ അവരെ നിലയ്ക്കു നിർത്താനാകുന്നതാണ്‌. അതുകൊണ്ട്‌ പ്രധാനമന്ത്രിയെന്ന നിലയിൽ പ്രസ്താവനയ്ക്കപ്പുറം പ്രായോഗിക തലത്തിൽ ശക്തമായ നിലപാടുകളെടുക്കണമെന്ന്‌ സുധാകർ റെഡ്ഡി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയെന്ന പദവി ഉപയോഗിച്ചാൽ തന്നെ രാജ്യത്ത്‌ ഗോസംരക്ഷകരെന്ന പേരിൽ അതിക്രമം നടത്തുന്നവരെ നിയന്ത്രിക്കാനാവുമെന്നതിൽ സംശയമില്ലെന്നും അദ്ദേഹം കത്തിൽ ചൂണ്ടിക്കാട്ടി.
Prof. John Kurakar

No comments: