Pages

Sunday, June 4, 2017

ഭയം വേണ്ടാ ,ചുക്കുകഷായമുണ്ട്, ഇരുന്പു വിഴുങ്ങിക്കോളൂ

ഭയം വേണ്ടാ ,ചുക്കുകഷായമുണ്ട്, ഇരുന്പു വിഴുങ്ങിക്കോളൂ

ഇടതുസര്ക്കാരിന്റെ നയം മദ്യനിരോധനമല്ല ,ബോധവത്കരണത്തിലൂടെ മദ്യവർജനം നടപ്പാക്കുമെന്നാണ് അവർ പറയുന്നത് .സുപ്രീം കോടതിയുടെ ഉത്തരവിനെത്തുടർന്ന്‌ പൂട്ടിയ ദേശീയ-സംസ്ഥാന പാതയോരങ്ങളിലെ മദ്യശാലകളിൽ ചിലതിന്‌ വീണ്ടും തുറന്നു പ്രവർത്തിക്കാൻ അനുമതി ലഭിച്ചത്‌ ജനങ്ങൾക്കിടയിൽ ആശയക്കുഴപ്പം സൃഷ്ടിച്ചിരിക്കുകയാണ് . ദേശീയപാതയുടെയും സംസ്ഥാനപാതയുടെയും 500 മീറ്റർ ചുറ്റളവിൽ മദ്യവില്പനശാലകൾ പാടില്ലെന്ന്‌ 2016 ഡിസംബറിലാണസുപ്രീം കോടതി വിധിച്ചത്‌. മിക്ക മദ്യക്കടകളും ദേശീയ-സംസ്ഥാന പാതകൾക്കരികിലായതിനാൽ ഇളവ്‌ ആവശ്യപ്പെട്ട്‌ കേരളം ഉൾെപ്പടെയുള്ള സംസ്ഥാനങ്ങൾ സുപ്രീം കോടതിയെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല. മദ്യവില്പനയിൽനിന്ന്‌ കിട്ടുന്ന വരുമാനമല്ല മനുഷ്യജീവനാണ്‌ പ്രധാനം എന്ന്‌ കരുതിയതുകൊണ്ടാണ്  സുപ്രീം കോടതി ആ ഹർജികൾ തള്ളിക്കളഞ്ഞത്‌ .അവസാനം പാതയോരത്തെ മദ്യക്കടകൾ മാറ്റേണ്ടിവന്നു.
ഇപ്പോൾ കോടതി നിയമത്തെ  മറികടക്കാൻ സംസ്ഥാന സർക്കാർ ഓർഡിനൻസ്  കൊണ്ടുവന്നിരിക്കുകയാണ് .ഇപ്പോൾ  ദേശീയപാതയിൽ തിരുവനന്തപുരം-ചേർത്തല, കുറ്റിപ്പുറംവളപട്ടണം ഭാഗങ്ങളിൽ ചില മദ്യശാലകൾക്ക്‌ ഹൈക്കോടതി പ്രവർത്തനാനുമതി യും നൽകിയിരിക്കുകയാണ് . ദേശീയപാത അതോറിറ്റിക്കുകീഴിൽ വരുന്ന പാതകൾ ഈ മേഖലകളിൽ ഇല്ലെന്നു വ്യക്തമാക്കി 2014 മാർച്ച്‌ അഞ്ചിനും ഓഗസ്റ്റ്‌ 14-നും കേന്ദ്ര ഉപരിതലഗതാഗത മന്ത്രാലയം ഇറക്കിയ വിജ്ഞാപനങ്ങളുടെ അടിസ്ഥാനത്തിലാണ്‌ കേരള ഹൈക്കോടതിവിധി. ആ വിജ്ഞാപനങ്ങൾ ഹാജരാക്കി കോടതിയെ സമീപിച്ച ബാർഹോട്ടൽ ഉടമകൾക്കാണ്‌ മദ്യശാലകൾ തുറക്കാൻ അനുമതി കിട്ടിയത്‌.
 മദ്യനിരോധനം പ്രായോഗികമല്ലന്നാണ് സർക്കാരിൻറെ നിലപാട് . ബോധവത്കരണത്തിലൂടെ മദ്യവർജനം നടപ്പാക്കുമെന്നു പറയുന്നു. മദ്യം സുലഭമായി  കഴിക്കാൻ വഴിനീളെ അവസരം നൽകിയിട്ട് ബോധവൽക്കരത്തിലൂടെ മദ്യവർജ്ജനം നടപ്പാക്കുമെന്നുപറയുന്നത് "ചുക്കുകഷായമുണ്ട്, ഇരുന്പു വിഴുങ്ങിക്കോളൂ എന്നു പറയുന്നതുപോലെയാണ് ". ജനങ്ങൾക്കു ദോഷകരമായ ഹൈക്കോടതി തീരുമാനത്തിൽ സർക്കാർ അപ്പീൽ നടപടികൾ സ്വീകരിക്കേണ്ടതായിരുന്നു . മദ്യക്കച്ചവടക്കാർക്ക് അനുകൂലമായ നടപടിയാണ് സർക്കാരിൽനിന്ന് ഉണ്ടായത് .മദ്യപാനത്തിൻറെ തിക്തഫലങ്ങൾ അനുഭവിക്കുന്നത് കുടുംബത്തിലെ സ്ത്രീകളും കുട്ടികളുമാണ് . ഒരു വർഷം കാത്തിരുന്നശേഷം സംസ്ഥാന സർക്കാർ ഇപ്പോൾ കൊണ്ടുവരുന്ന മദ്യനയത്തിന്റെ അനന്തരഫലങ്ങൾ ഓർത്ത് സംസ്ഥാനത്തെ പാവപെട്ട  ജനങ്ങൾ  അസ്വസ്ഥരാണ് സ്ത്രീകളുടെയും കുട്ടികളുടെയും, ക്ഷേമത്തിൽ താത്പര്യമുള്ള ഒരു സർക്കാരിന് ഇപ്പോഴത്തെ നടപടി ഭൂഷണമല്ല .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: