Pages

Wednesday, June 7, 2017

ഗൾഫ് പ്രതിസന്ധി സംഘർഷത്തിലേക്ക് നീങ്ങരുത്

ഗൾഫ്  പ്രതിസന്ധി 
സംഘർഷത്തിലേക്ക് നീങ്ങരുത്

സൗദിയടക്കമുള്ള അറബ് രാജ്യങ്ങൾ ഖത്തറുമായുള്ള നയതന്ത്ര ബന്ധം ഉപേക്ഷിക്കാൻ തീരുമാനിച്ചതോടെ  ഗൾഫ്‌മേഖലയിൽ ആശങ്കയുളവായിരിക്കുകയാണ് .ഭീകരപ്രസ്ഥാനങ്ങളെ സഹായിക്കുന്നു എന്ന് ആരോപിച്ചാണ് സൗദി അറേബ്യ, ബഹ്റൈൻ, യു.എ.ഇ., ഈജിപ്ത്, യെമെൻ എന്നീ രാജ്യങ്ങൾ ഖത്തറുമായുള്ള ബന്ധം വിച്ഛേദിച്ചത്. ആഗോള സമ്പദ്വ്യവസ്ഥയിൽ  ദൂരവ്യാപക ഫലമുണ്ടാക്കാവുന്ന നീക്കമാണിത്. പെട്ടന്ന് ഉടലെടുത്ത ഈ പ്രതിസന്ധി ഖത്തറിലെ ആറുലക്ഷത്തോളം വരുന്ന ഇന്ത്യക്കാരിൽ ആശങ്കയുളവാക്കിയിട്ടുണ്ട്. ഭീകരതയോടുള്ള പോരാട്ടത്തിൽ ഇസ്ലാമിക രാജ്യങ്ങൾ ഒന്നിക്കണമെന്ന് യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ആഹ്വാനംചെയ്ത് രണ്ടാഴ്ച കഴിയുമ്പോഴാണ്  ഗൾഫ് മേഖലയിൽനിന്ന് ഭിന്നതയുടെ സ്വരമുയർന്നിരിക്കുന്നത്.
ഖത്തർ ഭീകരസംഘടനകളെ സഹായിക്കുന്നുവെന്നും സർക്കാർ ഉടമസ്ഥതയിലുള്ള അൽ ജസീറ ചാനൽവഴി ഈ സംഘടനകളുടെ ആശയങ്ങൾ പ്രചരിപ്പിക്കുന്നുവെന്നുമാണ് സൗദിയുടെ ആരോപണം.ഖത്തർ  നയതന്ത്രജ്ഞർ 48 മണിക്കൂറിനകവും പൗരന്മാർ രണ്ടാഴ്ചയ്ക്കകവും രാജ്യംവിട്ടുപോകണമെന്നാണ് സൗദി, യു.എ.ഇ., ബഹ്റൈൻ എന്നീ രാജ്യങ്ങൾ ഉത്തരവിട്ടിരിക്കുന്നത്.പക്ഷപാതിത്വമില്ലാത്ത വിദേശനയം പിന്തുടരുമ്പോഴും ഇറാനോട് സൗമനസ്യംകാട്ടുന്ന രാജ്യമാണ് ഖത്തർ. ഇറാനോടുള്ള അമേരിക്കയുടെ ശത്രുതാമനോഭാവത്തെ വിമർശിച്ച് ഖത്തറിന്റെ ഔദ്യോഗിക വാർത്താ ഏജൻസിയിൽ അടുത്തിടെ ചില പ്രസ്താവനകൾ  നടത്തിയിരുന്നതായി പറയുന്നു .പ്രശ്നപരിഹാരത്തിന് തുറന്നചർച്ചയ്ക്ക്  രാജ്യങ്ങൾ തയാറാകുകയാണ് വേണ്ടത്
ഗൾഫ് പ്രതിസന്ധി  സംഘർഷം തുടർന്നാൽ ,ഭീകരതയോടുള്ള അമേരിക്കയുടെ പോരാട്ടത്തെയാവും ഇത് ആദ്യം ബാധിക്കുക. യു.എസ്. സേനയുടെ പശ്ചിമേഷ്യയിലെ സെൻട്രൽ കമാൻഡിന്റെ ആസ്ഥാനം ഖത്തറിലാണ്.... ഇറാഖിലും സിറിയയിലും ഐ.എസിനുനേരേ പോരാടുന്ന അമേരിക്കൻ വ്യോമസേനയുടെ കേന്ദ്രവും ഇവിടെയാണ്.പ്രതിസന്ധി തുടർന്നാൽ നമ്മുടെ പ്രവാസികളെ  സാരമായി ബാധിക്കും .മുംബൈയിലും തെക്കേ ഇന്ത്യയിലും നിന്നുള്ള വ്യോമഗതാഗതത്തിന്റെ ചെലവ് കൂടും. ബഹ്റൈനും സൗദിയും വ്യോമപാത ഉപയോഗിക്കാൻ അനുവദിക്കാതിരുന്നാൽ ഇറാനിലെത്തിഅവിടെനിന്ന് ദോഹയിലേക്ക് പറക്കേണ്ടിവരുമെന്നതാണ് ഇതിനുകാരണം.
ഇന്ത്യയ്ക്കും ഇന്ത്യക്കാർക്കും ആകുലപ്പെടേണ്ട സാഹചര്യമില്ലെന്നാണ് വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഉറപ്പുനൽകിയിരിക്കുന്നത്. രണ്ടുവർഷം മുമ്പെന്നതുപോലെ ഖത്തറും എതിർകക്ഷികളുമായുള്ള ചർച്ചയ്ക്ക് മധ്യസ്ഥതവഹിക്കാൻ കുവൈത്ത് സന്നദ്ധത അറിയിച്ചിട്ടുണ്ട്. ആഭ്യന്തര, അന്താരാഷ്ട്ര രംഗങ്ങളെ ബാധിക്കുംമുമ്പ് ഇപ്പോഴത്തെ പ്രതിസന്ധി ചർച്ചകളിലൂടെ പരിഹരിക്കപ്പെടുമെന്ന് ആശിക്കാം.സൗദിയടക്കമുള്ള രാജ്യങ്ങൾ സ്വദേശിവത്കരണം തുടരുമ്പോൾ പ്രവാസിതൊഴിലാളികൾക്ക് ആശ്വാസമായിരുന്നത് ഖത്തറാണ്. 2022-ലെ ഫുട്ബോൾ ലോകകപ്പിന് ആതിഥേയത്വം വഹിക്കാൻ ഒരുങ്ങുന്ന ഖത്തറിലെ നിർമാണമേഖലയിൽ മലയാളികളടക്കം ഒട്ടേറെ ഇന്ത്യക്കാരാണ് ജോലിചെയ്യുന്നത് ഇപ്പോഴത്തെ നയതന്ത്ര പ്രതിസന്ധി, ഏതെങ്കിലും രീതിയിൽ സംഘർഷത്തിലേക്ക് നീങ്ങിയാൽ പ്രവാസി ഇന്ത്യക്കാരെ സഹായിക്കാൻ വേണ്ട അടിയന്തര നടപടികൾ സ്വീകരിക്കുന്നതിന് സജ്ജമായിരിക്കാനും കേന്ദ്രസർക്കാർ തീരുമാനിച്ചിട്ടുണ്ടെന്നും സുഷമാ സ്വരാജ് വ്യക്തമാക്കി.ഖത്തർ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ നോർക്ക ഖത്തറിലെ മലയാളികളുടെ വിവരങ്ങൾ ശേഖരിക്കുന്നു. ഖത്തറിലുള്ള ആറര ലക്ഷം ഇന്ത്യക്കാരിൽ മൂന്നു ലക്ഷത്തോളം പേർ മലയാളികളാണ്. ഖത്തറിൽ ജോലി ചെയ്യുന്നഭാരതീയരുടെ സുരക്ഷ ഉറപ്പാക്കാനും ആശങ്കകൾ പരിഹരിക്കാനും കേന്ദ്ര സർക്കാർ യഥാസമയം ഇടപെടുമെന്ന്  കരുതുന്നു.


പ്രൊഫ്. ജോൺ കുരാക്കാർ .

No comments: