Pages

Tuesday, June 6, 2017

മഴയെത്തി അതിവേഗം പനികളുമെത്തി

മഴയെത്തി അതിവേഗം 
പനികളുമെത്തി

കഴിഞ്ഞ കുറെ വർഷങ്ങളായി ഓരോ മഴക്കാലവും പുതിയ പുതിയ പനികളുടെ പേരിൽ കേരളത്തെ ഭീതിയുടെ മുൾമുനയിൽ തളച്ചിടുകയാണ്. കൊതുകു വളർത്തൽ കേന്ദ്രങ്ങളായി കേരളത്തിൻറെ പല പ്രദേശങ്ങളും മാറിക്കഴിഞ്ഞതോടെ പകർച്ച പനികളും വ്യാപകമായി . വര്ധി ച്ച ജനസാന്ദ്രതയും മാലിന്യംനിറഞ്ഞ ജലസമ്പത്തും കൊതുകുകളുടെ വ്യാപനത്തെ എളുപ്പമാക്കിതീർക്കുകയും ചെയ്തിരിക്കുന്നു. കൊതുകുനിവാരണത്തിനുള്ള ഉചിതമായ മാര്ഗം കൊതുകുകളുടെ പ്രജനകേന്ദ്രങ്ങള് ഇല്ലാതാക്കുകയാണ്.മാരകമായ പകര്ച്ചവ്യാധികൾ ഉൾപെടെ  പലതരത്തിലുള്ള പനികളും കൊതുകുകള് പരത്താറുണ്ട്.എവിടെയും ചിതറിക്കിടക്കുന്ന അഴുകുന്നതും അഴുകാത്തതുമായ മാലിന്യങ്ങൾ കൊതുകിന്റെ ആവാസകേന്ദ്രങ്ങളാണ് .
.കൊതുകു പരത്തുന്ന രോഗങ്ങളിൽ ഏറ്റവും മാരകമായ ഒന്നാണ് ഡെങ്കിപ്പനി .ലോകത്ത് പ്രതിവര്ഷം 10 കോടിയോളം പേര്ക്ക്  ഡെങ്കിപ്പനി പിടിപെടുന്നതായി ലോകാരോഗ്യസംഘടനയുടെ കണക്കുകള് സൂചിപ്പിക്കുന്നു. ഈഡിസ് കൊതുകുകളാണ് ഡെങ്കിപ്പനി പരത്തുന്നത്. പ്രതിരോധശേഷി കുറഞ്ഞവരിലാണ് രോഗം പെട്ടെന്ന് പിടികൂടുക. ഒരുതവണ കൊതുകിന്റെ കടിയേറ്റാല് തന്നെ രോഗം പിടിപെട്ടേക്കാം. എന്നാല് രോഗിയില് നിന്ന് മറ്റൊരാളിലേക്ക് രോഗം രോഗം നേരിട്ട് പകരില്ല. രോഗിയെ കടിക്കുന്ന കൊതുകുകളിലൂടെ മറ്റൊരാള്ക്ക് രോഗം പകരും. മൂന്നുദിവസം മുതല് 15 ദിവസം വരെയാണ് ഡെങ്കിപ്പനി നീണ്ടുനില്ക്കുന്നത്. തലവേദന, പനി, കടുത്ത ക്ഷീണം, സന്ധികളിലും പേശികളിലും വേദന തുടങ്ങിയവയാണ് സാധാരണ  ലക്ഷണങ്ങള്. പനി പെട്ടെന്ന് 104 ഡിഗ്രിവരെ ഉയരുന്നതായും കാണപ്പെടുന്നു. ഹൃദയമിടിപ്പ് സാവധാനത്തിലാകുന്നതും രക്തസമ്മര്ദം കുറയുന്നതും രോഗത്തിന്റെ മറ്റു ലക്ഷണങ്ങളാണ്.
മാരകമായ ഡെങ്കിപ്പനി സംസ്ഥാനത്തെങ്ങും പടർന്നുപിടിക്കുകയാണ്. . കിടത്തിച്ചികിത്സിക്കാൻ കഴിയാത്തവിധം രോഗികളുടെ എണ്ണം പെരുകികൊണ്ടിരിക്കുന്നു  .നാലുതരം ഡെങ്കിപ്പനികൾ ഉള്ളതിനാൽ ഒരിക്കൽ രോഗം വന്നവർക്കുതന്നെ വീണ്ടും വരുന്നു. രോഗത്തിന്റെ ആവർത്തനം ശരീരത്തിന്റെ പ്രതിരോധശേഷിയിൽ പ്രതിപ്രവർത്തനങ്ങൾ സൃഷ്ടിച്ച് രക്തസ്രാവവും രക്തക്കുഴലുകളിലെ ചോർച്ചയും ഉൾപ്പെടെയുള്ള അപകടങ്ങൾ വരുത്തിവയ്ക്കുന്നു.അധികദൂരം പറക്കാൻ ശേഷിയില്ലാത്ത ഈഡിസ് കൊതുക് പരത്തുന്ന ഡെങ്കിപ്പനി നിയന്ത്രിക്കാൻ ഏറ്റവും അത്യാവശ്യം പരിസരശുചിത്വമാണ്. വെള്ളത്തിൽ മുട്ടയിട്ടുപെരുകുന്ന ഈഡിസ് കൊതുകിനെ ഇല്ലാതാക്കണമെങ്കിൽ വെള്ളം കെട്ടിനിൽക്കുന്നത് ഒഴിവാക്കണം. ഓരോരുത്തരം സ്വന്തംവീട്ടിൽനിന്നു തുടങ്ങേണ്ട ദൗത്യമാണിത്.
അലക്ഷ്യമായി വലിച്ചെറിഞ്ഞ പ്ലാസ്റ്റിക് കുപ്പികളും കവറുകളും കളിപ്പാട്ടങ്ങളും ടയറുകളും പാത്രങ്ങളും കേരളത്തിൽ ഗ്രാമനഗരഭേദമെന്യേ കാണാം. അവയിൽ കെട്ടിനിൽക്കുന്ന വെള്ളത്തിലൂടെ മാരകരോഗങ്ങൾ കടന്നുവരുന്നതു നാം കണ്ടില്ലെന്നു നടിക്കുന്നു.. മാലിന്യസംസ്കരണത്തിന് ഉൗന്നൽ നൽകുകയും പ്രാഥമികാരോഗ്യകേന്ദ്രങ്ങളിലും സാമൂഹികാരോഗ്യ കേന്ദ്രങ്ങളിലും ചികിത്സാസൗകര്യം ഉറപ്പാക്കുകയുമാണ് തദ്ദേശസ്ഥാപനങ്ങൾ . ചെയ്യേണ്ടത്. തദ്ദേശസ്ഥാപനങ്ങളും പൊതുജനങ്ങളും കൈകോർത്തുനിന്നു പരിശ്രമിച്ചാലേ ഡെങ്കിഭീഷണിയിൽനിന്നും മറ്റ് പകർച്ച വ്യാധികളിൽ നിന്നും  മോചനം ലഭിക്കയുള്ളു . മാലിന്യം കുറയ്ക്കലും ശരിയായ സംസ്കരണവും കൊണ്ടുതന്നെ വിപത്തിന്റെ ശക്തി കുറയ്ക്കാം . ആരോഗ്യ വകുപ്പ് കുറേകൂടി ജാഗ്രത കാട്ടേണ്ടിയിരിക്കുന്നു ഡെങ്കിപ്പനിക്കു ചികിത്സതേടുന്നവരുടെ കൃത്യമായ കണക്കുപോലും ആരോഗ്യ വകുപ്പിനറിയില്ല . അതിജാഗ്രതയോടെ നേരിട്ടില്ലെങ്കിൽ അത്യന്തം ആപ്തകരമായ ഒരു സ്ഥിതിയിലേക്ക് കേരളം നിപതിക്കും .

പ്രൊഫ്. ജോൺ കുരാക്കാർ
No comments: