Pages

Saturday, June 24, 2017

പകർച്ചപ്പനിയുടെ താണ്ഡവം

പകർച്ചപ്പനിയുടെ താണ്ഡവം

പകർച്ചപ്പനിയുടെ താണ്ഡവം ഇത്തവണ പതിവിലും രൂക്ഷമായിരിക്കുന്നു.  ഒട്ടേറെ പനിമരണങ്ങളും പതിന‍ഞ്ചു ലക്ഷത്തോളം പനിബാധിതരുമായി നമ്മുടെ കേരളം ലോകത്തിൻറെ മുന്നിൽ തന്നെ . സമീപകാലത്തെ ഏറ്റവും വലിയ ദുരന്തം നേരിടുകയാണ്.സാധാരണ പനിമുതൽ എച്ച് വൺ എൻ വൺ, എലിപ്പനി, ഡെങ്കിപ്പനി എന്നിവവരെ  പടരുന്നു. സർക്കാർ ആശുപത്രികളിൽ മരുന്നുകളുടെ ലഭ്യത കുറയുകയും എല്ലാ ആശുപത്രികളിലും പനിബാധിതരുടെ എണ്ണം വർധിക്കുകയും ചെയ്‌തതോടെ ചികിൽസ സംബന്ധിച്ച്‌ ജനം  ആധിയിലാണ് .സംസ്ഥാനത്തെ പനിക്കിടക്കകളിൽനിന്നു നിലവിളികളുയരുമ്പോൾ പനിച്ചുതളർന്നു കിടക്കുന്ന നാടിന്റെ കാഴ്ചകൾ ഭീതിദവും ആശങ്കാജനകവുമാണ്‌
. ഈ  വർഷം കേരളത്തിൽ ഇതുവരെ ഒരിടത്തുംശുചീകരണം നന്നായി നടന്നില്ല.അതിനായി പഞ്ചായത്തുകൾക്ക് പണവുമില്ല . കൊതുകു പെരുകി പകർച്ചവ്യാധി പടരുന്നതു മനഃപൂർവമല്ലാത്ത. നരഹത്യയ്ക്കു തുല്യമെന്നു ഡൽഹി ഹൈക്കോടതി പറഞ്ഞത് ഇക്കഴിഞ്ഞ ദിവസമാണ്. ശുചിത്വപാലനത്തിൽ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും കോടതി നിർദേശിക്കുകയുണ്ടായി.

.നാട് മുഴുവൻ മാലിന്യ കൂമ്പാരമായി മാറിക്കഴിഞ്ഞു .കൺമുന്നിലെ മാലിന്യങ്ങളെ കാണാതെ, മഴക്കാലത്തെ പഴിചാരി എപ്പോഴും നമുക്കു രക്ഷപ്പെടാനാവില്ല.  സർക്കാരും സമൂഹവും കൈകോർത്തു പനിക്കെതിരെ പോരാടാൻ ഇനിയും വൈകിക്കൂടാ..പലതരം പനികളും പനിമരണങ്ങളും മറ്റു രോഗങ്ങളുമെല്ലാം കേരളത്തിലും വ്യാപകമാവുമ്പോൾ ‘സ്വയംകൃതാനർഥം’എന്നേ അതിനെ വിശേഷിപ്പിക്കാനാവൂ. രോഗം പരത്തുന്ന മലിനമായ സാഹചര്യം നമ്മുടെ തന്നെ സൃഷ്ടിയാണ്. ചുറ്റുപാടും കുമിഞ്ഞുകൂടുന്ന മാലിന്യത്തെ യഥാസമയം  നീക്കം ചെയ്യാനും സംസ്‌ക്കരിക്കാനും നമുക്ക് കഴിയുന്നില്ല . ഒരു ശുചിത്വ സംസ്‌ക്കാരം നമുക്കില്ല .ശുചിത്വപാഠങ്ങൾ പഠിക്കേണ്ടതു വീട്ടിൽ നിന്നു തന്നെയാണ്. ചെറുപ്പത്തിൽ തന്നെ ശീലിക്കേണ്ട കാര്യമാണത്.പകർച്ചപ്പനിയുടെ താണ്ഡവമാടുന്ന  ഈ സമയത്ത് , ആളുകള്‍ പനി ബാധിച്ച് മരിച്ചു വീഴുമ്പോൾ പരസ്പരം പഴിചാരാതെ  നമുക്ക്  ഒരുമിച്ചു  കർമ്മരംഗത്തിറങ്ങാം .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: