Pages

Sunday, June 4, 2017

പ്ലാസ്റ്റിക്മാലിന്യം സമൂഹത്തിൽ ഒരു വൻ ദുരന്തമായി മാറിക്കഴിഞ്ഞു.

പ്ലാസ്റ്റിക്മാലിന്യം സമൂഹത്തിൽ ഒരു
വൻ ദുരന്തമായി മാറിക്കഴിഞ്ഞു.

മണ്ണിൽ ലയിക്കാത്ത പ്ലാസ്റ്റിക് മാലിന്യം ഉണ്ടാക്കുന്ന ഗുരുതരമായ ആരോഗ്യ, പരിസ്ഥിതി പ്രശ്നങ്ങൾ  നിരവധിയാണ് .കേരളത്തിലെ പൊതുനിരത്തുകളും ജലസ്രോതസുകളും പ്ലാസ്റ്റിക് മാലിന്യങ്ങളാൽ നിറഞ്ഞുകഴിഞ്ഞു .പ്ലാസ്റ്റിക് റീസൈക്ലിംഗിനുള്ള  പദ്ധതികളെ കുറിച്ച് പറയുന്നതല്ലാതെ  ഒന്നും നടപ്പാകുന്നില്ല . പ്ലാസ്റ്റിക്  കത്തിച്ച്  നശിപ്പിക്കാൻ ശ്രമിച്ചാൽ വലിയ തോതിൽ അന്തരീക്ഷ മലിനീകരണത്തിനിടയാക്കും .പ്ലാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുന്നതു കാൻസർ പോലുള്ള രോഗങ്ങൾക്കു വഴിതെളിക്കാം.വളരെ വേഗത്തിലാണു പ്ലാസ്റ്റിക് നമ്മുടെ സമൂഹത്തിൽ പ്രചരിച്ചത്. ഭാരക്കുറവും ഉപയോഗിക്കാനുള്ള സൗകര്യവും വിലക്കുറവുമൊക്കെയാണു പ്ലാസ്റ്റിക് ഉത്പന്നങ്ങൾ  അതിവേഗം പ്രചരിക്കാൻ കാരണം .
ജീവിതത്തിന്റെ എല്ലാ മേഖലകളിലും പ്ലാസ്റ്റിക്കിന്റെ ഉപയോഗം വ്യാപകമാ രിക്കുന്നു . കഴിഞ്ഞ ആറ് വര്‍ഷത്തിനിടയില്‍ പ്ലാസ്റ്റിക് വസ്തുക്കളുടെ ഉപയോഗം 200 ശതമാനം വര്‍ധച്ചിട്ടുണ്. പ്ലാസ്റ്റിക് കുപ്പികളുടെ ഉപയോഗം വ്യാപകമായിരിക്കുകയാണ് .പ്ലാസ്റ്റിക് കുപ്പികളിലെ കുടിവെള്ളത്തിന്റെ കച്ചവടം ഇപ്പോൾ പൊടിപൊടിക്കുകയാണ്.നിരന്തരമായ ബോധവത്കരണത്തിലൂടെ കുറേ മാറ്റം ഉണ്ടായിട്ടുണ്ടെങ്കിലും ഇപ്പോഴും പ്ലാസ്റ്റിക് ഉപയോഗവും പ്ലാസ്റ്റിക്കിന്റെ അശ്രദ്ധമായ വലിച്ചെറിയലും വലിയ തോതിൽ നടക്കുന്നുണ്ട്. പല തദ്ദേശ ഭരണസ്ഥാപനങ്ങളും പ്ലാസ്റ്റിക് നിരോധനം പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും ഫലപ്രദമായും കാര്യക്ഷമമായും നിരോധനം നടപ്പാക്കാൻ കഴിയുന്നതുമില്ല .
പ്ലാസ്റ്റിക് ബാഗുകള്‍, കുപ്പികള്‍, കളിപ്പാട്ടങ്ങള്‍, സൗന്ദര്യ വര്‍ധക വസ്തുക്കള്‍, കുടിവെള്ള കുപ്പികള്‍ തുടങ്ങിയവയിലൂടെ മാരകമായ രാസവവസ്തുക്കള്‍ മനുഷ്യനിലേക്കും ജീവികളിലേക്കും പകരുകയും വിനാശകാരികളായ അസുഖങ്ങള്‍ പിടിപെടുകയും ചെയ്യുന്നു.ഭക്ഷണം പാര്‍സല്‍ വാങ്ങുമ്പോള്‍ പ്ലാസ്റ്റിക്‌ പാത്രങ്ങളിലാണ് ലഭിക്കുന്നത്. 40 ഡിഗ്രിയില്‍ കൂടുതല്‍ ചൂടുള്ള വെള്ളം ഇത്തരം പാത്രങ്ങളില്‍ ഒഴിക്കുന്നതോടെ പ്ലാസ്റ്റിക്കിലെ ഡയോക്സിനും ഫുറാനും ഭക്ഷണത്തില്‍ കലരുന്നു. ലോകത്തിലെ ഏറ്റവും കടുത്ത വിഷങ്ങള്‍ ആണ് ഡയോക്സിനും ഫുറാനും എന്ന് മനസ്സിലാക്കിയാല്‍ പിന്നെ നമ്മള്‍ ഒരിക്കലും പ്ലാസ്റ്റിക്‌ പാത്രങ്ങളില്‍ ഭക്ഷണം കഴിക്കില്ല.
ആധുനിക ലോകം നേരിടുന്ന മുഖ്യ പ്രതിസന്ധി പ്ലാസ്റ്റിക്ക് മാലിന്യമാണെന്ന് ഐക്യരാഷ്ട്ര സഭ  മുന്നറിയിപ്പ് നൽകിയിട്ടുണ്ട് .ഇന്ത്യ ഉള്‍പ്പെടെ മിക്ക രാജ്യങ്ങളും പ്ലാസ്റ്റിക് നിയന്ത്രണത്തിന് നിയമങ്ങള്‍ ആവിഷ്‌കരിച്ചിട്ടുണ്ടങ്കിലും അത് ഫലപ്രദമായി നടപ്പാക്കാൻ കഴിഞ്ഞിട്ടില്ല .കേരളത്തിലെ പല ജില്ലകളിലും  പ്ലാസ്റ്റിക് ഉപയോഗം പരമാവധി കുറയ്ക്കാൻ ജില്ലാ കളക്ടറുടെ നേതൃത്വത്തിൽ ഊർജസ്വലമായ പ്രവർത്തനങ്ങൾ നടന്നുവരുകയാണ്. വിദ്യാഭ്യാസ സ്ഥാപനങ്ങളും റെസിഡന്റ്സ് അസോസിയേഷനുകളും ഇതിനോടു കാര്യമായി സഹകരിക്കുന്നുണ്ട്. കടകളിൽ തുണിസഞ്ചികളും പേപ്പർ കാരിബാഗുകളുമൊക്കെ  ഇന്ന് ലഭ്യമാണ് .
നമ്മുടെ സ്കൂളുകളിലൂടെ കുട്ടികൾക്കിടയിൽ പ്ലാസ്റ്റിക് രഹിത സംസ്‌ക്കാരം വളർത്തിയെടുക്കാൻ  സമൂഹത്തിനു കഴിയണം .ഭക്ഷണവും കുടിവെള്ളവും പ്ലാസ്റ്റിക് പാത്രത്തിൽ കൊണ്ടുവരുന്നത് ഒഴിവാക്കി സ്റ്റെയിൻലെസ് സ്റ്റീൽ പാത്രങ്ങൾ ഉപയോഗിക്കാൻ പ്രേരിപ്പിക്കണം .വിദ്യാലങ്ങളിലൂടെ  നിരന്തരമായ ബോധവൽക്കരണം നടത്തണം .കുട്ടികളിൽ പരിസ്ഥിതി സംരക്ഷണചിന്ത വളർത്താൻ ഉതകുന്ന കർമ്മപരിപാടികൾ ആസൂത്രണം ചെയ്യണം.പ്ലാസ്റ്റിക് വിരുദ്ധ പ്രവർത്തനങ്ങൾ എല്ലാ സ്കൂളുകളിലേക്കും വ്യാപിപ്പിക്കണം .മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ച്ച വയ്ക്കുന്ന വിദ്യാലയങ്ങളെ പ്രോത്സാഹിപ്പിക്കാനും അനുമോദിക്കാനും പൊതുവിദ്യാഭ്യാസ വകുപ്പു തയാറാകണം.


പ്രൊഫ്. ജോൺ കുരാക്കാർ

No comments: