Pages

Saturday, June 3, 2017

പാരിസ്‌ കാലാവസ്ഥാ കരാറിൽ നിന്നുള്ള യു.എസ്‌ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിന്റെ പിന്മാറ്റംപ്രകൃതിയോടുള്ള വെല്ലുവിളിയാണ്

പാരിസ്കാലാവസ്ഥാ കരാറിൽ നിന്നുള്ള  
യു.എസ്പ്രസിഡന്റ്ഡൊണാൾഡ്ട്രംപിന്റെ പിന്മാറ്റംപ്രകൃതിയോടുള്ള വെല്ലുവിളിയാണ്


പാരിസ്‌ കാലാവസ്ഥാ കരാറിൽ നിന്ന്‌ തന്റെ രാജ്യത്തെ പിൻവലിക്കാനുള്ള യു എസ്‌ പ്രസിഡന്റ്‌ ഡൊണാൾഡ്‌ ട്രംപിന്റെ പ്രഖ്യാപനം പ്രകൃതിയോടും  മനുഷ്യരാശിയോടുമുള്ള വെല്ലുവിളിയാണ് .അത് കാലത്തിൻറെ കാതലായ ആവശ്യത്തോടുള്ള മുഖം തിരിക്കലാണ് .അത് മനുഷ്യത്വരഹിതമായ പ്രവർത്തിയാണ് .ഭൂമിയെ പൊള്ളിക്കുന്ന കാലാവസ്ഥാ വ്യതിയാനത്തിന്റെ ഏറ്റവും വലിയ ഉത്തരവാദിത്തം യുഎസിനാണെന്ന്‌ ഇതു വരെയുള്ള എല്ലാ പഠനങ്ങളും തെളിയിക്കുന്നു. വലിയ കാറുകളും വലിയ ഭവനങ്ങളും അനുസ്യുതം പ്രവർത്തിക്കുന്ന എയർകണ്ടീഷനറുകളും പതിറ്റാണ്ടുകളായി ആഡംബര സംസ്കാരത്തിന്റെ ഭാഗമാക്കിയ യുഎസ്‌ ആണ്‌ കാലാവസ്ഥാ വ്യതിയാനത്തിനു കാരണമായ കാർബൺ ഡയോക്സൈഡ്‌ അടക്കം ഹരിതഗൃഹവാതകങ്ങൾ കൊണ്ട്‌ ഭൗമമണ്ഡലത്തെ ഏറ്റവും മലിനമാക്കിയത്‌.
 അടുത്തകാലത്ത്‌ മാത്രമാണ്‌ ചൈന അമേരിക്കയെ പിന്തള്ളി മലിനീകരണത്തിൽ ഒന്നാം സ്ഥാനത്ത്‌ എത്തിയത്‌. ലോകത്തിൽ അതിവേഗം വളരുന്ന സമ്പദ്ഘടനകളെന്ന നിലയിൽ ചൈനയും ഇന്ത്യയും ഹരിതഗൃഹവാതകങ്ങൾ ഗണ്യമായി നിയന്ത്രിക്കാൻ വിപുലമായ പദ്ധതികൾ അവലംബിക്കാൻ സന്നദ്ധമായിട്ടുണ്ട്‌.ആഗോളതാപനം നിയന്ത്രിക്കുന്നതിനുള്ള പാരീസ് ഉടമ്പടിയിൽനിന്ന് അമേരിക്ക പിൻമാറുകയാണെന്ന പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനം പരിസ്ഥിതിയോടോ മനുഷ്യകുലത്തോടോ പ്രതിജ്ഞാബദ്ധതയില്ലാത്ത ,അവിവേകിയുടെ പ്രവൃത്തിയാണ്.
ഉയരുന്ന ഭൗമതാപം നിയന്ത്രിച്ചുനിർത്താനുണ്ടാക്കിയ ഉടമ്പടി, അമേരിക്കയെ സാമ്പത്തികമായി തകർക്കാനുള്ള.ഗൂഢാലോചനയാണെന്നാണ് ട്രംപിന്റെ കണ്ടത്തൽ . അതിനാൽ ‘അമേരിക്കയെയും അവിടത്തെ പൗരൻമാരെയും സംരക്ഷിക്കുകയെന്ന പരമമായ കർത്തവ്യം നിർവഹിക്കാ’നാണ് ഈ പിൻമാറ്റമെന്നാണ്  പറയുന്നത് ..കാലങ്ങളായി കാർബൺ വാതകങ്ങൾ പുറന്തള്ളി പരിസ്ഥിതിയെ ഇത്രമേൽ മലീമസമാക്കിയതിന് പ്രായശ്ചിത്തംചെയ്യാനുള്ള അവസരമാണ് പാരീസ് ഉടമ്പടി അമേരിക്കയ്ക്ക് നൽകിയത്. അതിനുള്ള മനസ്സൊരുക്കത്തോടെയാണ് മുൻ പ്രസിഡന്റ് ബരാക് ഒബാമ ഉടമ്പടിയിൽ ഒപ്പിട്ടത്. പതിറ്റാണ്ടുനീണ്ട ചർച്ചയ്ക്കൊടുവിൽ, 2015 ഡിസംബറിൽ പാരീസിൽ ചേർന്ന കാലാവസ്ഥാ ഉച്ചകോടി മുന്നോട്ടുവെച്ചതാണ് ഈ ഉടമ്പടി. ഭൗമതാപനിലയിലെ വർധന രണ്ടുഡിഗ്രി സെൽഷ്യസിൽ അധികമാകാതിരിക്കാൻ നടപടി സ്വീകരിക്കുക എന്നതാണ് ഉടമ്പടിയുടെ കാതൽ. കാലാവസ്ഥാവ്യതിയാനം നേരിടാനായി വികസിതരാജ്യങ്ങൾ വികസ്വരരാജ്യങ്ങൾക്ക് 2020 മുതൽ ഓരോ വർഷവും 10,000 കോടി ഡോളറിന്റെ സഹായധനം നൽകണമെന്നും ഉടമ്പടിയിൽ ധാരണയുണ്ട്.195 ലോകരാഷ്ട്രങ്ങൾ പങ്കാളിയായ കരാറിൽനിന്ന്  അമേരിക്ക പിന്മാറുന്നത് മാനവരാശിയോടുള്ള അവഗണന തന്നെയാണ് .ഇതോടെ  യുഎസ്‌ പ്രസിഡണ്ട് ചരിത്രത്തിൽ ഏറ്റവും കനത്ത ഒറ്റപ്പെടൽ നേരിടേണ്ടി  വന്നവ്യക്തിയാകും


പ്രൊഫ്. ജോൺ കുരാക്കാർ

No comments: