Pages

Saturday, June 24, 2017

ദേശാടന കിളി (ചെറു കഥ)

ദേശാടന കിളി
(ചെറു കഥ)
(എഴുതിയ  ആളിനെ അറിയില്ല )
ദേശാടനത്തിനു പോയ കിളികളിൽ ഒരു കിളിയുടെ ചിറകിനൊരു തളർച്ച. സമുദ്ര വഴിയുടെ പാതിയെ പിന്നിട്ടിട്ടുള്ളു. വിശ്രമിക്കാമെന്നു കരുതിയാൽ സമുദ്രത്തിൽ കരയെവിടെ.അങ്ങ് ദൂരെയൊരു ദ്വീപുണ്ട് അതാണ് ഇടത്താവളം, അവിടുന്നാണ് ആഹാരവും വിശ്രമവും തുടർ യാത്രയും.അവിടേക്കെത്തണമെങ്കിൽ മൈലുകൾ വീണ്ടും പറക്കണം. ഇല്ല എനിക്കെത്താനാവില്ല, പാതി വഴിയേ തളർന്നു വീഴും.കൂടെയുള്ള പക്ഷികളെല്ലാം പിന്തിരിഞ്ഞു നോക്കാതെ പറക്കുകയാണ്. ഒരുമിച്ച് പറക്കണം പരസ്പരം ശ്രദ്ധിക്കണമെന്നൊക്കെ പറഞ്ഞിട്ട് ആരും ശ്രദ്ധിക്കുന്നില്ല
അവരെല്ലാം ദൂരെയെത്തി, എന്റെ നിലവിളിയും അവർ കേൾക്കുന്നില്ല. ഇല്ല, ഇനി എനിക്ക് പറക്കുവാൻ സാധിക്കുകയില്ലചിറകുകൾ തളരുന്നു, കുഴയുന്നു. ഈ മഹാ സമുദ്രത്തിൽ മരണപ്പെടാനാണെന്റെ വിധി. മോഹങ്ങളും സ്വപ്നങ്ങളും പാതി വഴിക്ക് ഉപേക്ഷിക്കേണ്ടി വന്നല്ലോ. ഞാൻ ഞാൻ എന്റെ ചിറകുകൾ ദൈവമേ.ദേശാടനക്കിളി നിലയില്ലാ ഉൾക്കടലിൽ വീണിരിക്കുന്നു. സ്രാവുകളും മറ്റ് ഇരപിടിയൻ മത്സ്യങ്ങളും തേർവാഴ്ച്ച നടത്തുന്ന ഈറ്റില്ലം.
ചിറകുകൾ നനഞ്ഞു , പപ്പും തൂവലും നനഞ്ഞു. വെള്ളത്തിന്റെ ശൈത്യ ഭാവം ദേഹം മരവിപ്പിക്കുന്നു. തന്റെ പ്രിയപ്പെട്ടവരെല്ലാം മനസ്സിലൂടെ ഇടിമിന്നൽ പോലെ മിന്നിമറഞ്ഞു. ഇനിയവരെ ഒരിക്കലും കാണാൻ പറ്റില്ലല്ലോ.അവസാനമായവൾ, ആ കൊച്ചു പക്ഷി ശ്വാസം ആഞ്ഞു വലിച്ചു. അപ്പോഴേക്കും കഴുത്ത് വരെ മുങ്ങിയിരുന്നുഇതെല്ലാം കണ്ടൊരു തിമിംഗലം അല്പം ദൂരത്തുണ്ടായിരുന്നു. ആ നീല തിമിംഗലം അവളുടെ അടിയിൽ വന്നൊന്ന് പൊങ്ങിതളർന്ന നനഞ്ഞ ചിറകുള്ള പക്ഷി ഇപ്പോൾ തിമിംഗലത്തിന്റെ വിശാലമായ പുറത്ത് തളർന്നു കിടക്കുന്നു.
അവളെയും വഹിച്ച് കൊണ്ട് തിമിംഗലം ദ്വീപ് ലക്ഷ്യമാക്കി കുതിച്ചു. വെള്ളത്തിന്റെ മുകളിലൂടെ ഒരു പാറക്കഷ്ണം ഒഴുകി വരുന്നപോലെ തോന്നിച്ചു.ആകാശം വെള്ള കീറി, കറുത്ത കാർമേഘങ്ങൾ അപ്രത്യകഷമായി. ആ കൊച്ചുപക്ഷിയുടെ ദേഹത്തേക്ക് സൂര്യ കിരണങ്ങളടിക്കാൻ തുടങ്ങി.സൂര്യന്റെ ചൂടിൽ ചിറകുകൾ ഉണങ്ങി. അവൾ ചിറകൊന്ന് കുടഞ്ഞു, ക്ഷീണമെല്ലാം പമ്പ കടന്നിരിക്കുന്നു. ചിറകിന്റെ തളർച്ച പൂർണ്ണമായും മാറിയിരിക്കുന്നു. അപ്പോഴേക്കും തിമിംഗലം.ആ ദ്വീപിനടുത്തെത്തിയിരുന്നു.ആ കിളിയുടെ കണ്ണിൽ നിന്നും ഒരു തുള്ളി കണ്ണുനീർ ഇറ്റു വീണു. നന്ദി സൂചകമായി തന്റെ കൊക്ക് കൊണ്ട് തിമിംഗലത്തിന്റെ ദേഹത്താക്കിളി ഉരസി.
അത് മനസ്സിലാക്കിയ തിമിംഗലമൊന്ന് രോമാഞ്ചം കൊണ്ടപോലെ. സ്നേഹത്തിന്റെ, കനിവിന്റെ , ആർദ്രതയുടെ, സന്തോഷത്തിന്റെ, സഹായത്തിന്റെ രോമാഞ്ചം.തിമിഗലം പോകുന്ന വരെ ആ കിളി അവിടെ വട്ടമിട്ട് പറന്നു. ആ തിമിംഗലം കടലിന്റെ ആഴത്തിലേക്ക് നീന്തി മറഞ്ഞു.കൂടെ പറന്ന ദേശാടനകിളികളെത്തും മുന്നേ ആ കിളിയാ ദ്വീപിൽ എത്തിച്ചേർന്നു. അവൾ പഴങ്ങൾ കഴിച്ചു.പറന്നു വരുന്ന ദേശാടനക്കിളികളെ നോക്കി അവൾ തീരത്തുള്ള ഒരു മരക്കൊമ്പിൽ കാത്തിരിക്കാൻ തുടങ്ങി.

പ്രതീക്ഷ നഷ്ടപ്പെടുമ്പോൾ നീയറിയാതെ ഒരത്ഭുതം നിന്നെ തേടിയെത്തും.നിന്റെ അവസാനമെന്ന് ചിന്തിക്കുന്നുവെങ്കിൽ വിഷമം വേണ്ടാട്ടോ. നിന്നെ പരിഹസിച്ചവർ, പിന്നിൽ തള്ളിയവർ, അവരെത്തും മുന്നേ നീയെത്തും. എന്നിട്ടവർക്കു വേണ്ടി കാത്തിരിക്കും. അവരത് കണ്ടു അത്ഭുതപ്പെടും. ജീവിതം അതാണ്.
Prof. John Kurakar


No comments: