Pages

Thursday, June 22, 2017

മനുഷ്യൻ ഓക്സിജൻ സിലിണ്ടറുമായി യാത്രചെയ്യേണ്ട കാലം വിദൂരമല്ല

മനുഷ്യൻ ഓക്സിജൻ സിലിണ്ടറുമായി യാത്രചെയ്യേണ്ട കാലം വിദൂരമല്ല
മനുഷ്യന്റെ പ്രവര്‍ത്തിദോഷംകൊണ്ട്  ഭൂമി  ഇന്ന് വന്‍ നാശത്തിലേക്ക് നീങ്ങിക്കൊണ്ടിരിക്കുകയാണ് . ഇങ്ങനെ പോയാല്‍ 2060 ആകുമ്പോഴേക്കും ഭൂമിയില്‍ മനുഷ്യവാസം തന്നെ ഇല്ലാതായേക്കാം .ഇന്ത്യയിൽ പ്രതിവർഷം 2.6 കോടി ജനങ്ങൾ അന്തരീക്ഷ മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങൾക്ക്‌ വിവിധ ആശുപത്രികളിൽ ചികിത്സ തേടുന്നുണ്ട്‌. ഇന്ത്യയിൽ ശ്വാസകോശ രോഗങ്ങൾക്ക്‌ പ്രധാനകാരണം വായുമലിനീകരണമാണ്‌. ഇതിൽ പ്രധാനം അർബുദമാണ്‌. കഴിഞ്ഞ പത്ത്‌ വർഷത്തിനിടയിൽ നമ്മുടെ രാജ്യത്ത്‌ അന്തരീക്ഷ മലിനീകരണം മൂലമുള്ള രോഗങ്ങൾ ബാധിച്ച്‌ 35,000 പേർക്കാണ്‌ ജീവൻ നഷ്ടപ്പെട്ടത്‌.
തലസ്ഥാന നഗരമായ ഡൽഹിയിൽ ഇങ്ങനെ മരിക്കുന്നവരുടെ എണ്ണം വർധിക്കുകയാണ്‌. ജനങ്ങൾ തിങ്ങിപ്പാർക്കുന്ന ഡൽഹി യഥാർഥത്തിൽ വായുമലിനീകരണംമൂലം വിങ്ങുകയാണ്‌. വാഹനങ്ങൾ വർധിക്കുന്നത്‌ അന്തരീക്ഷമലിനീകരണത്തിന്‌ ഒരു പ്രധാനകാരണമാണ്‌. വ്യവസായശാലകളിൽ നിന്നും പുറത്തേക്ക്‌ തള്ളുന്ന പുകയും പൊടിയും അന്തരീക്ഷം അശുദ്ധമാക്കുന്നു. രോഗകാരണം അന്തരീക്ഷമലിനീകരണമാണെന്ന്‌ പലരും അറിയുന്നില്ല.
വ്യാപകമായ വനനശീകരണം വായുമലിനീകരണത്തിന്റെ തോത്‌ വർധിപ്പിക്കുകയാണ്‌. ഒരു മണിക്കൂറിൽ 13.5 കിലോ ഓക്സിജൻ ഒരു മനുഷ്യന്‌ ശ്വസിക്കാനായി ആവശ്യമുണ്ട്‌. അന്തരീക്ഷമലിനീകരണം ഇത്‌ അസാധ്യമാക്കുന്നു. പലവിധ രോഗങ്ങളുടെയും ഉറവിടം ഇവിടെ നിന്നാണ്‌. ഓക്സിജന്റെ കുറവ്‌ മനുഷ്യരക്തത്തെ മലിനീകരിക്കുന്നു. ആസ്മപോലുള്ള അലർജി രോഗങ്ങൾ വളരെ ചെറുപ്രായത്തിലെ ബാധിക്കുന്നു. മണിക്കൂറിൽ മൂന്ന്‌ പേർ ഇന്ത്യൻ നാഗരങ്ങളിൽ അന്തരീക്ഷ മലിനീകരണം മൂലം മരണത്തിന്‌ വിധേയമാവുകയാണ്‌. കേന്ദ്ര പരിസ്ഥിതി മന്ത്രാലയം എല്ലാവർഷവും പുറത്തുവിടുന്ന റിപ്പോർട്ടുകളിൽ ഇത്‌ കൂടിവരുന്നതായാണ്‌ കാണിക്കുന്നത്‌.
ഒരു ദിവസം അന്തരീക്ഷമലിനീകരണമുണ്ടാക്കുന്ന രോഗങ്ങൾ കാരണം കേരളത്തിൽ പത്തോളം പേർ മരിക്കുന്നതായാണ്‌ കണക്കാക്കപ്പെടുന്നത്‌. ശ്വാസകോശ അലർജിയുടെ പ്രധാന വില്ലൻ വായുമലിനീകരണമാണ്‌. കേരളത്തിലെ ആശുപത്രികളിൽ ചികിത്സ തേടിയെത്തുന്നവരിൽ ഗണ്യമായ ഭാഗം ഇത്തരം രോഗങ്ങൾ പിടിപെടുന്നവരാണ്‌. ഇന്നത്തെ രീതി തുടർന്നാൽ സമീപഭാവിയിൽ ഓക്സിജൻ സിലിണ്ടറുമായി യാത്രചെയ്യുകയും  പാതയോരങ്ങളിൽ ഓക്സിജൻപാർലറുകൾ തുടങ്ങേണ്ട അവസ്ഥയുമാണുള്ളത് .

 ദിവസേന അന്തരീക്ഷത്തിലെത്തിച്ചേരുന്ന കാര്‍ ബണ്‍ ഡൈഓക്‌സൈഡ്, മീഥേന്‍, നൈട്രസ് ഓക്‌സൈഡ്, ക്ലോറോഫ്‌ലൂറോ കാര്‍ബണേറ്റുകള്‍ എന്നീ വാതകങ്ങളുടെ അളവ് കൂടിക്കൊണ്ടിരിക്കുന്നു. ഇവ ഓസോണ്‍ പാളികളുടെ തകര്‍ച്ചയ്ക്ക് കാരണമാകുന്നു. തന്മൂലം ആഗോള താപനം ഉണ്ടാകുന്നു. മരങ്ങളും കാടുകളും സംരക്ഷിക്കുക,മാത്രമാണ് ഏകമാർഗം .
മനുഷ്യ സൃഷ്ടിക്കു മുമ്പേ തന്നെ ദൈവം മനുഷ്യന് ആവശ്യമായ എല്ലാത്തരം മരങ്ങളും സസ്യങ്ങളും ഭൂമിയില്‍ സൃഷ്ടിച്ചതായി ബൈബിളില്‍ കാണാം. എല്ലാ മത ഗ്രന്ഥങ്ങളിലും മരങ്ങളെപ്പറ്റിയും അവയുടെ ഉപയോഗത്തെപ്പറ്റിയും വിവരിച്ചു കാണുന്നു. നമ്മുടെ ജീവിതത്തില്‍ മരങ്ങളില്ലാതെ ജീവിക്കുക അസാദ്ധ്യമാണ്. നാം കഴിക്കുന്ന ആഹാരങ്ങള്‍, പാര്‍പ്പിടസൗകര്യത്തിന് ഉപയോഗിക്കുന്നവ മാത്രമല്ല നാം ശ്വസിക്കുന്ന ഓക്‌സിജന്‍ ലഭിക്കുന്നതും മരങ്ങളില്‍ നിന്നാണെന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. നാം ദിനംതോറും 21,600 പ്രാവശ്യം ശ്വാസോച്ഛ്വാസം ചെയ്യുന്നുവെന്ന് വൈദ്യശാസ്ത്രവും പഠിപ്പിക്കുന്നു. ശ്വാസോച്ഛ്വാസത്തിന് ആവശ്യമായ ഓക്‌സിജന്‍ വന്‍ മരങ്ങളില്‍ നിന്നും വളരെയധികം ലഭിക്കുന്നു.
ഒരു വൻ  മരത്തില്‍ നിന്നും 200 മനുഷ്യര്‍ക്ക് ശ്വസിക്കാനുള്ള ഓക്‌സിജന്‍ ലഭിക്കും. ഈ മരങ്ങള്‍ക്ക് 33% മഴവെള്ളം ശേഖരിച്ചു വയ്ക്കാനുള്ള കഴിവുമുണ്ട്. ആഗോള താപനം കുറയ്ക്കുന്നതിന് യുദ്ധകാലാടിസ്ഥാനത്തില്‍ 700 കോടി മരങ്ങള്‍ നട്ടു പിടിപ്പിക്കാന്‍ ലോകാരോഗ്യ സംഘ ടന (WHO) നിര്‍ദ്ദേശിച്ചിട്ടുണ്ട്.‘മനുഷ്യനില്ലാതെ മരങ്ങള്‍ വളരും’, എന്നാല്‍ മരങ്ങളില്ലാതെ മനുഷ്യന് ഒരു ദിവസം പോലും ജീവിക്കാന്‍ സാധിക്കില്ല.ഒരു ദിവസം ഒരു മനുഷ്യന്‍ 3 സിലിണ്ടര്‍ ഓക്‌സിജന്‍ ശ്വസിക്കുന്നു. ഒരു സിലിണ്ടര്‍ ഓക്‌സിജന്റെ വില 700 രൂപ എന്ന കണക്കില്‍ 2100 രൂപയ്ക്ക് ഓക്‌സിജന്‍ ഒരു ദിവസം വേണ്ടി വരും. ഒരു മാസത്തില്‍ 63,000 രൂപയും ഇങ്ങനെ ഒരു വര്‍ഷ ത്തില്‍ 7,56,000/- രൂപ ചെലവു വരും. ഒരു മനുഷ്യന്റെ ശരാശരി വയസ് 65 ആയാല്‍ ഏകദേശം 5 കോടി രൂപയ്ക്ക് ഓക്‌സിജന്‍ നാം ശ്വസിച്ചുകഴിയും. സൗജന്യമായി ലഭിക്കുന്ന 5 കോടിയുടെ മഹത്വം നാം മനസ്സിലാക്കിയാല്‍ മരത്തിന്റെമഹത്വം നാം അറിയും .
 നമ്മൾ ജീവിക്കുന്ന നമ്മുടെ ഭൂമിയെ സംരക്ഷിക്കേണ്ടത് നമ്മുടെ കടമയാണ് .നമുക്ക് ചുറ്റുമുള്ള മണ്ണും വെള്ളവും വായുവും മാലിന്യ വിമുക്തമായി സൂക്ഷിക്കാൻ നമുക്ക് ഉത്തരവാദിത്വമുണ്ട് .കാലാവസ്ഥാ വ്യതിയാനത്തിന് മരമാണ് മറുപടിയെന്ന് ലോകശാസ്ത്രജ്ഞര്‍ വിധിച്ചപ്പോഴാണ് മരങ്ങള്‍ മനുഷ്യന് നല്‍കുന്നത് നിര്‍ലോപമായ സഹായങ്ങളുടെ കണക്ക് മനുഷ്യന്‍  അറിയുന്നത് .സൂര്യനില്‍ നിന്നും ഭൂമിയിലെത്തുന്ന കാന്‍സറിന് കാരണമാകുന്ന യുവി, കോസ്മിക് രശ്മികള്‍ എന്നിവ വലിച്ചെടുക്കുന്നതില്‍ മരങ്ങള്‍ക്ക് പങ്കുണ്ട്. ഭൂമുഖത്തെ 90 ശതമാനം ഓക്‌സിജനും നല്‍കുന്നത് മരങ്ങളാണ്.ഒരു എയര്‍കണ്ടീഷണര്‍ 20 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ലഭിക്കുന്ന ഇഫക്ട് നന്നായി വളര്‍ന്ന ഒരു മരത്തിന് നല്‍കാനാകും. 30-40 ചതുരശ്രമീറ്റര്‍ സ്ഥലത്തെ മരങ്ങള്‍ക്ക് ഒരു മനുഷ്യന് ഒരു ദിവസം ആവശ്യമായി വരുന്ന ഓക്‌സിജന്‍ നല്‍കുവാനാകും.പുതിയ തലമുറ  പ്രകൃതിയുമായി ഒരിക്കലും വേർപെടുത്താൻ കഴിയാത്ത ഒരു ബന്ധം സ്ഥാപിക്കണം ..ഭൂമിയുടെ സംരക്ഷണം ഇപ്പോള്‍ മനുഷ്യരുടെ കൈകളിൽ മാത്രമാണന്നറിയുക .



പ്രൊഫ്. ജോൺ കുരാക്കാർ

No comments: