Pages

Wednesday, June 21, 2017

കുഴിവെട്ടിമൂടുക മാലിന്യങ്ങൾ

കുഴിവെട്ടിമൂടുക മാലിന്യങ്ങൾ

കേരളം നേരിടുന്ന ഏറ്റവും വലിയ ആരോഗ്യ പ്രശ്‌നമാണ് മാലിന്യം. ഡെങ്കിപ്പനി, ചിക്കുന്‍ ഗുനിയ, മലേറിയ തുടങ്ങിയ രോഗങ്ങളൊക്കെ കൊതുകുകളില്‍ നിന്നാണ് പടരുന്നത്. കൊതുകുകള്‍ക്ക്  പെറ്റുപെരുകാന്‍ മാലിന്യക്കൂമ്പാരങ്ങള്‍ തന്നെ നാം ഒരുക്കിക്കൊടുക്കുന്നുണ്ട്. പകര്‍ച്ച വ്യാധികള്‍ ഭയാനകമാം വിധം പടരുകയാണ്. സംസ്കരിക്കപ്പെടാത്ത മാലിന്യത്തിൽ കെട്ടിക്കിടക്കുന്ന വെള്ളത്തിൽ പെറ്റുപെരുകുന്ന കൊതുകുകൾ പലതരം പനികളുടെയും പകർച്ചവ്യാധികളുടെയും രോഗാണുക്കൾ വഹിച്ച്‌ മരണദൂതരായി മാറിക്കൊണ്ടിരിക്കുന്നു.
ഡെങ്കി, എച്ച്‌ 1, എൻ 1, എലിപ്പനി തുടങ്ങിയവ പിടിപെട്ട്‌ നൂറിലേറെപ്പേർ മരിച്ചുകഴിഞ്ഞ ഈ സാഹചര്യം അതിഭയാനകമാണ് .ജനങ്ങൾ ഒറ്റക്കെട്ടായി മുന്നിട്ടിറങ്ങി ശുചീകരണ പ്രവൃത്തിയിലേർപെടേണ്ട കാലം അതിക്രമിച്ചിരിക്കുകയാണ് .നാടുമുഴുവൻ നിറഞ്ഞിരിക്കുന്ന മാലിന്യവും വൃത്തിശൂന്യതയുമാണ്‌ മഴക്കാലത്തെ പകർച്ചവ്യാധികൾക്കു കാരണമെന്ന്‌ മലയാളിക്ക് അറിയാം .പക്ഷെ അവർ ഒന്നും ചെയ്യുന്നില്ല ..മാലിന്യസംസ്കരണം സർക്കാരിന്റെയും തദ്ദേശസ്ഥാപനങ്ങളുടെയും മാത്രം ഉത്തരവാദിത്വമാണെന്ന്‌ സങ്കല്പിച്ച്‌ ഓരോ പനിക്കാലത്തും ആരോപണങ്ങളും പ്രതിഷേധങ്ങളും ഉയർത്തലാണ്‌ കേരളത്തിൽ മാറിമാറിവരുന്ന ഭരണപ്രതിപക്ഷങ്ങളുടെ കാലാകാലങ്ങളായുള്ള പരിപാടി. .
നാം വരുത്തിവച്ച ഈ വിനയുടെ ഫലമാണ്‌ ഇപ്പോൾ വാപിളർന്നു നിൽക്കുന്ന പകർച്ചവ്യാധികൾ. ഇത്രയധികം ബോധവൽക്കരണം നടന്നിട്ടും മാലിന്യം കുറയ്ക്കാൻ മലയാളികൾക്ക് കഴിയാത്തതെന്താണ്‌.? ഉപയോഗം കഴിഞ്ഞു വലിച്ചെറിഞ്ഞ ടയർ, ചിരട്ട, ബാഗ്‌, ചെരിപ്പ്‌, പാത്രം, കുപ്പി തുടങ്ങിയവയിലെല്ലാം കെട്ടിനിൽക്കുന്ന വെള്ളം കൊതുകുസാമ്രാജ്യങ്ങളാണ്‌. അവയിൽനിന്നാണ്‌ ഡെങ്കിയുടെയും ചിക്കൻ ഗുനിയയുടെയും കാലദൂതർ വരുന്നത്‌. അവ ഒഴിവാക്കിയും കാടുമൂടിയ പരിസരങ്ങളും വഴിയോരങ്ങളും വെട്ടിവൃത്തിയാക്കിയും ജൈവമാലിന്യം വെട്ടിമൂടിയും പ്ളാസ്റ്റിക്‌ ഉപേക്ഷിച്ചും  ഒരു ശുചീകരണയജ്ഞത്തിലേക്കു നാം പ്രവേശിക്കണം.
 കുഴിവെട്ടിമൂടുക മാലിന്യങ്ങൾ എന്നതാവണം നമ്മുടെ മുദ്രാവാക്യം .ഗാര്‍ഹിക മാലിന്യം വീട്ടുവളപ്പിലെ തെങ്ങിന്‍റെയോ വാഴയുടെയോ ചുവട്ടില്‍ കുഴിച്ചു മൂടാൻ കഴിഞ്ഞാൽ ഉത്തമം .ഇന്ന്  എന്തും പ്ലാസ്റ്റിക് കവറുകളില്‍ പൊതിഞ്ഞതാണ് നാം വാങ്ങുന്നത്. അവ പിന്നെയും പ്ലാസ്റ്റിക് കിറ്റിലാക്കി തൂക്കിയാലേ  നമുക്ക് തൃപ്തിയാകൂ ! മാലിന്യപ്രശ്‌നം എങ്ങനെ പരിഹരിക്കാം എന്നതിനെക്കുറിച്ച് കാല്‍നൂറ്റാണ്ടായി നാം ചർച്ചകളും സെമിനാറുകളും നടത്തുകയാണ് .വര്‍ഷത്തിലൊരിക്കല്‍ ശുചിത്വ ദിനാചരണം കൊണ്ടോ ബോധവല്‍ക്കരണം കൊണ്ടോ  മാത്രം പരിഹരിക്കാവുന്ന പ്രശ്നാമല്ലയിത് .പുഴയിലും പുഴയോരത്തും റോഡ് വക്കിലും പൊതുസ്ഥലങ്ങളിലുമെല്ലാം മാലിന്യംകൊണ്ട് നിറഞ്ഞിരിക്കുന്നു. മഴ പെയ്തതോടെ  ഇവ ചീഞ്ഞളിഞ്ഞ് ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കികൊണ്ടിരിക്കുന്നു .ആത്മാർത്ഥതയില്ലാത്ത  പ്രവർത്തനം  ഒരിക്കലും ഫലവത്താകുകയില്ല .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: