Pages

Friday, June 2, 2017

കാത്ത് കാത്തിരുന്ന മഴയെത്തി

കാത്ത് കാത്തിരുന്ന മഴയെത്തി

കേരളം മഴക്കായി കാത്തിരിക്കുകയായിരുന്നു .അങ്ങനെ ഇടവപ്പാതിയെത്തി . രൂക്ഷമായ വരൾച്ചയാണ് കഴിഞ്ഞ മാസങ്ങളിൽ സംസ്ഥാനം നേരിട്ടത്.വരൾച്ചയുടെ ദുരിതം കുറയ്ക്കാൻ വിവിധ സ്ഥാപനങ്ങൾ കോടികൾ ചെലവിട്ടിട്ടും കുടിവെള്ളക്ഷാമത്തിൽ ജനം നെട്ടോട്ടമോടുകയായിരുന്നു .മഴവെള്ളക്കൊയ്ത്തിനും ഭൂഗർഭജല പോഷണത്തിനുമായി മുൻകൂർ തയ്യാറെടുക്കേണ്ടതിന്റെ ആവശ്യകതയും ബാധ്യതയും ഓർമിപ്പിച്ചാണ് ഓരോ വേനലും എത്തുക.മഴപെയ്യുന്നതോടെ മലയാളി എല്ലാം മറക്കും . മഴ കഴിഞ്ഞവർഷത്തെ പോലെ  പെയ്തൊഴിയും. പൊള്ളുന്ന വേനൽ വീണ്ടും വരും .മഴക്കാലം പ്രയോജനപ്പെടുത്താൻ കഴിഞ്ഞില്ലെങ്കിൽകേരളത്തിൽ ഏതുകാലത്തും കുടിവെള്ളം മുട്ടുമെന്ന് ജനത്തിനറിയാം .പക്ഷെ അവർ ഒന്നുംചെയ്യുന്നില്ലതാനും .

മഴവെള്ളക്കൊയ്ത്തിന്റെ പ്രാധാന്യത്തെപ്പറ്റി കേരളം ചിന്തിക്കാനും മാറിമാറിവന്ന സർക്കാരുകൾ ഇതിനായി ഉദ്ബോധിപ്പിക്കാനും തുടങ്ങിയിട്ട് രണ്ടുപതിറ്റാണ്ട് കഴിഞ്ഞു. എന്നാൽ, ഇക്കാര്യത്തിൽ സർക്കാരോ  തദ്ദേശ ഭരണകൂടങ്ങളോ കാര്യമായി ഒന്നും ചെയ്യുന്നില്ല .മഴവെള്ളം സംഭരിക്കാൻ ജനത്തോട് നിരന്തരം ആഹ്വാനംചെയ്യുന്ന സർക്കാർ വിജയകരമായ മാതൃകകൾ സൃഷ്ടിച്ച് കാണിക്കാൻ ശ്രമിക്കുന്നില്ലഈവർഷം  മാർച്ച് മുതൽ ഏപ്രിൽവരെ മൂന്നുമാസങ്ങളിൽ താത്കാലികമായി കുടിവെള്ളം വിതരണം ചെയ്യാൻ തദ്ദേശസ്ഥാപനങ്ങൾ  മുന്നൂറുകോടിയിലധികം രൂപാചെലവായതായി അറിയുന്നു .ദീർഘകാല വീക്ഷണത്തോടെയുള്ള പദ്ധതികൾ നടപ്പാക്കാൻ കഴിഞ്ഞല്ലെങ്കിൽ  കേരളത്തിൻറെ കുടിവെള്ളപ്രശ്നം ഭാവിയിൽ അതിരൂക്ഷമാകും .

മലയാളിക്ക് കുടിവെള്ളം മുട്ടാനും നാട് മരുഭൂമിയാവാനും അധികം കാത്തിരിക്കേണ്ടതില്ലെന്ന ഞെട്ടിക്കുന്ന തിരിച്ചറിവാണ് കടന്നുപോയ കടുത്ത വരൾച്ച നമുക്ക് നൽകിയത്.ഓരോ മഴത്തുള്ളിയും വിലപ്പെട്ടതാണെന്ന ബോധമുണ്ടാകണം. മഴക്കൊയ്ത്തിനായി ഇതുവരെ ജനങ്ങളും സർക്കാരും നടത്തിയ  ഒരുക്കങ്ങൾ  അടിയന്തരമായി വിലയിരുത്തണം. ശേഷിക്കുന്ന മഴദിനങ്ങൾ ആവുന്നത് പ്രയോജനപ്പെടുത്താൻ ഔദ്യോഗികവും  അനൗദ്യോഗികവുമായ നടപടികളുണ്ടാവണം. പാടങ്ങളും നീർത്തടങ്ങളും മരങ്ങളും ഇവിടെ വേണ്ടതാണെന്ന തിരിച്ചറിവ് സമൂഹത്തിന് ഉണ്ടാകണം 


പ്രൊഫ്. ജോൺ കുരാക്കാർ

No comments: