Pages

Sunday, May 14, 2017

ദൈവമാണ് ഈ അമ്മമാര്

ഇന്ന് മാതൃദിനം

42 വയസുകാരന് ഇന്നും ചോറുവാരി നല്കുന്ന അമ്മ:
 ദൈവമാണ് അമ്മമാര്

സ്കൂള് തുറക്കാനായല്ലോ എന്ന സന്തോഷത്തില് ബാഗും കുടയും യൂണിഫോമും ഒരുക്കിവെയ്ക്കുകയാണ് 42-കാരനായ ബാബു. ചേളന്നൂര് 17/4-ല് മുതുവാട്ടുകാവില് മാളുഅമ്മയുടെ 'കുഞ്ഞ്'. സ്കൂള് തുറക്കാന് രണ്ടാഴ്ചകൂടി കാത്തിരിക്കണമെന്ന അമ്മയുടെ വാക്കുകേട്ട് അവന്റെ മുഖം വാടി. വാര്ധക്യത്തിന്റെ അവശതയിലും മാളുഅമ്മയുടെ മുഖത്തപ്പോള് ചിരിവിടര്ന്നു.നാല്പതുകളില് ബാല്യത്തിലേക്കുകടന്ന ബാബുവിപ്പോള് ചേളന്നൂര് പഞ്ചായത്ത് നടത്തുന്ന ബഡ്സ് സ്കൂളിലെ വിദ്യാര്ഥിയാണ്. ജനിച്ചനാള്മുതല് അവന്റെ ലോകത്ത് മാത്രമാണ് ഈ അമ്മ.
എല്ലാ കുഞ്ഞുങ്ങളും പിച്ചവെച്ചുനടക്കുന്ന, സംസാരിച്ചുതുടങ്ങുന്ന പ്രായത്തില് ബാബു കിടക്കപ്പായയില് ചലനമില്ലാതെ കിടന്നു. പത്തുവയസ്സുവരെ ഒരേകിടപ്പ്. കുഞ്ഞിനെയും തോളിലിട്ട് കിലോമീറ്ററുകള്താണ്ടി വൈദ്യന്മാരെയും ഡോക്ടര്മാരെയും കണ്ടു. പിന്നെ അവന് പതുക്കെ പിച്ചവെച്ചുതുടങ്ങി...ബാബുവടക്കം പറക്കമുറ്റാത്ത മൂന്ന് കുഞ്ഞുങ്ങളെ മാളുഅമ്മയെ ഏല്പ്പിച്ച് 26 വര്ഷംമുമ്പ് ഭര്ത്താവ് ജീവിതത്തോട് വിടപറഞ്ഞു. പിന്നെ, മക്കള്ക്ക് അന്നത്തിന് വക കണ്ടെത്തേണ്ട ഉത്തരവാദിത്വവും അമ്മയ്ക്കായി. 25 വയസ്സുവരെ ബാബുവിന് ചോറുവാരി നല്കി. മറ്റാരെങ്കിലും നല്കിയാല്പോലും അവന് കഴിക്കില്ല. പ്രാഥമികകൃത്യങ്ങള് ചെയ്യാനും അമ്മ സഹായിക്കണം. കിടക്കപ്പായ നനയാത്ത ദിവസങ്ങളില്ല. പണിസ്ഥലത്തുനിന്ന് ഇടയ്ക്കോടിവന്ന് കുഞ്ഞിന്റെ കാര്യങ്ങള്നോക്കും.
ഓട്ടിസം എന്ന അസുഖം എന്താണെന്നുപോലും മാളുഅമ്മയ്ക്ക് അറിയില്ലായിരുന്നു. ഇത്തരം കുഞ്ഞുങ്ങള്ക്ക് സാമൂഹികാനുഭവങ്ങള് ഒരുക്കണമെന്ന ആധുനിക മനഃശാസ്ത്രപാഠങ്ങള് അറിയാതെതന്നെ അവരത് ചെയ്തു. അവര് അവനെ ഒന്നില്നിന്നും മാറ്റിനിര്ത്തിയില്ല.പലരും കൗതുകവസ്തുവായി മോനെ കണ്ടപ്പോഴും വിവാഹവീടുകളിലും ഉത്സവപ്പറമ്പുകളിലും കൈപിടിച്ചുനടത്തി. താന് പോകുന്നിടത്തെല്ലാം അവനെയും കൊണ്ടുപോയി. അല്ലെങ്കില് ബാബുവിനെ കൊണ്ടുപോകാന് കഴിയാത്തിടത്തൊന്നും അവര് പോയില്ല. വിധിയില് തളരാതെ മകനെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവരാനുള്ള മാളുഅമ്മയുടെ പരിശ്രമങ്ങള് ഫലം കണ്ടുതുടങ്ങിയിരിക്കുന്നു. എട്ടുവര്ഷമായി സ്കൂളില്പോകുന്നു. അവനിപ്പോള് സ്വന്തം കാര്യങ്ങളെല്ലാം ചെയ്തുതുടങ്ങിയിരിക്കുന്നു. സ്കൂളില് പോകാന് തിടുക്കംകാട്ടുന്ന അവനെക്കണ്ട് 89-ാം വയസ്സില് മാളുഅമ്മ സന്തോഷക്കണ്ണീര് പൊഴിക്കുന്നു .ശാരീരികാവശത കാരണം കുട്ടിയോടൊപ്പം പോകാൻ  പറ്റില്ലല്ലോ എന്ന സങ്കടം ബാക്കി. 42 വര്ഷം ഒരു ദിവസംപോലും പിരിഞ്ഞിരിക്കാതെ അവനായി ജീവിച്ച അമ്മ തന്നെയാണ് ബാബുവിന്റെ ഭാഗ്യം.,പുണ്യം .
മാളുഅമ്മയെപ്പോലെ തന്റെ കുട്ടിക്കില്ലാത്ത ഒരാഘോഷവും തനിക്കുമില്ലെന്ന് നിശ്ചയിച്ച അമ്മമാരേറെയാണ്. 2015-ല് സംസ്ഥാന സാമൂഹികക്ഷേമവകുപ്പ് നടത്തിയ പഠനത്തില്. ഭിന്നശേഷിക്കാരായ 7,82,937 പേരാണ് സംസ്ഥാനത്തുള്ളത്. അപകടങ്ങളില് പരിക്കേറ്റും രോഗം ബാധിച്ചും ശരീരം തളര്ന്നവരും ഒട്ടേറെ. ഓട്ടിസം, സെറിബ്രല്പാള്സി, ബഹുവൈകല്യം തുടങ്ങിയ വിഭാഗത്തില്പ്പെടുന്നവര്ക്ക് അമ്മമാരുടെ സഹായവും ശ്രദ്ധയും സദാ ആവശ്യമാണ്. മക്കളെ പരിചരിക്കാനായി മെച്ചപ്പെട്ട ജോലിയും കരിയറും ഉപേക്ഷിക്കേണ്ടിവരുന്ന അമ്മമാര് നൂറുകണക്കിനാണ്. ജോലിക്ക് പോകാത്തതിനാല് പട്ടിണി കൂട്ടാവുന്ന സാധാരണക്കാരായ അമ്മമാര് അതിലേറെയും.

ഓട്ടിസം ഉള്പ്പെടെയുള്ള ഭിന്നശേഷിക്കാരുടെ അമ്മമാരുടെ മാനസികാവസ്ഥ യുദ്ധമുഖത്തെ സൈനികരുടേതിന് സമാനമാണ്. കടുത്ത മാനസികസമ്മര്ദവും ജോലിഭാരവും അമ്മമാരുടെ ആരോഗ്യത്തെ ബാധിക്കുന്നു -യു.എസിലെ വിസ്കോണ്സിന്-മാഡിസണ് സര്വകലാശാലയുടെ ഗവേഷണറിപ്പോര്ട്ടില് പറയുന്നത്. (Mathrubhumi)

Prof. John Kurakar

No comments: