Pages

Wednesday, May 24, 2017

മനുഷ്യനെ കടിച്ചുകീറിത്തിന്നുന്ന നായ്ക്കൾ

മനുഷ്യനെകടിച്ചുകീറിത്തിന്നുന്ന 
നായ്ക്കൾ

പണ്ടു മുതലേ മനുഷ്യന്റെ ഏറ്റവും അടുത്ത ഇഷ്ടക്കാരനായാണ് നായ്ക്കള്‍ അറിയപ്പെടുന്നത്. പക്ഷെ അടുത്തകാലത്തായി  വരുന്ന  വാർത്തകൾ കേട്ട് കേരളം നടുങ്ങുന്നു ,കേഴുന്നു .  വാർത്തകൾ നോക്കൂ . "ശിശുവിന്റെ മൃതദേഹം കടിച്ചുകീറി തെരുവ് നായ്ക്കള്‍. ആശുപത്രി പരിസരത്താണ് സംഭവം.,പുല്ലുവിള കടല്‍ത്തീരത്ത് വൃദ്ധയെ തെരുവ് നായ്ക്കള്‍ കടിച്ച് കീറി കൊലപ്പെടുത്തിയതോടെ തെരുവിലിറങ്ങാന്‍ ഭയക്കുകയാണ് ജനങ്ങള്‍, മൂന്ന് വയസുകാരന്‍ ദേവാനന്ദിനെ തെരുവ് നായ കടിച്ചുകീറി,. നായയുടെ ആക്രമണത്തില്‍ ദേവാനന്ദിന്റെ രണ്ടു കണ്ണുകള്‍ക്കും ചുണ്ടിനും കഴുത്തിനുംപരുക്കേറ്റു .,  വീടിനുള്ളില്‍ കളിച്ചുകൊണ്ടിരുന്ന കുട്ടിയെ നായ കടിച്ചുവലിച്ച് മുറ്റത്തിടുകയായിരുന്നു. ഇതേ നായ തന്നെ തൃക്കാരീയൂര്‍ സ്വദേശി വിജയകുമാരിയെയും ആക്രമിച്ചു,തിരുവനന്തപുരം ആറ്റിങ്ങല്‍ കാട്ടിന്‍പുറത്ത് എണ്‍പത്തഞ്ചുകാരനെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു."
നാടും നഗരവും തെരുവ് നായ്ക്കള്‍ കൈയ്യടക്കിയിരിക്കുകയാണ് .തിരുവനന്തപുരത്ത് മധ്യവയസ്‌കനെ കഴിഞ്ഞ ദിവസം നായ്ക്കൂട്ടം വളഞ്ഞിട്ട് കടിച്ചുകൊന്ന സംഭവം വാസ്തവത്തില്‍ ഞെട്ടലല്ല ഒരു തരം ഭീതിയാണ് സമൂഹത്തില്‍ സൃഷ്ടിച്ചിട്ടുള്ളത്. കാരണം പുല്ലുവിള എന്ന സ്ഥലത്ത് കഴിഞ്ഞ വര്‍ഷം ആഗസ്റ്റ് 19ന് രാത്രിയും ഇതേപോലെ ഒരു ദുരന്തമുണ്ടായി. കടപ്പുറം മേഖലയായ അവിടെ രാത്രിയില്‍ ശിലുവമ്മയെന്ന വൃദ്ധ പ്രാഥമികാവശ്യങ്ങള്‍ക്കായി പുറത്തിറങ്ങിയപ്പോള്‍ ഒരുകൂട്ടം നായ്ക്കള്‍ വളഞ്ഞിട്ട് കടിച്ചുകുടയുകയായിരുന്നു. നിലവിളിക്കാന്‍ പോലുമാവുന്നതിന് മുമ്പ് അവര്‍ ജീവന്‍ വെടിഞ്ഞു.അവിടത്തന്നെയാണ് ഏഴു മാസങ്ങള്‍ക്കുശേഷം വീണ്ടും ദുന്തമുണ്ടായിരിക്കുന്നത്. മത്സ്യത്തൊഴിലാളിയായ ജോസ്‌ക്ലിന്‍ എന്ന അമ്പതുകാരനാണ് നായ്ക്കൂട്ടത്തിന്റെ ആക്രമണത്തില്‍ ജീവന്‍ നഷ്ടമായത്.
തെരുവുനായ് ശല്യം ഇത്രയേറെ വര്‍ദ്ധിക്കാന്‍ കാരണം ഇന്നത്തെ ജീവിതരീതിയും ഭക്ഷണരീതിയും ആണെന്ന് പ്രത്യേകിച്ച് പറയേണ്ടതില്ല. അറവു മാലിന്യങ്ങള്‍ ഉള്‍പ്പെടെയുള്ളവ തിന്നുകൊഴുക്കുന്ന നായ്ക്കൂട്ടം എന്തിനും പോന്നവരാവുന്നു. ഇതിന് ഉത്തരവാദികള്‍ മനുഷ്യര്‍ തന്നെയാണെന്നത് തര്‍ക്കമറ്റ സംഗതിയത്രെ.തെരുവുനായ്ക്കളെ നിയന്ത്രിക്കാന്‍ ഒട്ടുവളരെ പദ്ധതികള്‍ സര്‍ക്കാര്‍ ആസൂത്രണം ചെയ്തിട്ടുണ്ടെങ്കിലും അതൊന്നും ലക്ഷ്യം കാണുന്നില്ലെന്ന പരിതാപകരമായ അവസ്ഥയാണ്. വന്യജീവികള്‍ക്കും മറ്റു ജന്തുവര്‍ഗങ്ങള്‍ക്കും അവകാശാധികാരങ്ങള്‍ കല്‍പിച്ചു നല്‍കിയ മനുഷ്യര്‍ തങ്ങളുടെ കാര്യത്തില്‍ നിസ്സംഗത തുടരുകയാണെന്ന് വ്യക്തമാണ്.
പല സ്ഥലങ്ങളിലും അക്രമകാരികളായ നായ്ക്കൂട്ടങ്ങളെ കൊന്നതിന്റെ പേരില്‍ ജനപ്രതിനിധികള്‍ അടക്കമുള്ളവര്‍ കേസും കൂട്ടവുമായി നട്ടംതിരിയുന്നുണ്ട്. ഓരോ മരണവും ഉണ്ടാവുമ്പോള്‍ കുറച്ചു പ്രതിഷേധവും ഒച്ചപ്പാടും മറ്റുമായി കുറെ ദിവസം പോകും ..ഈയവസ്ഥ മാറണം. അതിന് യുക്തമായ പദ്ധതികള്‍ നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ കാര്യക്ഷമതയോടെ പ്രവര്‍ത്തിക്കണം. തെരുവുനായ് നിയന്ത്രണത്തിന് സാധ്യമായ ഏതു മാര്‍ഗവും അവലംബിക്കണം. ഹതഭാഗ്യനായ ജോസ് ക്ലിന്റെ കുടുംബത്തിന്റെ കണ്ണീരൊപ്പാന്‍ സര്‍ക്കാര്‍ എല്ലാ നടപടികളും സ്വീകരിക്കണം.ജനങ്ങളുടെ ജിവനും സ്വത്തും സംരക്ഷിക്കാന്‍ ബാധ്യത സർക്കാരിനില്ലേ ?

പ്രൊഫ്. ജോൺ കുരാക്കാർNo comments: