Pages

Thursday, May 4, 2017

കേരളത്തിൽ പകര്‍ച്ചാവ്യാധികള്‍ പിടിമുറുക്കുന്നു

കേരളത്തിൽ പകര്ച്ചാവ്യാധികള്പിടിമുറുക്കുന്നു

കേരളത്തിൽ പകര്‍ച്ചാവ്യാധികള്‍ പിടിമുറുക്കുന്നതായി ഏതാനും ആഴ്ചകളായി വരുന്ന വാര്‍ത്തകള്‍ സൂചിപ്പിക്കുന്നു . പകര്‍ച്ചാവ്യാധികളില്‍ ഏറ്റവും മാരകമായ എച്ച്‌വണ്‍ എന്‍വണ്‍ വൈറസ് രോഗമാണ്  വ്യാപിച്ചിരിക്കുന്നത് . ഡെങ്കി, ചിക്കന്‍പോക്‌സ്, ഫ്‌ളൂ, ചിക്കുന്‍ഗുനിയ എന്നിവയും റിപ്പോർട്ട് ചെയ്തിട്ടുണ്ട് . വേനല്‍കാലത്ത് പൊതുവെ കാണുന്ന ചിക്കന്‍ പോക്‌സ് ബാധിച്ചത് ഇത്തവണ അരലക്ഷത്തോളം പേര്‍ക്കാണ്. പതിനയ്യായിരം പേര്‍ക്ക് ചിക്കന്‍പോക്‌സ് ബാധിക്കുകയും ആറുപേര്‍ മരിക്കുകയും ചെയ്തു. ഡെങ്കിപനി ബാധിച്ച് ഇതിനകം തന്നെ രണ്ടുപേര്‍ മരിക്കുകയും രണ്ടായിരത്തിലധികം പേര്‍ക്ക് രോഗം സ്ഥിരീകരിക്കുകയും ചെയ്തിരിക്കുന്നു.സംസ്ഥാനത്തിന്റെ എല്ലായിടത്തും ഇപ്പോള്‍ ഡെങ്കിപ്പനി സാധാരണമായിക്കഴിഞ്ഞു.മഴക്കാലത്തിനുപുറമെ വേനലിലും ആസ്പത്രികള്‍ക്കുമുമ്പില്‍ പനിബാധിതരുടെ  നീണ്ട ക്യു  രൂപപെടുകയാണ് .നമ്മുടെ  ആരോഗ്യരംഗം എത്ര  പരിതാപകരമായിരിക്കുന്നുവെന്നതിന്റെ സൂചനയാണിത് .
കുടിവെള്ളക്ഷാമം, മലിനജലം ഉപയോഗിക്കൽ  ഇവയാണ് രോഗം വ്യാപിക്കാൻ കാരണം . സംസ്ഥാനത്താകെ 2203  ഡെങ്കിപനികളാണ്  റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌ .പബ്ലിക് ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ അവരവരുടെ ജോലി കൃത്യമായി നിര്‍വഹിച്ചാല്‍ മാത്രം വലിയൊരു പരിധിവരെ രോഗികളെ മുന്‍കൂട്ടിതന്നെ കണ്ടെത്തി ചികില്‍സ നല്‍കാന്‍ സാധിക്കും.മലിനജലവും കെട്ടിക്കിടക്കുന്ന ജലവുമാണ് ഈഡിസ് കൊതുകുപോലുള്ളവ പെറ്റുപടരാന്‍ കാരണമാകുന്നത്. ഇക്കാര്യത്തില്‍ വീട്ടമ്മമാരെ കൂടുതലായി ബോധവല്‍കരിക്കേണ്ടതുണ്ട്. ചിരട്ടയിലും മറ്റ് അവശിഷ്ടവസ്തുക്കളിലും കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് കൊതുകുകള്‍ മുട്ടയിട്ട് പെരുകുന്നത്. ഇതെക്കുറിച്ച് ബോധവല്‍കരണം നടത്തുന്നതിന് തദ്ദേശസ്ഥാപനങ്ങളും മുന്‍കയ്യെടുക്കേണ്ടതുണ്ട്.
വേനൽ കാലത്ത് തന്നെ  ഇതാണ് അവസ്ഥയെങ്കില്‍ വരാനിരിക്കുന്ന മഴക്കാലം എങ്ങനെയാകുമെന്ന ഭയം ഇപ്പോള്‍തന്നെ നമുക്കുണ്ടാവണം; അതിനുള്ള മാലിന്യസംസ്‌കരണം പോലുള്ള പ്രതിരോധ നടപടികളും. പ്രതിരോധസംവിധാനം കാര്യക്ഷമമാക്കുകയാണ് രണ്ടാമത്തെ വഴി. പരിസരശുചിത്വത്തിന്റെ കാര്യത്തില്‍ കേരളം പിറകോട്ടുപോയതാണ് പകർച്ചവ്യാധികൾ പടരാൻ കാരണം . മാസാവശിഷ്ടങ്ങള്‍ കണ്ടിടത്തൊക്കെ വലിച്ചെറിയുന്ന കോഴി വ്യാപാരികൾ  വർദ്ധിച്ചതോടെ വഴിയോരങ്ങള്‍ തെരുവുനായ്ക്കളെ കൊണ്ട്  നിറഞ്ഞു.ഇതോടൊപ്പം പെരുകിയ കൊതുകും പുഴുക്കളും മലയാളിയെനിത്യരോഗിയാക്കി മാറ്റികൊണ്ടിരിക്കുന്നു .പരിസരശുചിത്വം പാലിക്കുക എന്നതല്ലാതെ  മറ്റൊരു വഴിയുമില്ല .സര്‍ക്കാരിനൊപ്പം ആരോഗ്യപ്രവര്‍ത്തകരും ജനങ്ങളും ഒത്തൊരുമിച്ച് പരിശ്രമിച്ചാല്‍ ദുരിതത്തിൽ നിന്ന് കരകയറാം


പ്രൊഫ്. ജോൺ കുരാക്കാർ

No comments: