Pages

Monday, May 15, 2017

കൊച്ചി മെട്രോ ലോകത്തിനു മാതൃക

കൊച്ചി മെട്രോ
ലോകത്തിനു മാതൃക

23 ഭിന്നലിംഗക്കാർക്ക് ജോലി നൽകി കൊച്ചി മെട്രോ ചരിത്രത്തിന്റെ ഭാഗമാകുന്നു. ടിക്കറ്റ് കൗണ്ടറുകൾ, ഹൗസ് കീപിംഗ്, പാര്ക്കിംഗ്, കസ്റ്റമര് റിലേഷന്സ്, ടിക്കറ്റ് വെന്ഡിംഗ്, ഗാര്ഡനിംഗ്, കാന്റീൻ തുടങ്ങിയ ജോലികളാണ് ഇവരെ ഏൽപ്പിക്കുക. ഇവരെ കൂടാതെ 530 കുടുംബശ്രീ പ്രവർത്തകർക്കും കൊച്ചി മെട്രോയിൽ ജോലി നൽകിയിട്ടുണ്ട്.

നഗരഗതാഗതത്തിലെ എല്ലാ കുരുക്കുകളിലും യാത്ര ദുരിതങ്ങളിലും മലയാളികൾ കണ്ട  സ്വപ്‌നം കൊച്ചിയില്‍ യാഥാര്‍ഥ്യമാവുകയാണ്. 2003 മുതല്‍ കേരള ജനത സ്വപ്‌നം കണ്ട കൊച്ചി മെട്രോ റെയില്‍ ആകാശ പാതയിലൂടെ കുതിച്ചു പായാന്‍ തയ്യാറെടുത്തിരിക്കുന്നു. . ട്രയല്‍ സര്‍വീസ് അടക്കമുള്ള അവസാന വട്ട ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. മെട്രോ സംവിധാനത്തിലെ നിസാരമെന്ന് തോന്നുന്ന ഏറ്റവും ചെറിയ കാര്യങ്ങള്‍ പോലും പലതവണ പരിശോധിച്ച് പരീക്ഷിച്ച് കുറ്റമറ്റതാണെന്ന് ഉറപ്പിച്ചു കഴിഞ്ഞു.
ഒരു ചെറിയ പാലം പൂര്‍ത്തിയാക്കാന്‍ പോലും വര്‍ഷങ്ങളെണ്ണി കാത്തിരിക്കേണ്ടിവരുന്ന നാടിന് നാലു വര്‍ഷം കൊണ്ട് ആദ്യഘട്ടം പൂര്‍ത്തിയാക്കിയ കൊച്ചി മെട്രോ ഒരു അത്ഭുതം തന്നെയാണ്. 5182 കോടി രൂപ ചെലവില്‍ സംസ്ഥാനത്തെ തന്നെ ഏറ്റവും ബൃഹത്തായ അടിസ്ഥാന സൗകര്യ വികസന പദ്ധതികളിലൊന്ന് സാക്ഷാത്കരിക്കപ്പെടുമ്പോള്‍ ഒരു ഭരണകൂടത്തിന്റെ ഇച്ഛാശക്തിയാണ് അംഗീകരിക്കപ്പെടുന്നതും അഭിനന്ദിക്കപ്പെടുന്നതും.സവിശേഷതകള്‍ ഏറെയുണ്ട് കൊച്ചി മെട്രോക്ക്. കമ്മ്യൂണിക്കേഷന്‍ ബേസ്ഡ് ട്രെയിന്‍ കണ്‍ട്രോള്‍ സംവിധാനം (സി.ബി.ടി.സി) ഉപയോഗിച്ചാണ് കൊച്ചി മെട്രോ പ്രവര്‍ത്തിക്കുന്നത്. രാജ്യത്ത് ഈ സംവിധാനം ഉപയോഗിക്കുന്ന ആദ്യ മെട്രോയെന്ന ഖ്യാതി കൊച്ചിക്ക് സ്വന്തമാണ്. മാത്രമല്ല, ഏറ്റവും കുറഞ്ഞ സമയത്ത് കൂടുതല്‍ ദൂരം ഉദ്ഘാടന സര്‍വീസ് നടത്തുന്ന മെട്രോയെന്ന സവിശേഷതയും കൊച്ചിയുടെ പേരിലാവും. ആലുവ മുതല്‍ പാലാരിവട്ടം വരെയുള്ള 13 കിലോമീറ്റര്‍ ദൂരത്തില്‍ 11 സ്റ്റേഷനുകള്‍ക്കിടയിലാണ് മെട്രോയുടെ ആദ്യഘട്ട സര്‍വീസ്.
കേരളത്തിന്റെ സംസ്‌കാരവും ചരിത്രവും പാരമ്പര്യവും അടിസ്ഥാനമാക്കിയാണ് കൊച്ചി മെട്രോ സ്‌റ്റേഷനുകളുടെ ഒരുക്കം. ഹരിത ഭരിതവും പരിസ്ഥിതി സൗഹൃദവുമാണ് എല്ലാ സ്റ്റേഷനുകളും.  യാത്രക്കാര്‍ക്കായി ഒട്ടേറെ സൗകര്യങ്ങള്‍ ഉള്‍പ്പെടുത്തിയാണ് മെട്രോ ട്രെയിനുകള്‍ ഒരുക്കിയിട്ടുള്ളത്. ശാരീരികമായ പരിമിതികള്‍ ഉള്ളവരെ കൂടി പരിഗണിച്ചാണ് കോച്ചുകളുടെ രൂപകല്‍പ്പന. എല്ലാ ട്രെയിനിലും വീല്‍ചെയര്‍ കയറ്റിയിറക്കാനുള്ള സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതര പൊതു ഗതാഗത സംവിധാനങ്ങളില്‍ നിന്ന് കൊച്ചി മെട്രോയെ വ്യത്യസ്തമാക്കുന്നതില്‍ സാങ്കേതികവിദ്യക്കും ഗണ്യമായ സ്ഥാനമുണ്ടാവും. ബ്രേക്കിട്ടാല്‍ വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സാങ്കേതികവിദ്യ ഇതിനുദാഹരണമാണ്.
ഗതാഗതചരിത്രത്തിലെ നാഴികക്കല്ലുകളിലൊന്നാകുന്നത് അതിന്റെ ദീര്‍ഘവീക്ഷണത്തോടെയുള്ളതും കൃത്യതയാര്‍ന്നതുമായ നിര്‍മാണരീതികളും സേവനസംവിധാനങ്ങളും കൊണ്ടാണ്. സംസ്ഥാനത്തിന്റെ വ്യാവസായിക തലസ്ഥാനം, വ്യാപാരവിപണനകേന്ദ്രം, വിനോദസഞ്ചാരമേഖലയായ അറബിക്കടലിന്റെ റാണി, ജലഗതാഗതത്തിനുള്ള മികച്ച സൗകര്യം, നാവികസേനാ ദക്ഷിണആസ്ഥാനം, ഹൈക്കോടതി, കപ്പല്‍ശാല, അന്താരാഷ്ട്രചരക്കുകടത്തുള്ള തുറമുഖനഗരി തുടങ്ങിയ നിരവധി വിശേഷണങ്ങള്‍ക്ക് അര്‍ഹയാണ് നമ്മുടെ കൊച്ചി. ലോകത്തോടൊപ്പം കുതിക്കാന്‍ വെമ്പല്‍കൊള്ളുന്നമലയാളിക്ക് കൊച്ചിമെട്രോ ആവേശം പകരും .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: