Pages

Monday, May 29, 2017

ഇരുണ്ട ഭൂഖണ്ഡത്തിലെ ഭീകരതയുടെ ക്രൂരതകൾ

ഇരുണ്ട ഭൂഖണ്ഡത്തിലെ
ഭീകരതയുടെ ക്രൂരതകൾ
ഇരുണ്ട ഭൂഖണ്ഡം എന്ന് അറിയപ്പെടുന്ന ആഫ്രിക്ക ഒരു കൗതുകമാണ്. പക്ഷേ, കൗതുകത്തിനപ്പുറം ആഭ്യന്തര യുദ്ധങ്ങളും സാമൂഹ്യ അരക്ഷിതാവസ്ഥയും നില നിൽക്കുന്ന ഭൂമിയിലെ ഒരു കറുത്ത ഏടായി ഈ ഭൂഖണ്ഡത്തെ കാണാനാകും. ദാരിദ്ര്യം, രോഗങ്ങൾ, ആഭ്യന്തര യുദ്ധങ്ങൾ, ഗോത്ര വർഗ കലാപങ്ങൾ, തൊഴിലില്ലായ്മ ഇതിനെല്ലാം അപ്പുറത്ത് ഇസ്ലാം ഭീകരതയുടെ ക്രൂരതകൾ ഈ ഭൂഖണ്ഡത്തെ ഇപ്പോഴും ഇരുണ്ടതാക്കുന്നു.
തീവ്ര ഇസ്ലാം ഭീകരത ഈ ഭൂഖണ്ഡത്തിൽ വൻ നാശം തന്നെയാണ് വരുത്തി വയ്ക്കുന്നത്. ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ വടക്കൻ രാജ്യങ്ങളായ മൊറോക്കൊ, ടുണീഷ്യ മുതൽ തെക്കുള്ള സ്വാസിലാൻഡ്, മൊസാംബിക് വരെ ഭീകര സംഘടനകൾ ഏറെ വളർന്നിരിക്കുന്നു എന്നത് ആഫ്രിക്കയുടെ പതനത്തിന് കാരണമാകുന്നു. പശ്ചിമേഷ്യൻ രാജ്യങ്ങളിൽ തീവ്ര ഇസ്ലാമിക് സംഘടനകൾ ഒരോന്നും ഭീകര സംഘടനകളായി മാറുന്ന ഈ സാഹചര്യത്തിൽ ആഫ്രിക്കയിൽ ഉണ്ടാകുന്ന മാറ്റം സ്വഭാവികമാണ്.
ഇസ്ലാം മതത്തിന് ആഫ്രിക്കയിൽ ഏറെ സ്വാധീനമാണുള്ളത്. കണക്കുകൾ പ്രകാരം ഭൂഖണ്ഡത്തിലെ 48 ശതമാനം ജനങ്ങളും ഇസ്ലാം മതത്തിൽ വിശ്വസിക്കുന്നവരാണ്. ഇത്രയും വലിയ ഒരു ജന വിഭാഗത്തിൽ തീവ്രവാദത്തിന്റെ നിഴൽ വീഴ്ത്താൻ തീവ്ര ഇസ്ലാമിക് മത ഭ്രാന്തന്മാർക്ക് വളരെ അനായാസേന സാധിക്കും. ഇതിന് ഉത്തമ ഉദാഹരണമാണ് കിഴക്കൻ ആഫ്രിക്കയിൽ ഉടലെടുത്ത അൽ ഷബാബ്, ബൊക്കൊ ഹറാം എന്നീ ഭീകര സംഘടനകൾ. സൊമാലിയ, കെനിയ, ദിജിബൗട്ടി, നൈജീരിയ, നൈഗർ, ചാട്, ബെനിൻ, കാമറൂൺ, ടാൻസാനിയ, ഉഗാണ്ട, തുടങ്ങിയ രാജ്യങ്ങളിൽ ഈ ഭീകര സംഘടനകൾ ഏറെ വളർന്നിരിക്കുന്നു.
പശ്ചിമേഷ്യൻ രാജ്യങ്ങളിൽ വളർന്ന് പന്തലിച്ച അൽ-ഖ്വയ്ദ എന്ന ആഗോള ഭീകര സംഘടനയുടെ പിൻഗാമികളെന്ന അവകാശവുമായിട്ടാണ് ആഫ്രിക്കൻ ഭൂഖണ്ഡത്തിലെ മിക്ക ഭീകര സംഘടനകളും ഉയിർത്തെഴുന്നേറ്റത്. എന്നാൽ ഐഎസ് 2011നു ശേഷം ലോകമാനം നേടിയെടുത്ത പ്രശസ്തി ആഫ്രിക്കൻ സംഘടനകളെ ഐഎസിലേക്ക് ആനയിക്കുകയായിരുന്നു. അടുത്തിടെ കെനിയയിലും സൗത്താഫ്രിക്കയിലും നൈജീരിയയിലും നടന്ന ഭീകരവാദ ആക്രമണങ്ങൾ ഐഎസിന്റെ പിന്തുണയോടെയാണ് ആഫ്രിക്കൻ ഭീകരർ നടത്തിയതെന്ന് അമേരിക്കൻ ഇന്റലിജൻസ് ഏജൻസി പുറത്ത് വിട്ടിരുന്നു. ഇവർക്ക് വേണ്ട എല്ലാ ആയുധ ഉപകരണങ്ങളും ഐഎസ് എത്തിക്കുന്നുവെന്നും റിപ്പോർട്ടുകൾ വന്നിരുന്നു.
ആഫ്രിക്കയെ സംബന്ധിച്ച് ഒട്ടനേകം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ അന്താരാഷ്ട്ര സംഘടനകൾ ശ്രമിക്കുമ്പോൾ ഭീകരത അതിന്റെ പ്രവർത്തനങ്ങൾക്ക് വിഘ്നം സൃഷ്ടിക്കുകയാണ്. ഐക്യരാഷ്ട്ര സഭ, ആഫ്രിക്കൻ യൂണിയൻ, നാറ്റോ, യൂറോപ്യൻ യൂണിയൻ, സാർക് തുടങ്ങിയ അന്തരാഷ്ട്ര സംഘടനകൾ ആഫ്രിക്കയിൽ മികച്ച പ്രവർത്തനങ്ങൾ കാഴ്ച വയ്ക്കുന്നുണ്ട്. ഫ്രാൻസ്, ബെൽജിയം തുടങ്ങിയ രാജ്യങ്ങൾ ആഫ്രിക്കയിലെ വിവിധ രാജ്യങ്ങളിൽ തങ്ങളുടെ സൈനികരെ വിന്യസിച്ചിട്ടുണ്ട്. എന്നാൽ അപ്രതീക്ഷിതമായി ഭീകര സംഘടനകളിലെ സന്നദ്ധ പ്രവർത്തകർക്കു നേരെ നടത്തുന്ന ആക്രമണങ്ങൾ ഏറെ പരിതാപകരമാണ്.

ഒരു സുപ്രഭാതത്തോടെ ഭീകരതയെ അടിച്ചമർത്താൻ പറ്റുന്ന മേഖലയല്ല ആഫ്രിക്ക. ഇതിന് വേണ്ടത് ദീർഘ കാലത്തെ കർമ്മ പദ്ധതി തന്നെയാണ്. ആഫ്രിക്കയിലെ എല്ലാ രാജ്യങ്ങളും ആഭ്യന്തര യുദ്ധങ്ങൾ അവസാനിപ്പിച്ച് ഭീകര വാദത്തിനെതിരെ ഒന്നിച്ച് പോരാടണം. അതിർത്തികളിലെ സുരക്ഷ ശക്തമാക്കുകയും തീവ്ര മത നിലപാടുകൾ സ്വീകരിക്കുന്ന സംഘടനകളെ തുടക്കത്തിലേ ഉന്മൂലനം ചെയ്യുക എന്നതാണ് ഇതിൽ ഏറെ പ്രാധാന്യമർഹിക്കുന്നത്. ഒരു പക്ഷേ ആഫ്രിക്കൻ രാജ്യങ്ങൾ തമ്മിലുള്ള പരസ്പര ഐക്യം ഭീകരതയെ വേരോടെ പിഴുതെറിയുവാൻ സാധിക്കും എന്നതിൽ സംശമില്ല.

Prof. John Kurakar

No comments: