Pages

Sunday, May 28, 2017

ഭാരതത്തിൽ കന്നുകാലിച്ചന്തതന്നെ ഇല്ലാതായേക്കാം

ഭാരതത്തിൽ
 കന്നുകാലിച്ചന്തതന്നെ
ഇല്ലാതായേക്കാം

മനുഷ്യരെ മറന്നുകൊണ്ട് കന്നുകാലികളുടെ സംരക്ഷണത്തിനു കേന്ദ്രസർക്കാർ പുറപ്പെടുവിച്ചിരിക്കുന്ന വിജ്ഞാപനം കാരണം രാജ്യത്തു കന്നുകാലിച്ചന്ത തന്നെ ഇല്ലാതാകാൻ സാധ്യതയുണ്ട് .കശാപ്പിനായി കന്നുകാലികളെ വിൽക്കുന്നത് 23നു നിലവിൽ വന്ന നിയമത്തിലൂടെ നിരോധിച്ചിരിക്കുന്നു. കാർഷിക ആവശ്യങ്ങൾക്കുമാത്രമേ ഇനി കന്നുകാലികളെ വിൽക്കാൻ പാടുള്ളൂ. കന്നുകാലിച്ചന്തകളിൽനിന്ന് കാലികളെ വാങ്ങുന്നവർ ഇതു സംബന്ധിച്ച സത്യവാങ്മൂലം നൽകണം. പശു, പോത്ത്, എരുമ, കാള, ഒട്ടകം എന്നിവ നിരോധിത പട്ടികയിൽപ്പെടുന്ന മൃഗങ്ങളാണ്.
ഭൂരിപക്ഷ വർഗീയത പരമാവധി ചൂഷണം ചെയ്യാനുള്ള വഴികൾ  തേടുകയാണ്  ബിജെപിയുടെ ലക്ഷ്യം.എന്ന് തോന്നുന്നരീതിയിലാണ് കാര്യങ്ങൾ നീങ്ങുന്നത് . നിരവധിപേർക്ക് തൊഴിൽ നൽകുന്ന മേഖലയെന്നതു മാത്രമല്ല, പാവപ്പെട്ട വലിയൊരു വിഭാഗം ജനങ്ങളുടെ ഭക്ഷ്യാവശ്യവും തടസപ്പെടുത്തുന്നതാണ് പുതിയ കന്നുകാലി നിയമം. ഫെഡറൽ വ്യവസ്ഥിതിയോടുള്ള വെല്ലുവിളിയായി നിയമത്തെ കാണുന്നവരുണ്ട്. ഭരണഘടനാവിരുദ്ധമായ നീക്കമാണിതെന്ന് സംസ്ഥാന കൃഷിമന്ത്രി ചൂണ്ടിക്കാട്ടുന്നു.വിപണിയിൽനിന്നു വാങ്ങുന്ന കന്നുകാലിയെ കശാപ്പിനായല്ല, കാർഷികാവശ്യങ്ങൾക്കാണു വാങ്ങുന്നതെന്നുള്ള സത്യവാങ്മൂലം ഉടമ നൽകേണ്ടതുണ്ട്. വാങ്ങുന്നയാളുടെ തിരിച്ചറിയൽ രേഖയുൾപ്പെടെയുള്ള വിവരങ്ങൾ ശേഖരിക്കുകയും വേണം. വാങ്ങുന്നയാൾ കൃഷിക്കാരനാണെന്നു തെളിയിക്കാനുള്ള റവന്യൂ രേഖകളും ഹാജരാക്കേണ്ടതുണ്ട്. ആറു മാസത്തേക്ക് ഉരുവിനെ മറിച്ചു വിൽക്കാനും പാടില്ല.
 നിയമം ഇത്തരത്തിൽ ആയിരിക്കെ  കന്നുകാലിച്ചന്ത തന്നെ ഇല്ലാതാകും .കേരളത്തിൽ കശാപ്പ് പതിവുപോലെ നടക്കുകയും ചെയ്യും . ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കൂടുതലും സാന്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവരാണു മാംസാഹാരം ഉപയോഗിക്കുന്നത്. ഒരു ലക്ഷംകോടി രൂപയുടെ മാംസക്കച്ചവടമാണ് ഓരോ വർഷവും നടക്കുന്നത്. ഇതിൽ നല്ലൊരു ശതമാനം കയറ്റുമതി വരുമാനമാണ്. തോലും വൻതോതിൽ കയറ്റുമതി ചെയ്യപ്പെടുന്നു. നിരോധനത്തിൻറെ ഫലമായി ഇന്ത്യയ്ക്ക് സാമ്പത്തികനഷ്ടം ,വടക്കേഇന്ത്യയിലെ പാവപ്പെട്ടവരുടെ നിലകൂടുതൽ വഷളാകും .ക്ഷീരോത്പാദന രംഗത്തും നിയമം വലിയ പ്രതിസന്ധി സൃഷ്ടിക്കും. കറവ വറ്റിയ പശുക്കളുടെ സംരക്ഷണം പ്രശ്നമാകുന്നതോടെ ക്ഷീരകർഷകർ തൊഴിലിൽനിന്നു പിന്മാറാനിടയുണ്ട്. ഇപ്പോൾത്തന്നെ വലിയ സാന്പത്തിക ബുദ്ധിമുട്ടുകൾ നേരിട്ടാണ് ക്ഷീരകർഷകർ മുന്നോട്ടു പോകുന്നത്.
വലിയൊരു ജനവിഭാഗത്തെയും സമ്പദ്വ്യവസ്ഥയെയും ബാധിക്കുന്ന ഇത്തരമൊരു തീരുമാനം കൈക്കൊള്ളുന്നതിനുമുൻപ് പാർലമെന്റിൽ ചർച്ചചെയ്യാൻ സർക്കാർ തയ്യാറാകണമായിരുന്നു . എന്തു ഭക്ഷിക്കണമെന്നും എന്തു ഭക്ഷിക്കരുതെന്നും പൗരനോട് നിഷ്കർഷിക്കാൻ ഭരണകൂടത്തിന്  അധികാരംമുണ്ടോ ?

പ്രൊഫ്. ജോൺ കുരാക്കാർ




No comments: