Pages

Tuesday, May 23, 2017

ഹിമയുഗത്തിലെ പ്രതിഭാസം ഇനിയും ആവര്‍ത്തിച്ചേക്കാം

ഹിമയുഗത്തിലെ പ്രതിഭാസം ഇനിയും ആവര്ത്തിച്ചേക്കാം; ദുരന്തത്തിന് സാക്ഷ്യം വഹിക്കേണ്ടി വരുമെന്ന് ഗവേഷകര്
ഭൂമിയില്‍ ചൂടു കുറഞ്ഞ് സകലതും തണുത്തുറഞ്ഞു പോകുന്ന ഹിമയുഗ പ്രതിഭാസം ഏറ്റവുമൊടുവില്‍ 11,000 വര്‍ഷങ്ങള്‍ക്കു മുന്‍പാണ് സംഭവിച്ചത്. അന്നിവിടെ ജീവിച്ചിരുന്നവയാണ് വളഞ്ഞുകൂര്‍ത്ത പല്ലുകളുള്ള ‘സീബര്‍ ടൂത്ത്ഡ്’ പുലികളും സമാനമായ ശരീരഘടനയുള്ള മാര്‍ജാരവിഭാഗത്തിലെ മറ്റു വമ്പന്‍ ജീവികളും. പലതരം കടുവകളും സിംഹവും ചീറ്റപ്പുലിയുമെല്ലാം ഇക്കൂട്ടത്തില്‍പ്പെടും. പക്ഷേ ഇവയെല്ലാം വംശമറ്റു പോയി. മറ്റെല്ലാത്തിനെയും ഇല്ലാതാക്കിയ കൊടുംതണുപ്പിനെപ്പോലും നേരിടാന്‍ ശേഷിയുണ്ടായിരുന്ന ഈ മൃഗങ്ങള്‍ക്ക് എങ്ങനെ വംശനാശം സംഭവിച്ചു എന്നത് ദീര്‍ഘകാലമായുള്ള സംശയമായിരുന്നു. ഇത്തരം മൃഗങ്ങള്‍ ഇരകളാക്കിയിരുന്ന ചെറുജീവികളും മറ്റും ഇല്ലാതായി പട്ടിണി കിടന്നുള്ള മരണമാണ് ഇതിനുള്ള ഏറ്റവും പ്രബലമായ ഉത്തരമായി കരുതുന്നത്.
ചരിത്രത്തില്‍ നിന്ന് പാഠങ്ങള്‍ ഉള്‍ക്കൊണ്ടായിരിക്കണം മനുഷ്യന്‍ ജീവിക്കേണ്ടത്. അല്ലെങ്കില്‍ കാത്തിരിക്കുന്നത് വന്‍ ദുരന്തങ്ങളും. അത്തരമൊരു ദുരന്തത്തിന് വൈകാതെ തന്നെ സാക്ഷ്യം വഹിക്കേണ്ടി വരുമെന്നാണ് ഗവേഷകര്‍ പറയുന്നത്. മനുഷ്യനെ നേരിട്ട് ബാധിക്കുന്നതല്ല, പക്ഷേ പ്രകൃതി ഒരിക്കലും മാപ്പു തരാത്ത ഒരു കുറ്റകൃത്യമായിരിക്കും. മാര്‍ജാര വിഭാഗത്തിലെ വലിയ മൃഗങ്ങള്‍ക്ക് ഹിമയുഗത്തില്‍ സംഭവിച്ച അതേ വിധി തന്നെ പുതിയ കാലത്തിലും ആവര്‍ത്തിക്കാനിടയുണ്ടെന്നാണ് ഓക്‌സ്‌ഫോര്‍ഡ് സര്‍വകലാശാലയിലെ വിദഗ്ധര്‍ കണ്ടെത്തിയിരിക്കുന്നത്. ഇതിനു കാരണമാകുന്നതാകട്ടെ കടുവയുടെയും പുലിയുടെയും സിംഹത്തിന്റെയുമെല്ലാം സ്വാഭാവിക ഇരകളായ ജീവികള്‍ ഇല്ലാതാകുന്നതും.
ഹിമയുഗത്തില്‍ ഈ പ്രശ്‌നം വന്നപ്പോള്‍ നാല് തരം സീബര്‍ ടൂത്ത്ഡ് പുലികളും, കേവ് & അമേരിക്കന്‍ സിംഹങ്ങളും അമേരിക്കന്‍ ചീറ്റയുമാണ് വംശനാശം വന്നു പോയത്. ഇരകളാക്കപ്പെടുന്ന ജീവികളുടെ എണ്ണം നിലവിലെ അവസ്ഥയിലാണ് കുറയുന്നതെങ്കില്‍ വൈകാതെ തന്നെ ഹിമയുഗത്തിലെ മൃഗങ്ങളുടെ അതേഗതി തന്നെയായിരിക്കും കടുവകള്‍ക്കും സിംഹങ്ങള്‍ക്കുമെല്ലാം സംഭവിക്കുകയെന്നും ഗവേഷകര്‍ പറയുന്നു. മനുഷ്യന്റെ വേട്ടയാടലും കാടുകയ്യേറ്റവുമൊക്കെയാണ് ഇത്തരത്തില്‍ മറ്റു മൃഗങ്ങള്‍ക്ക് ഇരകളെ നഷ്ടപ്പെടുത്തുന്നത്.
സുമാത്രയിലെ കാടുകളില്‍ മാത്രം കാണപ്പെടുന്ന സന്‍ഡെ ക്ലൗഡഡ് പുലികളെപ്പോലെ ചില പ്രത്യേകയിടങ്ങളെ കേന്ദ്രീകരിച്ചു ജീവിക്കുന്ന മൃഗങ്ങളെയാണ് ഇത് ഏറ്റവുമാദ്യം ബാധിക്കുക. മാര്‍ജാര വിഭാഗത്തില്‍പ്പെട്ട വലിയ മൃഗങ്ങളില്‍ ഭൂരിപക്ഷവും ഇത്തരത്തില്‍ ഓരോ പ്രത്യേകയിടങ്ങളെ കേന്ദ്രീകരിച്ചു മാത്രം ജീവിക്കുന്നവയാണെന്നും ഓര്‍ക്കണം! ‘ഇര’കളുടെ എണ്ണം സംബന്ധിച്ച ഡേറ്റാബേസും വിദഗ്ധര്‍ പരിശോധിച്ചു. കാര്യങ്ങളുടെ പോക്ക് ഇങ്ങനെയാണെങ്കില്‍ ആഫ്രിക്കന്‍ സിംഹങ്ങള്‍ താമസിക്കുന്ന മേഖലയിലെ ഇരകളുടെ എണ്ണത്തില്‍ 39 ശതമാനം വരെ കുറവുണ്ടാകും. സന്‍ഡെ ക്ലൗഡഡ് പുലികളുടെ കാര്യത്തിലാണെങ്കില്‍ അത് 37 ശതമാനവുമായിരിക്കും. ആ അവസ്ഥയില്‍ മാര്‍ജാരന്മാരിലെ വമ്പന്മാര്‍ക്ക് അധികകാലം തുടരാനുമാകില്ല. പ്രത്യേക ആവാസവ്യവസ്ഥയെ മാത്രം ആശ്രയിച്ച് ജീവിക്കുന്ന ഈ രണ്ട് മൃഗങ്ങള്‍ക്കുമാണ് കൂട്ടത്തില്‍ വലിയ ഭീഷണി. പുറകെ കടുവകളും സിംഹങ്ങളും ചീറ്റപ്പുലിയുമെല്ലാം പട്ടിണിയിലാകും.
ഇതൊരു മുന്നറിയിപ്പായിത്തന്നെ ഗവേഷകര്‍ നല്‍കിക്കഴിഞ്ഞു. ഇന്ത്യയ്ക്കും ഇത് ബാധകമാണ്. ഗുജറാത്തിലെ ഗീര്‍വനങ്ങളെ കേന്ദ്രീകരിച്ച് ജീവിക്കുന്ന ഏഷ്യന്‍ സിംഹങ്ങള്‍ക്കും ഇരകളില്ലാതാകുന്നത് ഭീഷണിയാകും. കടുവകളുടെ കാര്യത്തില്‍ വേട്ടക്കാരില്‍ നിന്നു തന്നെ രക്ഷപ്പെടാന്‍ അവ പാടുപെടുമ്പോഴാണ് ഇരകളും കൂടി ഇല്ലാതാകുന്ന അവസ്ഥ. കേരളത്തില്‍ ഉള്‍പ്പെടെ കടുവകളുടെ എണ്ണം കുറയാതിരിക്കണമെങ്കില്‍ അവയുടെ ആവാസവ്യവസ്ഥ സംരക്ഷിക്കുക മാത്രമല്ല ആവശ്യമായ ഇരകളെക്കൂടി ലഭിക്കുന്നുണ്ടോയെന്ന് ഉറപ്പാക്കണം. വനനശീകരണവും വേട്ടയാടലും ഉള്‍പ്പെടെ തടയണം. സര്‍ക്കാര്‍ തലത്തില്‍ തന്നെ ഇക്കാര്യത്തില്‍ ഇടപെടല്‍ ആവശ്യമായി വരുമെന്നു ചുരുക്കം.
Prof. John Kurakar


No comments: