Pages

Thursday, May 18, 2017

അമിതമായി ആധുനിക സാങ്കേതിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്നത് അപകടകരം

അമിതമായി  ആധുനിക സാങ്കേതിക
സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്നത് 
അപകടകരം
ആധുനിക സാങ്കേതിക വിദ്യയില്‍ ലോകം മുന്നേറിക്കൊണ്ടിരിക്കുകയാണ് . മനുഷ്യന്റെ ജിവിത സൗകര്യങ്ങള്‍ വര്‍ധിപ്പിക്കാന്‍ സാങ്കേതിക വിദ്യകള്‍ക്ക് കഴിയുമെന്ന കാര്യത്തിൽ സംശയമില്ല .എന്നാൽ അമിതമായി  ആധുനിക സാങ്കേതിക സംവിധാനങ്ങളെ മാത്രം ആശ്രയിക്കുന്നത് അപകടകരമാണെന്ന് കഴിഞ്ഞ ഒരാഴ്ചയായി ലോകം നേരിട്ടുകൊണ്ടിരിക്കുന്ന വാനാക്രൈ വൈറസ് സൈബര്‍ ആക്രമണം തെളിയിച്ചിരിക്കുകയാണ് .ഭാരതം അടിസ്ഥാനപരമായി ഒരു കാർഷിക രാജ്യമാണ് .ഇന്ത്യയെ പോലെ എഴുപതു ശതമാനം പേരും ഗ്രാമീണരായ ഒരു രാജ്യത്ത് സാമ്പത്തിക ഇടപാടുകളെല്ലാം കമ്പ്യൂട്ടറും മൊബൈലും വഴി ഡിജിറ്റലാക്കുക എളുപ്പമുള്ള ഒരു കാര്യമല്ല .തങ്ങളുടെ വരുമാനത്തില്‍ നിന്ന് സ്വരുക്കൂട്ടിവെക്കുന്ന പണം ബാങ്കിനോ സര്‍ക്കാരിനോ നല്‍കിയാല്‍ അത് സുരക്ഷിതമായിരിക്കുമെന്ന് ഇപ്പോഴത്തെ അവസ്ഥയിൽ പറയാൻ കഴിയുമോ ?
സൈബര്‍ ഹാക്കിങ് ബാങ്കിങ് മേഖലയെയാണ് ബാധിക്കുന്നതെങ്കില്‍ എന്തായിരിക്കും രാജ്യത്തിന്റെയും ജനങ്ങളുടെയും അവസ്ഥ? കഴിഞ്ഞ ദിവസങ്ങളില്‍ ലോകത്തെ നൂറ്റമ്പതോളം രാജ്യങ്ങളിലായി നടന്ന സൈബര്‍ ആക്രമണം രണ്ടു ലക്ഷത്തിലധികം കമ്പ്യൂട്ടറുകളെ ബാധിക്കുകയും 2500 കോടിയുടെ നഷ്ടമുണ്ടാക്കിയെന്നുമാണ് ഏകദേശ കണക്ക്. ബാങ്കുകള്‍, റെയില്‍വെ, വിമാനത്താവളങ്ങള്‍, ഓഹരി വിപണികള്‍ എന്നിവയില്‍ കനത്ത ഭീഷണിയാണ് നിലനില്‍ക്കുന്നത്.ഏതാനും ഗ്രാമ പഞ്ചായത്തുകളുടെ കമ്പ്യൂട്ടര്‍ സംവിധാനവും ആക്രമണത്തിനിരയായി. നോട്ടു പിൻവലിച്ചപ്പോൾ തന്നെ നാട്ടിലെ  പാവപ്പെട്ട തൊഴിലാളികളും കര്‍ഷകരും ചെറുകിട കച്ചവടക്കാരുമൊക്കെ അനുഭവിച്ച യാതനയും വേദനയും പറഞ്ഞറിയിക്കാനാവില്ല .
മനുഷ്യജീവിതം എല്ലാതരത്തിലും സാങ്കേതികതക്ക് പിന്നാലെ പായുമ്പോള്‍ അടിസ്ഥാന ജീവിത പ്രശ്‌നങ്ങള്‍ക്ക്  പരിഹാരം കാണാൻ കഴിയാതെപോകുന്നു.കാര്‍ഷികാധിഷ്ഠിതമായ നമ്മുടെ  രാജ്യത്ത് അമിതമായി  ആധുനിക സംവിധാനങ്ങളെ ആശ്രയിക്കുന്നതിനെക്കുറിച്ച് വീണ്ടുവിചാരം  അനിവാര്യമാണ് .

പ്രൊഫ്. ജോൺ കുരാക്കാർ




No comments: