Pages

Wednesday, May 17, 2017

കേരളത്തിൽ റോഡപകടങ്ങൾ വർദ്ധിച്ചുവരുന്നു

കേരളത്തിൽ റോഡപകടങ്ങൾ 
വർദ്ധിച്ചുവരുന്നു

റോഡപകടങ്ങളിൽ  ഏറ്റവുംകൂടുതൽമരിക്കുന്നത്  കൗമാരക്കാര്‍ ആണ് .ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). 2015ല്‍ 1.2 മില്യണിലധികം കൗമാരക്കാര്‍ മരണമടഞ്ഞുവെന്നും ഇതില്‍ പത്തില്‍ ഒരാളുടെ മരണത്തിന് കാരണമായത് റോഡ് അപകടങ്ങളാണെന്നും  അറിയിച്ചു .അപകട മരണങ്ങളില്‍ 15-19നും ഇടയില്‍ പ്രായമുള്ള ആണ്‍കുട്ടികളാണ് കൂടുതലെന്നുംപഠനം വ്യക്തമാക്കുന്നു .കേരളത്തിലാകട്ടെ  റോഡുകളുടെ സംവഹന ശേഷിയ്ക്ക്‌ മുകളില്‍ വാഹനങ്ങള്‍ പെരുകിയിരുന്നു. ഒപ്പം റോഡപകടങ്ങളും. റോഡപകടങ്ങളിലെ മരണസംഖ്യ വര്‍ഷംതോറും കുത്തനെ ഉയരുകയാണ്‌. നാഷണല്‍ ഹൈവേകളും സ്റ്റേറ്റ്‌ ഹൈവേകളും ഇടറോഡുകളും നഗര-ഗ്രാമ റോഡുകളുമെല്ലാം അപകടങ്ങളുടെ ആധിക്യം മൂലം അക്ഷരാര്‍ത്ഥത്തില്‍ കുരുതിക്കളമായി മാറിയിരിക്കയാണ്‌.

റോഡിലെ കാല്‍നടക്കാരുടെയും വാഹനയാത്ര ചെയ്യുന്ന സാധാരണക്കാരുടെയും ജീവന്‌ വിലയില്ലാതായി. എപ്പോള്‍ വേണമെങ്കിലും റോഡപകടങ്ങളില്‍ ചെന്നു പെടാം. സ്വകാര്യ ബസ്സുകളുടെ മരണപ്പാച്ചില്‍ ജനങ്ങളുടെ സുരക്ഷിതത്വത്തിന്‌ ഒരു വിലയും അവർ കൽപ്പിക്കുന്നില്ല . അശ്രദ്ധമായ ഡ്രൈവിംഗ്‌,  റോഡ്‌ നിര്‍മാണത്തിലെ അപാകതകള്‍, ഡ്രൈവിംഗ്‌ ലൈന്‍സ്‌ നല്‍കുന്നതിലെ അഴിമതികള്‍, പ്രാപ്തരും പക്വമതികളും സമചിത്തരുമായ ഡ്രൈവര്‍മാരുടെ അഭാവം എന്നിവയെല്ലാം റോഡപകടങ്ങളുടെ ക്രമാതീതമായ പെരുകലിന്‌ കാരണമാകുന്നുണ്ട്‌.പലപ്പോഴും റോഡ്‌ നിയമങ്ങള്‍ കാറ്റിൽ പറത്തുകയാണ് .. സാമാന്യ റോഡ്‌ മര്യാദ പോലും പാലിക്കാത്ത ഡ്രൈവിംഗാണ്‌ മിക്കവാറും അപകടങ്ങളില്‍ കലാശിക്കുന്നത്‌.
റോഡ്‌ മുറിച്ച്‌ കടക്കാനുള്ള സീബ്രാലൈനുകളെ ഡ്രൈവര്‍മാര്‍ പരിഗണിക്കുകപോലും ചെയ്യുന്നില്ല. മദ്യപിച്ചുള്ള ഡ്രൈവിംഗ്‌, മൊബെയില്‍ ഫോണ്‍ വിളിച്ചു കൊണ്ടുള്ള ഡ്രൈവിംഗ്‌, കുട്ടികളെ കൊണ്ട്‌ വാഹനം ഓടിപ്പിക്കല്‍ തുടങ്ങി കേരളത്തിലെ റോഡുകളില്‍ നടക്കുന്നത്‌ നിയമലംഘനങ്ങളുടെ പരമ്പര തന്നെയാണ്‌. നടപ്പാതയില്ലാത്ത  റോഡുകൾ കാല്‍നടക്കാരുടെ അവകാശങ്ങളുടെ ലംഘനമാണ് . സ്കൂള്‍ ബസ്സുകളും മറ്റ്‌ വണ്ടികളും ഓടിക്കുന്ന ഡ്രൈവര്‍മാരും സ്വകാര്യ ബസ്സ്‌ ഡ്രൈവര്‍മാരും ടിപ്പര്‍ ലോറി ഡ്രൈവര്‍മാരും ഈ അടുത്തകാലത്തായി ഡ്രൈവിംഗില്‍ ആത്മസംയമനം പാലിക്കാത്തത്‌ പൊതുനിരത്ത്‌ ചോരക്കളമായി മാറുന്നതിന്‌ ഇടവരുത്തിയിരിക്കയാണ്‌.

 കൊട്ടാരക്കരയിൽ വീതി കുറഞ്ഞ കോളേജ് റോഡുകളില്‍ പോലും അമിത വേഗത്തില്‍ വാഹനങ്ങള്‍ ഓടിക്കുന്ന കൗമാരക്കാരെയും ചെറുപ്പക്കാരെയും നിയന്ത്രിക്കാൻ ആരുമില്ല .അമിതവേഗത്തിൽ വാഹനമോടിക്കുന്നത് ചെറുപ്പക്കാരായ ഡ്രൈവര്‍മാര്‍ക്ക്‌ ഒരു രസമായിത്തീര്‍ന്നിരിക്കുന്നു.പലപ്പോഴും നിരപരാധികളായ ആളുകളാണ് മരിക്കുന്നത് .ലഹരി പദാര്‍ത്ഥങ്ങളുടെ ഉപയോഗം ചെറുപ്പക്കാരായ ഡ്രൈവര്‍മാരുടെ ഇടയില്‍ വ്യാപിച്ചിരിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്‌.വാഹനങ്ങള്‍ ആളുകളെ ഇടിച്ചിട്ട്‌ നിര്‍ത്താതെ പോകുന്നതും അപകടം പറ്റിയ ആളെ ആശുപത്രിയിലാക്കുവാന്‍ ആളുകള്‍ തയ്യാറാകാത്തതും സംസ്ഥാനത്തെ സാമൂഹ്യ വ്യവസ്ഥിതിയുടെ അധഃപതനത്തെയാണ്‌ ചൂണ്ടിക്കാണിക്കുന്നത്‌.അശാസ്ത്രീയമായ റോഡുനിർമ്മാണം അപകടങ്ങൾ ക്ഷണിച്ചുവരുത്തുന്നവയാണ് .പലരും ട്രാഫിക് നിയമങ്ങൾ പാലിക്കാത്തത് അപകടങ്ങൾക്ക് കാരണമാകുന്നു .റോഡ്‌ മുറിച്ചു കടക്കുമ്പോള്‍ പോലും മൊബെയില്‍ ഫോണില്‍ സംസാരിച്ചുകൊണ്ട്‌ നടക്കുന്ന കാല്‍നട യാത്രക്കാരും അപകടങ്ങൾ വരുത്തിവയ്ക്കാൻ കാരണക്കാരാകുന്നു .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: