Pages

Saturday, May 13, 2017

നീതിപീഠത്തിന്റെ മഹത്വത്തെ കുറിച്ച്‌ സാധാരണക്കാർക്ക്‌ഉണ്ടായിക്കൊണ്ടിരിക്കുന്ന സംശയങ്ങൾ ആര് ദൂരീകരിക്കും

നീതിപീഠത്തിന്റെ മഹത്വത്തെ കുറിച്ച്സാധാരണക്കാർക്ക്ഉണ്ടായിക്കൊണ്ടിരിക്കുന്ന സംശയങ്ങൾ ആര് ദൂരീകരിക്കും ?

കൊൽക്കത്ത ഹൈക്കോടതിയിലെ ജഡ്ജിയായ സി.എസ്. കർണനെ കോടതിയലക്ഷ്യത്തിന് സുപ്രീം കോടതി ആറുമാസം തടവിനു ശിക്ഷിച്ചത് ഇന്ത്യൻ നീതിന്യായരംഗത്ത് അസാധാരണമായൊരു ഒരു സംഭവമാണ് . ഒരു ഹൈക്കോടതി ജഡ്ജിയെ ഇത്തരത്തിൽ ശിക്ഷിക്കുന്നത് ആദ്യമായാണ്.  മുൻപു സേവനമനുഷ്ഠിച്ചിരുന്ന ചെന്നൈ ഹൈക്കോടതിയിലെ ചീഫ് ജസ്റ്റിസിനും മറ്റു ന്യായാധിപർക്കുമെതിരേ ആരോപണങ്ങൾ ഉന്നയിച്ചതോടെയാണ് കർണനുമായി ബന്ധപ്പെട്ട പ്രശ്‌നം ആരംഭിച്ചത്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനും ഏഴു ജഡ്ജിമാർക്കും അഞ്ചുവർഷത്തെ കഠിനതടവ് കർണൻ വിധിച്ചതോടെയാണ് കോടതിയലക്ഷ്യക്കേസിൽ ഇപ്പോഴത്തെ ശിക്ഷ ഉണ്ടായിരിക്കുന്നത്. നേരത്തെ അദ്ദേഹത്തിന്റെ മാനസികനില...പരിശോധിക്കാൻ സുപ്രീംകോടതി വൈദ്യസംഘത്തെ നിയോഗിച്ചിരുന്നു. പരിശോധനയ്ക്കെത്തിയ സംഘത്തെ ജസ്റ്റിസ് കർണൻ തിരിച്ചയയ്ക്കുകയാണുണ്ടായത്.

 ഒരു മാസം കഴിയുമ്പോൾ ജസ്റ്റിസ് കർണൻ വിരമിക്കുമെങ്കിലും അതുവരെ കാത്തിരിക്കാൻ തയ്യാറാകാത്തതിൽ നിന്ന് ഇക്കാര്യത്തിൽ സുപ്രീം കോടതിയുടെ കർക്കശനിലപാടു വ്യക്തമാണ്.കോടതിയുടെ സ്വാതന്ത്ര്യം കൂടുതൽ സംരക്ഷിക്കാനായി സുപ്രീംകോടതി ജഡ്ജിമാരുടെ ഔദ്യോഗികമായ നിലയിലുള്ളപ്രവർത്തനങ്ങളുംതീരുമാനങ്ങളുംവിമർശനാതീതമായിരിക്കണമെന്നും വ്യവസ്ഥയുണ്ട്. ഇപ്പോഴത്തെ  സംഭവവികാസങ്ങൾ പൊതുജനങ്ങൾക്കിടയിലും ആശയക്കുഴപ്പവും സംശയങ്ങളും സൃഷ്ടിച്ചിട്ടുണ്ട്.  ജസ്റ്റിസ് കർണനെ ആറുമാസം തടവിനു ശിക്ഷിച്ച സുപ്രീംകോടതി ഇനിമേൽ ജസ്റ്റിസ് കർണന്റെ ഉത്തരവുകൾ പ്രസിദ്ധീകരിക്കരുതെന്ന് മാധ്യമങ്ങളോടു നിർദേശിച്ചിട്ടുമുണ്ട്. കോടതിവിവരങ്ങൾ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനു നിയന്ത്രണമോ മാർഗരേഖയോ വേണ്ടെന്ന് നേരത്തെ ജസ്റ്റിസ് കപാഡിയ അധ്യക്ഷനായ ഭരണഘടനാബെഞ്ച് നിശ്ചയിച്ചിട്ടുണ്ടെങ്കിലും ജസ്റ്റിസ് കർണന്റെ മാനസികനിലയിൽ സംശയം പ്രകടിപ്പിച്ച സാഹചര്യത്തിലാവണം ഇപ്പോഴത്തെ നിർദേശം.

 ഏതായാലും നീതിന്യായ വ്യവസ്ഥയിൽ വളരെയധികം ചർച്ച ചെയ്യപ്പെടാനിടയുള്ള സുപ്രധാനസംഭവമായി ഈ  വിധി മാറിക്കഴിഞ്ഞു . ഈ വിധിപ്രസ്താവം സാധാരണക്കാരെ സംബന്ധിച്ച്‌ ചില സംശയങ്ങൾ സൃഷ്ടിക്കപ്പെടുന്നുണ്ട്‌. കേവലം വ്യക്തിപരമെന്നു തോന്നാവുന്ന വിഷയങ്ങളാണ്‌ തർക്കത്തിന്‌ കാരണമായിരിക്കുന്നതെന്ന്‌ വ്യക്തമാണ്‌. ജനാധിപത്യസംവിധാനത്തിൽ നീതിന്യായവ്യവസ്ഥയ്ക്കു നിർണായക സ്ഥാനമാണുള്ളത്‌. നീതിപീഠത്തി ന്റെ മഹത്വത്തെ കുറിച്ച്‌ സാധാരണക്കാർക്ക്‌ ഉണ്ടായിക്കൊണ്ടിരിക്കുന്ന സംശയങ്ങൾ ആര് ദൂരീകരിക്കും ?


പ്രൊഫ്. ജോൺ കുരാക്കാർ

No comments: