Pages

Thursday, May 11, 2017

നമ്മുടെ പുഴകളെയും തോടുകളെയും മരണത്തിലേക്ക് തള്ളിവിടരുത്

നമ്മുടെ പുഴകളെയും തോടുകളെയും 
മരണത്തിലേക്ക് തള്ളിവിടരുത്
പുഴയുടെയും തോടിൻറെയും  പുനരുജ്ജീവനത്തിനായി എല്ലാവരും ഒന്നിക്കണം . കുടിവെള്ളം എല്ലാവരുടെയും ജീവനാഡിയാണ്. വികസനത്തിൻറെയും നഗരവത്‌കരണത്തിനുമിടയിൽ കഴിഞ്ഞ ആറുപതിറ്റാണ്ടുകൊണ്ട്‌ നമ്മുടെ  നദികളും അരുവികളും തോടുകളും  മെലിഞ്ഞു. പലതും ഇല്ലാതെയായി .ചിലതൊക്കെ അഴുക്കുചാലുകളായി മാറി. കേരളം കുടിവെള്ളത്തിനു കേണുകൊണ്ടിരിക്കുന്ന ഇക്കാലത്ത്‌ മനുഷ്യർ വിചാരിച്ചാൽ  ജലശ്രോതസുകളെ പുനർജീവിപ്പിക്കാൻ  കഴിയും.
അഴുക്കുചാലായിത്തീർന്ന കാനാമ്പുഴയെ വീണ്ടും പുഴയാക്കിയെടുക്കാനുള്ള ഒരു പൊതുജനയത്നം കണ്ണൂരിൽ ആരംഭിച്ചു കഴിഞ്ഞു .ഒരിക്കൽ നെല്ലറകൾ സൃഷ്ടിച്ചുകൊണ്ട്‌ ഒഴുകിയിരുന്ന കാനാമ്പുഴ ഇന്ന്‌ മണ്ണും മാലിന്യവുമടിഞ്ഞ്‌ ഒഴുക്കുനിലച്ച്‌ നശിച്ചുകിടക്കുകയാണ്.സർക്കാരിന്റെ ഹരിതകേരളം പദ്ധതിയിൽപ്പെടുത്തി കാനാമ്പുഴയെ വീണ്ടെടുക്കാൻവേണ്ടി അയ്യായിരംപേർ ഒരുമിച്ച്‌ മേയ്‌ 17-ന്‌ ശുചീകരണം നടത്താൻ  തീരുമാനിച്ചിരിക്കുന്നു .ഈ  ഭഗീരഥപ്രയത്നം  കേരളത്തിനു മുഴുവൻ മാതൃകയാണ് .ആലപ്പുഴ ജില്ലയിലെ കുട്ടമ്പേരൂർ ആറിനെ ബുധനൂർ  ഗ്രാമപ്പഞ്ചായത്തിന്റെ നേതൃത്വത്തിൽ ശുചീകരിച്ച്‌ നീരൊഴുക്കു സുഗമമാക്കി വീണ്ടെടുത്തത്‌  ഒരു മഹാസംഭവം തന്നെയാണ് .
ഭൂതകാലത്ത്‌ ജലസമൃദ്ധമായിരുന്ന  നമ്മുടെ  ചെറുപുഴകൾ കാലാന്തരത്തിൽ കൈയേറ്റവും മാലിന്യനിക്ഷേപവുംകൊണ്ട്‌  പലതും പാഴടഞ്ഞു പോയി .തലസ്ഥാനനഗരമായ തിരുവനന്തപുരത്തിന്റെ ഹൃദയത്തിലൂടെ ഒഴുകുന്ന കിള്ളിയാർ, മാലിന്യവും മണ്ണുംനിറഞ്ഞ്‌ ഒഴുക്കില്ലാതായി മരണത്തിലേക്ക്‌ നീങ്ങിക്കൊണ്ടിരിക്കുന്നു.മരിച്ചുകൊണ്ടിരിക്കുന്ന ,മലിനമായിക്കൊണ്ടിരിക്കുന്ന നമ്മുടെ പുഴകളെ  മനുഷ്യ സന്നദ്ധതയും സമർപ്പണവുംകൊണ്ട്‌ വിളിച്ചുണർത്താവുന്നതാണ് . പാഴടഞ്ഞ പുഴകളുടെയും നീരൊഴുക്കുകളുടെയും വിലാപത്തിന്‌ സർക്കാരും പൊതുജനങ്ങളും കാതോർക്കണം.
മാലിന്യ നദിയായി ഒഴുകിക്കൊണ്ടിരിക്കുന്ന പുലമൺ തോടിനെ രക്ഷിക്കാൻ കൊട്ടാരക്കര നിവാസികൾ ഉണരണം .മീൻപിടിപാറയിൽ നിന്ന് ഒഴുകിവരുന്ന തെളിനീരുറവ  കൊട്ടാരക്കര പട്ടണത്തിലെത്തുന്നതോടെ  മാലിന്യം കൊണ്ട് നിറയുന്നു .വെള്ളത്തിന്റെയും വില അറിയുന്നവർ  ജലശ്രോതസുകളെ നശിപ്പിക്കില്ല ."ജലകണികകള്‍ കരയുകയും ചിരിക്കുകയും ദേഷ്യപ്പെടുകയും പരിഭവിക്കുകയും നിരാശപ്പെടുകയും ഒക്കെ ചെയ്യുന്നതായി " പഠനങ്ങൾ പറയുന്നു .
കേരളത്തിലെ നദികളെല്ലാം മരണശയ്യയിലാണെന്ന്‌ നദികളെ കുറിച്ച്‌ പഠിക്കാൻ നിയോഗിക്കപ്പെട്ട അശ്വിനികുമാർ അധ്യക്ഷനായ പാർലമെന്ററി സമിതി രാജ്യസഭയിൽ അവതരിപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. പശ്ചിമഘട്ടത്തിൽ നിന്നും ഉത്ഭവിക്കുന്ന കേരളത്തിലെ 44 നദികളുടെയും സ്വാഭാവികമായ ഒഴുക്ക്‌ നഷ്ടമായിക്കഴിഞ്ഞു എന്ന റിപ്പോർട്ടിലെ കണ്ടെത്തൽ ആരെയും ഞെട്ടിക്കുന്നതാണ്‌. ഓരോ നദിയുടെയും നാശം നമ്മുടെ വംശത്തിന്റെ നിലനിൽപ്പിനെയാണ്‌ ചോദ്യം ചെയ്യുന്നത്‌. നദികളെ രക്ഷിക്കാനായി പല നിർദേശങ്ങളും സമിതി മുന്നോട്ടുവയ്ക്കുന്നുണ്ട്‌. നദീതട കയ്യേറ്റം, മാലിന്യ നിക്ഷേപം, വനനശീകരണം, കുന്നിടിക്കൽ, വയൽ നികത്തൽ ഇവയൊക്കെ നിയന്ത്രിച്ചാൽ നദികളെ സംരക്ഷിക്കാൻ  കഴിയും

പ്രൊഫ്. ജോൺ കുരാക്കാർ


No comments: