Pages

Wednesday, May 10, 2017

കോളേജുകളിൽ പഠനം വേണോ അതോ ആയുധപരിശീലനം മതിയോ ? രക്ഷിതാക്കളും സംസാരിക്കട്ടെ

കോളേജുകളിൽ പഠനം വേണോ അതോ ആയുധപരിശീലനം മതിയോ ? രക്ഷിതാക്കളും സംസാരിക്കട്ടെ

കേരളത്തിലെ പ്രധാന  കലാലയങ്ങൾ  കലാപാലയങ്ങളായി മാറുമ്പോൾ വിദ്യാർഥികളുടെ കാര്യത്തിൽ താത്പര്യമുള്ള രക്ഷിതാക്കൾ  അസ്വസ്ഥരാകും .എറണാകുളം മഹാരാജാസ് കോളജ്, പാലക്കാട് വിക്ടോറിയ കോളജ്, തൊടുപുഴ ന്യൂമാൻ കോളജ്  തുടങ്ങിയ കോളേജുകളിൽ  അടുത്തകാലത്തു നടന്ന ചില സംഭവങ്ങൾ കലാലയ രാഷ്ട്രീയത്തിന്റെ അപകടകരമായ പോക്കിനെയാണു സൂചിപ്പിക്കുന്നത്. സമൂഹത്തിൽ ഉണ്ടാകുന്ന ചലനം കലാലയങ്ങളിൽ അലയടിക്കും .അത് യുവജനങ്ങളെ അസ്വസ്ഥരാക്കുകയും ചെയ്യും . എന്നാൽ  കോളേജുകൾ ആയുധപ്പുരകളായിമാറിയാൽ സ്ഥിതിയെന്താകും ?
മഹാരാജാസ് കോളജിൽ വിദ്യാർഥികൾക്കായി വിട്ടുകൊടുത്ത സ്റ്റാഫ് ക്വാർട്ടേഴ്സിലെ മുറിയിൽനിന്നു ചില മാരകായുധങ്ങളും മറ്റുംപൊലീസ്  പിടിച്ചെടുത്തതായി വാർത്ത കാണാനിടയായി .  കോളജ് ഹോസ്റ്റലിൽനിന്നു കണ്ടെടുത്തതു മാരകായുധങ്ങൾ തന്നെയാണെന്നു പോലീസ് എഫ്ഐആറിൽ പറയുന്നു. ആയുധ നിയമപരിധിയിൽപെടുന്നതും അല്ലാത്തതുമായ ആയുധങ്ങൾ പിടിച്ചെടുത്തിട്ടുണ്ട്. ആയുധങ്ങൾ കണ്ടെടുത്ത മുറിയിൽ താമസിച്ചിരുന്ന വിദ്യാർഥികളോടു ചോദ്യംചെയ്യലിനു ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുമുണ്ട്. മഹാരാജാസ് കോളജ് പ്രിൻസിപ്പലിന്റെ കസേര കത്തിച്ച സംഭവം നടന്നിട്ട് അധികകാലമായില്ല.
കാന്പസുകളിൽ അക്രമപ്രവർത്തനങ്ങൾക്ക്  നേതൃത്വം നൽകുന്നത് ഒരിക്കലും പഠിക്കാൻ വരുന്ന വിദ്ധാർത്ഥികളാകാൻ സാധ്യതയില്ല .രാഷ്ട്രീയം വളർത്താൻ  ചില പ്രമുഖ വിദ്യാർത്ഥി സംഘടനകൾക്ക്  കാന്പസിനു പുറത്തുനിന്നു സഹായം ലഭിക്കുന്നുണ്ട് .പല കോളേജുകളിലും  പ്രിൻസിപ്പലിനെ അക്രമിക്കുമ്പോൾ പൊലീസ് സഹായം ലഭിക്കാറില്ല . വിക്ടോറിയ കോളജിൽ റിട്ടയർ ചെയ്യുന്ന പ്രിൻസിപ്പലിനു ശവകൂടീരമൊരുക്കിയാണു വിദ്യാർഥികൾ യാത്രയയപ്പു നൽകിയത്.ഇത്തരം സംഭവങ്ങളെ പാർട്ടിനേതാക്കൾ  പലപ്പോഴും ന്യായീകരിക്കുന്നതുംകാണാം .കാന്പസിൽ എന്ത് അക്രമം കാട്ടിയാലും തങ്ങളെ സംരക്ഷിക്കാൻ ആളുണ്ടെന്നുള്ള ചില വിദ്യാർഥികളുടെ ധാർഷ്ട്യമാണു പലേടത്തും പ്രശ്നം സൃഷ്ടിക്കുന്നത്.
അഹങ്കാരികളും അക്രമകാരികളുമായ വിദ്യാർത്ഥികളെ  രാഷ്ട്രീയ പ്രസ്ഥാനങ്ങൾക്ക് ഇന്ന് വേണം .ഇന്ന് കൂടുതൽ പേരെ കിട്ടാനുമില്ല അതുകൊണ്ട് കിട്ടുന്നവരെ  പരമാവധി ഉപയോഗിക്കുകയെന്നതാവാം രാഷ്ട്രീയക്കാരുടെ നയം. ഭാവിയിൽ ഭരണനേതൃത്വത്തിലേക്കു വരാമെന്നും മറ്റുമുള്ള പ്രതീക്ഷകൾ വിദ്യാർഥികൾക്കു രാഷ്ട്രീയക്കാർ കൊടുക്കുന്നുണ്ടാവും. എന്നാൽ, അക്രമ രാഷ്ട്രീയത്തിലൂടെ ഉന്നത തലങ്ങളിൽ എത്തിയവർ വിരളമാണ് എന്ന സത്യം അവർ അറിയുന്നില്ല . ചിലരുടെ ഭാവി തകരുന്നതോടെ പാർട്ടിനേതാക്കൾ ഉപേക്ഷിക്കുകയും ചെയ്യും . ഇന്ന് നമ്മുടെ കോളേജ് കാന്പസുകളുടെ സ്ഥിതിയൊക്കെ മാറി .സർഗ്ഗാത്മക -ക്രീയാത്മക പ്രവർത്തനങ്ങൾ ഒന്നും നടക്കുന്നില്ല . അധ്യാപന- പഠന നിലവാരത്തിലും ഗവേഷണങ്ങളിലും കൂടുതൽ മികവ് ആർജിക്കാൻ  കേരളത്തിലെ കലാലയങ്ങൾക്കു കഴിഞ്ഞു.പക്ഷെ ഇതിൻറെ നേട്ടം കുട്ടികളിൽ എത്തുന്നതുമില്ല . ആധുനിക ലോകത്തിന്റെ വെല്ലുവിളികൾ നേരിടാൻ വിദ്യാർഥികളെ സജ്ജരാക്കുന്ന വിദ്യാഭ്യാസമാണു കലാലയങ്ങളിൽനിന്നു ലഭിക്കേണ്ടത്. ആയുധ പരിശീലനവും പകയും വളർത്തിയിട്ടു എന്തു പ്രയോജനം ?

പ്രൊഫ്. ജോൺ കുരാക്കാർNo comments: