Pages

Thursday, April 27, 2017

നമ്മുടെ നദികൾ

നമ്മുടെ നദികൾ

കേരളത്തിൽ നാൽപ്പത്തിനാല് നദികൾ , വലുതും ചെറുതുമായ പുഴകൾ!. നിരവധി ചെറിയ ചെറിയ ജലസ്രോതസ്സുകൾ ഏറ്റുവാങ്ങി ഇവ നാടിനെ സമൃദ്ധിയിലേക്ക്‌ നയിക്കുന്നു. ദൈവത്തിന്റെ സ്വന്തം നാടെന്ന്‌ പ്രശസ്തി പറയാൻ തക്കവണ്ണം കേരളത്തെ ഹരിതാഭമാക്കാൻ, ഈ നദികൾ വഹിക്കുന്ന പങ്ക്‌ വലുതാണ്‌.കുടിക്കാനും കുളിക്കാനും കൃഷി ചെയ്യാനും ഈ നദികളാണ്‌ കേരളത്തിന്‌ താങ്ങാവുന്നത്‌. ഇന്ന്‌ ഈ നദികളുടെ അവസ്ഥ എന്താണ്‌?. അതാണ്‌ ഉപന്യാസത്തിന്റെ വിഷയവും. കേരളത്തിലെ നദികളെ വാഴ്ത്തിപ്പാടാത്ത കവികൾ ഇല്ല. പെരിയാറിനെക്കുറിച്ച്‌ വയലാർ പാടിയ പ്രശസ്ത വരികൾ മൂളാത്ത കേരളീയൻ ഉണ്ടോ?.
നദികൾ മരിക്കുന്നു’എന്ന ശീർഷകത്തിനു തന്നെ ഒരു പുതുമയുണ്ട്‌. മരിക്കുക എന്ന വാക്ക്‌ വിശേഷബുദ്ധിയുളള ഒരു ജീവിയോടു ചേർത്തു പറയുന്നതാണ്‌. ഒരു കാലത്ത്‌ നദികൾ സവിശേഷ ബുദ്ധിയോടെ കേരളത്തിലെ ജലസ്രോതസ്‌ നിലനിർത്തിയിരിക്കുന്നു. ഇന്ന്‌ നദികൾക്കതിനു കഴിയുന്നില്ല. നദികൾ സ്വയം മരിക്കുകയാണോ അതോ നാം കൊല്ലുകയാണോ? രണ്ടാമത്‌ പറഞ്ഞതാണ്‌ ശരി. നദികളെ ഇഞ്ചിഞ്ചായി നാം നശിപ്പിക്കുകയാണ്‌.ഒരു ഉദാഹരണം വ്യക്തമാക്കാം മനുഷ്യൻ നദികളെ വധിക്കുന്നതിന്റെ ചിത്രം അപ്പോൾ ദർശനീയമാകും .
ദക്ഷിണഗംഗ എന്നറിയപ്പെടുന്ന നദിയാണ്‌ ഭാരതപ്പുഴ അഥവ നിള. കേരളീയൻ നിളയെ നിളാദേവി’എന്നാണ്‌ സംബോധന ചെയ്തിരിക്കുന്നത്‌. അത്ര പരിപാവനതയോടും ബഹുമാനത്തോടുമാണ്‌ ഭാരതപ്പുഴയെ കേരളീയൻ ബഹുമാനിച്ചിരുന്നത്‌.മാതാവിനെപ്പോലെ മഹത്തായി അവൻ ഈ നദിയെ കണ്ടു. ഈ നദിയിൽ ബലിതർപ്പണം നടത്തിയാൽ പിതൃക്കൾക്ക്‌ മോക്ഷം ലഭിക്കുമെന്നുവരെ ഒരു വിഭാഗം ജനത വിശ്വസിച്ചു.
അടി തെളിഞ്ഞൊഴുകുന്ന പുഴയിൽ അരയോളം നീറ്റിലിറങ്ങി അവൻ തന്റെ വിശ്വാസംഅർപ്പിച്ചു.പാപനാശകാരിയായി ഒഴുകുന്ന പുഴയുടെ ഇന്നത്തെ അവസ്ഥ,അഹോ! പരമദയനീയം. ഭാരതപ്പുഴ ഇന്ന്‌ ഇരുതീരം തൊട്ട്‌ ഒഴുകാറില്ല; മധ്യത്ത്‌ ചാലിട്ടൊഴുകുന്നു.കാരണം അവളുടെ ഹൃദയം കീറി മണലൂറ്റുകാർ മണൽ വാരുന്നു പുഴയിൽ നിന്ന്‌ മണൽ കയറ്റുന്നവർക്കെല്ലാം ഒരേ മുദ്രാവാക്യം; ദീപസ്തംഭം മഹാശ്ചര്യം നമ്മുക്കും കിട്ടണം പണം, അത്ര തന്നെ. ഇതു ഭാരതപ്പുഴയുടെ മാത്രം ചരിത്രമല്ല. കൊല്ലം ജില്ലയിലെ ചെറിയ ഒരു പുഴയാണ്‌ ഇത്തിക്കരയാറ്‌.ഈ പുഴ കടന്നുവരുന്ന ഒരു പഞ്ചായത്തിൽ രണ്ടോ മൂന്നോ കടവാണുളളത്‌. ആ കടവിൽ നിന്ന്‌ ആറോ,ഏഴോ ലോഡ്‌ മണൽ വാരാനാണ്‌ പാസ്‌ നൽകിയിരിക്കുന്നത്‌ .എന്നാൽ ഒരു കടവിൽ നിന്നു മാത്രം ഇരുപതു ലോഡിൽ കൂടുതൽ വാരുന്നു. അങ്ങനെ ആ പുഴയുടെ വിവിധ കടവുകളിൽ നിന്നുമായി അഞ്ഞുറു ലോഡ്‌ മണലാണ്‌ ദിവസം പ്രതി ഊറ്റിയെടുക്കുന്നത്‌. ഇത്‌ കേരളത്തിലെ എല്ലാ പുഴകളിലും നടക്കുന്നുവെന്നറിയുമ്പോൾ നാം വിസ്മയിക്കുന്നു.
നദികൾ വറ്റി വളരാൻ മറ്റൊരു കാരണം വയൽ നികത്തലും അപ്പാർട്ടുമെന്റുകളുടെ നിർമാണവുമാണ്‌. നദികളുടെ കരകളിലുളള വയൽനികത്തുക മൂലം ജലം ഭുമിയിൽ തങ്ങുന്നില്ല. മഴ പെയ്തു കഴിഞ്ഞാൽ നിമിഷം കൊണ്ട്‌ ജലം നദിയിലെത്തും, നദി കടലിലും. മണലിന്റെ ആവശ്യം ഏറ്റവും കൂടിയിരിക്കുന്നത്‌ ബഹുനിലകളിലുളള അപ്പാർട്ടുമെന്റുകൾ പണിയാനാണ്‌. സിമന്റും മണലുമില്ലാതെ ഇവ നിർമ്മിക്കാൻ ആവില്ല. മണലൂറ്റു നിൽക്കണമെങ്കിൽ അതിന്റെ ഉപയോഗം കുറയണം. വികസ്വര രാജ്യങ്ങൾ ചെയ്യുന്നതു പോലെ വീട്‌ മരങ്ങളിലാക്കണം. വിലകൂടിയ മരങ്ങളല്ല; വെളളത്തടികൾ. അതു സംസ്കരിച്ചെടുത്ത്‌ വീടു പണിഞ്ഞാൽ മണൽ ആവശ്യമില്ലാതാകും. നദികൾ രക്ഷപ്പെടും.

നദികൾ മരിക്കുന്നതോടെ ജലസമ്പത്തും ഇല്ലാതാവും. അമിതമായിട്ടുളള ജലചൂഷണവും ഒഴിവാക്കണം. സംസ്കരിച്ച ജലം നൽകുന്ന കമ്പനികൾ രഹസ്യമായി നദികളിലെ ജലം ഊറ്റിയെടുക്കുന്നുണ്ട്‌. ജലം വായുവിനെപ്പോലെ പൊതു സ്വത്താണ്‌. എങ്കിലും ജലം വിൽക്കുന്ന നാടാണ്‌ കേരളം. സഹ്യന്റെ കുളിരുമായി ഒഴുകിയിരുന്ന നദികൾ ഇന്നു കരയുകയാണ്‌. അവയുടെ വിരിമാറ്‌ കുത്തിപ്പിളർന്ന്‌ സകലതും കവരുകയാണ്‌ സ്വന്തം മക്കൾ. ഇവിടെ കുറ്റം പറയേണ്ടത്‌ ആരെയാണ്‌?. സ്വയം തെറ്റ്്‌ ഏറ്റു പറയു; എന്നിട്ട്‌ നദികളെ രക്ഷിക്കുക. കേരളത്തിലെ ഓരോ പൗരനും ചെയ്യേണ്ട ബാധ്യതയാണത്‌.


റവ. ഫാ. യബ്ബേസ്‌ പീറ്റ

No comments: