Pages

Thursday, April 27, 2017

നല്ലവാക്കോതുവാൻ ത്രാണിയില്ലാത്ത മന്ത്രിമാരുള്ള കേരളം

നല്ലവാക്കോതുവാൻ
ത്രാണിയില്ലാത്ത മന്ത്രിമാരുള്ള കേരളം

നല്ലവാക്കോതുവാൻ ത്രാണിയുണ്ടാകണം’ എന്ന പ്രാർഥന ചൊല്ലിപ്പഠിച്ചു വന്ന പഴയതലമുറയിലെ സാമാന്യവിദ്യാഭ്യാസം മാത്രം നേടിയ രാഷ്ട്രീയ, സാമുദായിക നേതാക്കമാർ പോലും അന്തസ്സുറ്റരീതിയിൽ മാത്രം എതിരാളികളെ വിമർശിക്കുന്നതാണ്  കേരളീയരുടെ  രാഷ്ട്രീയചരിത്രം. എന്നാൽ അടുത്തകാലത്തായി  ചിലർക്ക്  വാതുറന്നാൽ  തെറി വാക്കുകൾ മാത്രമേ പുറത്തുവരൂ .ഒരു മന്ത്രിയുടെ  വാക്കുകൾ ഇങ്ങനെ "‘ഈ ജില്ലയില്‍ അതെല്ലാം പൊളിക്കാന്‍ ഒരുസബ്കലക്ടര്‍, ഒരുകോന്തന്‍ ഇറങ്ങിയിരിക്കുകയല്ലേ. ഇവനെയൊക്കെ ഊളമ്പാറക്കയക്കണം. ഊളമ്പാറക്ക്. അല്ലാതെ നേരെചൊവ്വെയൊന്നും പോകൂല്ലാ." ഇന്ത്യന്‍ ഭരണഘടനയോട് കൂറും വിധേയത്വവും പുലര്‍ത്തുമെന്നും ഭയമോ വിധേയത്വമോ കൂടാതെ ജനങ്ങള്‍ക്കുവേണ്ടി കൃത്യനിര്‍വഹണം നടത്തുമെന്നും ആണയിട്ടുപറഞ്ഞ് കേരളസംസ്ഥാനത്തെ മന്ത്രിക്കസേരയില്‍ കയറിയിരിക്കുന്ന ഒരു വ്യക്തിയില്‍നിന്നുണ്ടായതാണ് ഈ വാചകങ്ങള്‍."
ഈ മന്ത്രി പലപ്പോഴും ഇത്തരത്തിലുള്ള വിടുവായിത്തമാണ് പുറത്തു വിടുന്നത് .. മലയാളികളുടെ ഭാഷാബോധത്തെയും സാംസ്‌കാരികമഹിമയെയും അപമാനിക്കുന്ന തരത്തിലുള്ള ഭാഷാപ്രയോഗമാണിത് .സംഘബലമോ അധികാരശക്തിയോ ഉണ്ടെങ്കിൽ ആരെയും എന്തും പറയാനും ഭീഷണിപ്പെടുത്താനുമാവുമെന്നു ധരിച്ചിരിക്കുന്ന ഒരു വിഭാഗം രാഷ്ട്രീയ-സാമുദായിക നേതാക്കളുള്ള  ഒരു നാടായി കേരളം മാറിക്കൊണ്ടിരിക്കുന്നു . മൂന്നാറിലെഭൂമികൈയേറ്റക്കാർക്കെതിേര ശക്തമായ നടപടികളെടുത്ത സബ്‌കളക്ടർ ഡോ. ശ്രീറാം വെങ്കിട്ടരാമനെ ‘കോന്തൻ’ എന്നു വിളിച്ചും നിയമാനുസരണം സ്വന്തം തൊഴിൽ ചെയ്യുന്ന ഉദ്യോഗസ്ഥരെ ‘കൈ വെട്ടും’ ‘കൈ തല്ലിയൊടിക്കും’, ‘വീട്ടുകാർ വിവരമറിയും’ തുടങ്ങിയ ഭീഷണികളുയർത്തിയുമാണ്‌  ഒരു മന്ത്രി പൊതുവേദികളിൽ സംസാരിക്കുന്നത് .ഇത് നാടൻ ശൈലിയാണ് എന്ന് പറയാനാവില്ല . തെറി പറയുന്നത് ശക്തിയല്ല ,അശക്തിബോധത്തിന്റെ തുറന്ന പ്രഖ്യാപനമാണ്‌.       തെറിയിൽസംസാരിക്കുന്ന  മന്ത്രിയുടെ ഭാഷ  ഗ്രാമ്യഭാഷയാണെന്ന് പറയുമ്പോള്‍ നല്ല വൃത്തിയും വെടിപ്പുമുള്ള ഭാഷ ഉപയോഗിക്കുന്ന ഗ്രാമീണരെ മുഴുവന്‍ ആക്ഷേപിക്കുകയാണ് .ഗ്രാമ്യഭാഷ തെറിയുടെ ഭാഷയല്ല സ്നേഹത്തിൻറെ ഭാഷയാണ് .
തൽക്കാലത്തേക്ക്ജയം നേടാൻ ചിലപ്പോൾ  തെറി സഹായിച്ചേക്കാം . രാഷ്ട്രീയപ്രവർത്തകർക്കും നേതാക്കൾക്കുമെല്ലാം ഭാഷ ഉപയോഗിക്കുന്നതിൽ  വിവേകം അനിവാര്യമാണ് .വിവേകവും സംസ്‌ക്കാരവുമില്ലാത്ത മനുഷ്യൻ പോത്തിനുതുല്യം.  ചിലപ്പോൾ സംഘടനകൾ തകരാൻ ഇതുപോലെയുള്ള വ്യക്തികൾ മാത്രം മതിയാകും .


പ്രൊഫ്. ജോൺ കുരാക്കാർ

No comments: