Pages

Tuesday, March 7, 2017

അമേരിക്കയിലെ ഇന്ത്യക്കാര്‍ക്കെതിരായ ആക്രമണങ്ങള്‍ വ്യാപകമാകുന്നു



അമേരിക്കയിലെ ഇന്ത്യക്കാര്ക്കെതിരായ ആക്രമണങ്ങള്വ്യാപകമാകുന്നു

അമേരിക്കയില്‍ ഇന്ത്യന്‍ വംശജര്‍ക്കെതിരെയുള്ള ആക്രമണങ്ങള്‍ ദിനംതോറം വര്‍ധിച്ചുവരികയാണ്. ഫെബ്രുവരി 22നാണ് ഹൈദരാബാദ് സ്വദേശിയായ എന്‍ജിനിയര്‍ ശ്രീനിവാസ് കുച്ച്ഭോട്ല വംശീയവാദിയുടെ വെടിയേറ്റു മരിച്ചത്. ശ്രീനിവാസിന്റെ കൂടെയുണ്ടായിരുന്ന സുഹൃത്ത് അലോക് മഡസാനിക്കും സംഭവത്തില്‍ ഇടപെടാന്‍ ശ്രമിച്ച അമേരിക്കക്കാരന്‍ ഇയാന്‍ ഗ്രില്ലോട്ടിനും വെടിയേറ്റെങ്കിലും അവരുടെ ജീവന്‍ രക്ഷിക്കാനായി. ആദം പുരിന്‍ടണ്‍ എന്ന മുന്‍ നാവിക ഓഫീസറായ വെള്ളക്കാരനാണ് മധ്യേഷ്യക്കാരെന്ന് കരുതി രണ്ട് ഇന്ത്യക്കാര്‍ക്കെതിരെയും നിറയൊഴിച്ചത്. 'എന്റെ രാജ്യത്തുനിന്ന് പുറത്തുകടക്കൂ' എന്ന് ആക്രോശിച്ചുകൊണ്ടായിരുന്നു വെള്ളമേധാവിത്വത്തിന്റെ പ്രതിനിധിയായ ആദം പുരിന്‍ടണ്‍ വെടിവച്ചത്.

കാന്‍സാസ് ദുരന്തത്തിന്റെ ഞെട്ടല്‍ മാറുംമുമ്പ് മറ്റൊരു ഇന്ത്യക്കാരനുംകൂടി വെള്ളക്കാരന്റെ വെടിയേറ്റു മരിച്ചത് ഇന്ത്യന്‍ വംശജരെയാകെ ഭയത്തിലാഴ്ത്തിയിരിക്കുകയാണ്. സൌത്ത് കരോലിനയിലെ ലന്‍കാസ്റ്റര്‍ സിറ്റി കൌണ്ടിയിലെ വ്യാപാരി നാല്‍പ്പത്തിമൂന്നുകാരനായ ഹര്‍നിഷ് പട്ടേലിനെയാണ് വീടിന്റെ മുറ്റത്ത് വെടിയേറ്റ നിലയില്‍ കണ്ടെത്തിയത്. വ്യാഴാഴ്ച രാത്രി കട പൂട്ടി വീട്ടിലേക്ക് മടങ്ങവെയായിരിക്കും ഗുജറാത്തുകാരനായ പട്ടേലിന് വെടിയേറ്റതെന്ന് കരുതുന്നു. കടയില്‍നിന്ന് ആറു കിലോമീറ്റര്‍ അകലെയുള്ള വീട്ടിലേക്ക് പോകവെയായിരിക്കും അക്രമി പട്ടേലിനെ പിടികൂടിയതെന്നും പിന്നീട് വധിച്ചതെന്നും പൊലീസ് അറിയിക്കുന്നു.

അമേരിക്കന്‍ തലസ്ഥാനമായ വാഷിങ്ടണില്‍തന്നെ ഇന്ത്യക്കാരന് വെടിയേറ്റതാണ് മൂന്നാമത്തെ സംഭവം. വാഷിങ്ടണിലെ കെന്റിലുള്ള വസതിയില്‍ കാര്‍ നന്നാക്കുന്നതിനിടെ പുറത്തുനിന്നെത്തിയ വെള്ളക്കാരന്‍ 'സ്വന്തം രാജ്യത്തേക്ക് തിരിച്ചുപോകൂ' എന്ന് ആക്രോശിച്ച് ദീപ് റായിയെ വെടിവച്ചത്. സിഖുകാരനായ ഇയാള്‍ക്ക് അടിയന്തരചികിത്സ ലഭിച്ചത് കാരണം ജീവന്‍ നഷ്ടപ്പെടില്ലെന്നുമാത്രം. ഈ മൂന്ന് സംഭവങ്ങളും തെളിയിക്കുന്നത് ഇന്ത്യക്കാര്‍ക്കെതിരെ സംഘടിതമായ ആക്രമണംതന്നെ വെള്ള വംശീയവാദികള്‍ ആരംഭിച്ചിരിക്കുന്നുവെന്നാണ്.പ്രസിഡന്റ് തെരഞ്ഞെടുപ്പുകാലത്തും അതിനുശേഷവും ഡോണള്‍ഡ് ട്രംപും റിപ്പബ്ളിക്കന്‍ പാര്‍ടിയും നടത്തിയ തീവ്ര ദേശീയതയുടെയും വംശ- വര്‍ണവെറിയുടെയും അടിസ്ഥാനത്തിലുള്ള പ്രചാരണത്തിന്റെ ഫലമാണ് ഈ ഇന്ത്യാവിരുദ്ധ ആക്രമണമെന്നതില്‍ സംശയമില്ല. കുടിയേറ്റവിരുദ്ധവും ഇസ്ളാംവിരുദ്ധവും ഈ പ്രചാരണത്തിന്റെ രണ്ടു മുഖങ്ങളായിരുന്നു. കുടിയേറ്റക്കാര്‍ അത് ഇന്ത്യക്കാരായാലും ലാറ്റിനോകളായാലും ആഫ്രിക്കക്കാരായാലും മറ്റ് ഏഷ്യന്‍ വംശജരായാലും അമേരിക്കയ്ക്ക് വെറുക്കപ്പെട്ടവരാണെന്ന സന്ദേശമാണ് അമേരിക്കയിലെ ഭരണകൂടം മുന്നോട്ടുവയ്ക്കുന്നത്. അതിന്റെ ഇരയാവുകയായിരുന്നു ശ്രീനിവാസ് കുച്ച്ഭോട്ലയും ഹര്‍നിഷ് പട്ടേലും. അമേരിക്കയെ സ്നേഹിക്കുകയും കൂടുതല്‍ അധ്വാനിച്ച് അമേരിക്കക്കാരുടെ പ്രീതി സമ്പാദിച്ച് കൂടുതല്‍ ഉയരങ്ങളില്‍ എത്താന്‍ കഴിയുമെന്നും വിശ്വസിക്കുന്ന സാധാരണ ഇന്ത്യന്‍ യുവാവായിരുന്നു ശ്രീനിവാസ്. എന്നാല്‍,അതൊന്നും സ്വന്തം ജീവന്‍ രക്ഷിക്കാന്‍ പര്യാപ്തമായില്ല. പ്രതീക്ഷിച്ചതുപോലെതന്നെ ഇത്തരം സംഭവങ്ങളെക്കുറിച്ച് പ്രതികരിക്കാന്‍ അമേരിക്കന്‍ പ്രസിഡന്റ് ആദ്യദിവസങ്ങളില്‍ തയ്യാറായില്ല.

വൈറ്റ് ഹൌസ് ഇറക്കിയ വാര്‍ത്താക്കുറിപ്പില്‍ കാന്‍സാസ് സംഭവം 'അസ്വസ്ഥജനകമാണെന്ന്' അഭിപ്രായപ്പെട്ടെങ്കിലും പ്രസിഡന്റിന്റെ കുടിയേറ്റവിരുദ്ധ രാഷ്ട്രീയവുമായി ഇതിന് ബന്ധമൊന്നുമില്ലെന്ന വിശദീകരണമുണ്ടായി. വിവിധ ഭാഗങ്ങളില്‍നിന്ന് സമ്മര്‍ദം ഉയര്‍ന്നപ്പോഴാണ് എട്ടു ദിവസത്തിനുശേഷം മൌനം ഭഞ്ജിക്കാന്‍ ട്രംപ് തയ്യാറായത്. കാന്‍സാസ് സംഭവത്തെ അപലപിച്ച ട്രംപ് വംശീയവിദ്വേഷം അമേരിക്കയുടെ നയമല്ലെന്നും വംശീയ അതിക്രമങ്ങള്‍ക്കെതിരെ യോജിച്ചുനില്‍ക്കണമെന്നും ആഹ്വാനം ചെയ്തു. എന്നാല്‍, അതിനുശേഷവും ഇന്ത്യാവിരുദ്ധ ആക്രമണങ്ങള്‍ നടക്കുന്നുവെന്നത് അത് തടയാന്‍ ഡോണള്‍ഡ് ട്രംപ് ഭരണകൂടത്തിന്റെ ഭാഗത്തുനിന്ന് ആത്മാര്‍ഥമായ ശ്രമങ്ങളൊന്നും ഉണ്ടാകുന്നില്ലെന്നതിന്റെ സൂചനയാണ്. അമേരിക്കയില്‍ ആരംഭിച്ച ഇന്ത്യാവിരുദ്ധ ആക്രമണങ്ങള്‍. ഈ ആക്രമണങ്ങളിൽ ഇന്ത്യയുടെ ശക്തമായ പ്രതിഷേധം പ്രധാനമന്ത്രി അമേരിക്കൻ പ്രസിഡണ്ടിനെ അറിയിക്കണം .ധാരാളം അമേരിക്കൻ പൗരന്മാർ ഭാരതത്തിലും വരികയും പോവുകയും താമസിക്കുകയും ചെയ്യുന്നുണ്ട് വംശീയ ആക്രമണങ്ങൾ ഒരിടത്തും ഉണ്ടാകാൻ പാടില്ല.



പ്രൊഫ്. ജോൺ കുരാക്കാർ

No comments: