Pages

Saturday, January 28, 2017

ഓരോ വിദ്യാലയവും ഓരോ സാംസ്കാരികകേന്ദ്രമാകണം

ഓരോ വിദ്യാലയവും
ഓരോ സാംസ്കാരികകേന്ദ്രമാകണം

വിദ്യാഭ്യാസം കേവലം  അറിവ് ആര്‍ജിക്കാന്‍ മാത്രമുള്ളതല്ല ,വിദ്യാര്‍ഥിയെ വിമര്‍ശനാത്മകമായി ചിന്തിക്കാന്‍ പ്രാപ്തമാക്കാന്‍കൂടിയാണെന്നും മാര്‍ട്ടിന്‍ ലൂഥര്‍ കിങ് അഭിപ്രായപ്പെടുകയുണ്ടായി. അറിവിന്റെ പുതിയ ആകാശങ്ങള്‍ കീഴടക്കാന്‍ ചിറകുകള്‍ നല്‍കുന്നതിനൊപ്പം ജാതി- മത- വര്‍ണ ഭേദങ്ങള്‍ക്കതീതമായി മാനവികതയുടെ നന്മകളിലേക്ക് പുതിയ തലമുറയെ ഉയര്‍ത്തിക്കൊണ്ടുവരാന്‍കൂടി വിദ്യാഭ്യാസത്തിന് കഴിയേണ്ടതുണ്ട്.. ലോകത്തെവിടെയുമുള്ള സമപ്രായക്കാരുമായി അറിവിന്റെയും കഴിവിന്റെയും കാര്യത്തില്‍ തുല്യശേഷിയുള്ളവരായി നമ്മുടെ കുട്ടികളെ മാറ്റാന്‍ നമുക്ക് കഴിയണം .കേരളത്തിലെ  മുഴുവന്‍ സര്‍ക്കാര്‍ എയ്ഡഡ് വിദ്യാഭ്യാസസ്ഥാപനങ്ങളെയും മികവിന്റെ കേന്ദ്രങ്ങളാക്കി മാറ്റാനുള്ള ദീര്‍ഘവീക്ഷണത്തോടെയുള്ള പദ്ധതി നാം തയാറാക്കണം.
.പ്രീ-പ്രൈമറി വിദ്യാഭ്യാസം മുതൽ  സർക്കാരിൻറെ ശ്രദ്ധ അനിവാര്യമാണ് . പ്രീസ്കൂള്‍ വിദ്യാഭ്യാസത്തെ പൊതുവിദ്യാഭ്യാസധാരയിലേക്ക് കണ്ണിചേര്‍ക്കുകയും ശിശുകേന്ദ്രീകൃതമായ പാഠ്യപദ്ധതി രൂപരേഖ തയ്യാറാക്കുകയും വേണം .ക്യാമ്പസുതന്നെ  കുട്ടികളുടെ പാഠപുസ്തകമാകണം  ക്യാമ്പസിനെ ജൈവവൈവിധ്യ ഉദ്യാനമാക്കി മാറ്റുന്നതിലൂടെ സ്കൂള്‍പരിസരം പരിസ്ഥിതിപാഠശാലയായിത്തീരും. പ്രകൃതിയെ അറിയുന്ന തലമുറ നാളെയുടെ അനിവാര്യതയാണെന്ന് തിരിച്ചറിയണം നമ്മുടെ കുട്ടികൾ . കൃഷിയെയും കൃഷിയിടങ്ങളെയും അറിയുക എന്നതും വളരെ പ്രധാനമാണ്. മാലിന്യസംസ്കരണത്തിന്റെ അടിസ്ഥാനപാഠങ്ങള്‍ കുട്ടികള്‍ മനസ്സിലാക്കണം. ഒന്നാംക്ളാസുമുതല്‍ വായനസംസ്കാരം വളര്‍ത്തിയെടുക്കണം .. പഠനത്തിനൊപ്പം തൊഴില്‍ചെയ്യാനുള്ള കഴിവും കുട്ടിക്കുണ്ടാകണം.
വിദ്യാര്‍ഥികളുടെ സര്‍ഗപരമായ കഴിവുകള്‍ വികസിപ്പിക്കുക, കായികക്ഷമത വര്‍ധിപ്പിക്കുക, പഠനപിന്നോക്കാവസ്ഥയുള്ളവരെ പ്രത്യേകമായി പരിഗണിക്കുക, ജനാധിപത്യശീലങ്ങളും ലഹരിവിരുദ്ധ ജീവിതവീക്ഷണവും കാര്‍ഷികമേഖലയോടുള്ള ആഭിമുഖ്യവും കുട്ടികളില്‍ വളര്‍ത്തുക എന്നിവയെല്ലാം  വളരെ പ്രധാനപ്പെട്ടവയാണ് .നമ്മുടെ കുട്ടികളുടെ നല്ല ഭാവിയ്ക്കുവേണ്ടി കക്ഷിരാഷ്ട്രീയ പരിഗണനകള്‍ക്കെല്ലാം അതീതമായി ഒരു മനസ്സോടെ കേരളം ഒന്നിക്കണം .ഓരോ കുരുന്നും ഭാവിയുടെ വാഗ്ദാനമാണ്. അവരെ അറിവിന്റെ ഔന്നത്യങ്ങളിലേക്കും തിരിച്ചറിവിന്റെ വിശാലതകളിലേക്കും നന്മയുടെ നൈര്‍മല്യത്തിലേക്കും നയിക്കാന്‍ സാധിക്കണം. ഓരോ വിദ്യാലയവും ഓരോ സാംസ്കാരികകേന്ദ്രമാകണം. നാടിന്റെ അഭിമാനമായിത്തീരണം.

പ്രൊഫ്.ജോൺ കുരാക്കാർ



No comments: