Pages

Friday, January 13, 2017

നോട്ട് അസാധുവാക്കൽ ദുരൂഹതകളേറെ

നോട്ട് അസാധുവാക്കൽ ദുരൂഹതകളേറെ
ആയിരത്തിന്റെയും അഞ്ഞൂറിന്റെയും നോട്ട് അസാധുവാക്കുന്ന തീരുമാനം നടപ്പാക്കി 50 ദിവസം  കഴിഞ്ഞിട്ടും  പ്രതീക്ഷിച്ചത്ര ഫലം ലഭിച്ചോ   എന്ന് ഇന്നും വ്യക്തമല്ല.  പ്രധാനമന്ത്രി നരേന്ദ്ര മോദി രാജ്യത്തോട് നടത്തിയ പ്രസംഗത്തിൽ അതേപ്പറ്റി പ്രഖ്യാപനമുണ്ടാകുമെന്ന് പ്രതീക്ഷിച്ചതാണ്..എന്നാൽ, അദ്ദേഹം ഒന്നും പറഞ്ഞില്ലനോട്ട് പ്രതിസന്ധിമൂലം സാധാരണക്കാർ  ഇന്നും ഏറെ  കഷ്‌ടപ്പെടുകയാണ് .. അവരുടെ വിഷമം എന്നവസാനിക്കുമെന്നതിനെക്കുറിച്ചും ആരും ഒന്നും പറയുന്നില്ല .ഇപ്പോഴും  പല ട്രഷറികളിലും  പണമെത്തുന്നില്ല  പെൻഷൻകാർ  വളരെ ബുദ്ധിമുട്ടുകയാണ് .  നോട്ട് അസാധുവാക്കൽ വന്നതോടെ..കർഷകരുടെ വിളകൾക്ക് ന്യായമായ വില കിട്ടാതായി.  പ്രധാനമന്ത്രി കർഷകർക്ക് വായ്പയിൽ പലിശയിളവ് പ്രഖ്യാപിച്ചതുമാത്രമാണ് അല്പമൊരാശ്വാസം. കറൻസി ലഭ്യതക്കുറവുമൂലം  രാജ്യത്ത്  സാമ്പത്തികവളർച്ച കുറഞ്ഞു .. തൊഴിലാളികൾക്ക് വൻതോതിൽ തൊഴിൽ നഷ്‌ടമുണ്ടായിരിക്കുകയാണ് .
 പണരഹിത സമ്പദ്‌വ്യവസ്ഥ നിലവിൽ വരുമെന്നതാണ് നോട്ട് റദ്ദാക്കലുമായി ബന്ധപ്പെട്ട് ഇപ്പോൾ പറയുന്ന നേട്ടം. അതോടെ കൂടുതൽ കച്ചവടക്കാർ നികുതിപരിധിയിൽ വരുമെന്നും..നികുതിവരുമാനം കൂടുമെന്നുമാണ് ഭരണകൂടം പ്രതീക്ഷിക്കുന്നത്. ഓൺലൈൻ പണമിടപാടുകൾ സൈബർ തട്ടിപ്പിന് വഴിതുറക്കുമെന്ന് ഭയക്കുന്നവരുണ്ട്. 130  കോടി ജനങ്ങൾ ജീവിക്കുന്ന ഒരു മഹാരാജ്യമാണ് ഭാരതം നമ്മുടെ നാട്ടിൽ വിദ്യാഭ്യാസം കുറഞ്ഞവരും ഇന്റർനെറ്റ് സൗകര്യമില്ലാത്ത ഇടങ്ങളും ഏറെയാണ്. കറൻസിരഹിത സമ്പദ്‌വ്യവസ്ഥ നടപ്പാക്കാൻ അടിസ്ഥാനതലത്തിലുള്ള പ്രവർത്തനം ഇനിയുമേറെ ആവശ്യമാണ് . രാജ്യത്തെ അസാധുനോട്ടിന്റെ 90 ശതമാനത്തിലധികവും ഡിസംബർ 15-നകം തിരികെ ബാങ്കിലെത്തിയെന്നാണ് സൂചന. വിപണിയിലെ ഉയർന്നമൂല്യമുള്ള നോട്ടുകളിൽ 30-40 ശതമാനം കള്ളപ്പണമാകുമെന്നും തിരികെ ബാങ്കിലെത്തില്ലെന്നുമായിരുന്നു അധികൃതരുടെ പ്രതീക്ഷ. അങ്ങനെ കള്ളപ്പണം ഒഴിവാക്കി സാമ്പത്തികമേഖലയുടെ ശുദ്ധീകരണമാണ് ലക്ഷ്യമിട്ടത്. അത് എത്രത്തോളം ഫലപ്രദമായെന്ന് നിശ്ചിത സമയപരിധി പിന്നിട്ടിട്ടും അറിയാറായിട്ടില്ല. കള്ളപ്പണത്തെ തുരത്താനുള്ള ശ്രമത്തിനു വേണ്ടി ദുരിതം അനുഭവിച്ച സാധാരണക്കാർക്ക് അതേക്കുറിച്ചുള്ള അവകാശം ഉണ്ട് . നടപടികളുടെ സുതാര്യതയാണ് ജനാധിപത്യത്തിന്റെ നട്ടെല്ല്. സത്യസ്ഥിതി ജനങ്ങളെ അറിയിക്കാൻ  സർക്കാർ തയാറാകണം


പ്രൊഫ്. ജോൺ കുരാക്കാർ

No comments: