Pages

Saturday, January 21, 2017

ലഹരിയിൽ മുഴുകി കുടുംബം തകർക്കുന്ന വിദ്ധാർത്ഥികളും യുവാക്കളും

ലഹരിയിൽ മുഴുകി  കുടുംബം തകർക്കുന്ന വിദ്ധാർത്ഥികളും യുവാക്കളും
കേരളത്തിലെ പല സ്‌കൂളിനുള്ളിലുംലഹരി,പുറത്തും ലഹരി . കുട്ടികള്‍ ലഹരി ഉപയോഗിക്കുന്നതിൽ  രക്ഷിതാക്കൾ കടുത്ത  ആശങ്കയിലാണ് ..പട്ടണങ്ങളിലും ഗ്രാമങ്ങളിലും നിരവധി  കുട്ടികൾക്കിടയിൽ കഞ്ചാവ് ഉള്‍പ്പടെയുള്ള ലഹരി ഉപയോഗം വര്‍ധിച്ചുവരുന്നതായി  അറിയുന്നു . ചില മുതിര്‍ന്ന വിദ്യാര്‍ഥികള്‍ക്കു കഞ്ചാവ് മാഫിയയുമായി അടുത്ത ബന്ധം ഉള്ളതായി പറയപ്പെടുന്നു. ലഹരി മാഫിയ നാട്ടിന്‍ പുറങ്ങളില്‍ പോലും താവളമുറപ്പിച്ചുകഴിഞ്ഞിരിക്കുകയാണ് .ലഹരി കലര്‍ന്ന മിഠായികള്‍ വഴിയാണ് പല കുട്ടികളും ലഹരി  ആസ്വാദനത്തിന്റെ പ്രാഥമിക ഘട്ടത്തിലെത്തുന്നത് . ഹൈസ്‌കൂള്‍ തലം മുതലുള്ള പല വിദ്യാലയങ്ങളിലും ലഹരിമാഫിയകൾ നെറ്റ് വര്‍ക്കിംഗ് ഏർപെടുത്തിയിട്ടുണ്ട് അതി വിപുലമാണ് നാട്ടിലെ ലഹരി വിപനണ സംഘത്തിന്റെ സംവിധാനങ്ങള്‍ എന്നാണു വിവരം. ലഹരിമൂലം കുട്ടികൾ മനോരോഗികളാകുകയാണ് .
ശാരീരികവും മാനസികവും വൈകാരികവുമായ പക്വതയെത്താത്ത പ്രായത്തിൽ ലഹരിവസ്തുക്കൾ തേടിപ്പോകാൻ മാത്രം എന്താണ് നമ്മുടെ കുട്ടികളുടെ പ്രശ്നം?. ലഹരിയുടെ ദുർഭൂതം കേരളത്തിലെ വിദ്യാലയങ്ങളിൽ കടന്നുകയറിയിട്ട് വർഷങ്ങൾ ഏറെയായി . പഠിക്കേണ്ട  പ്രായത്തിൽ എന്തുകൊണ്ടാണ് നമ്മുടെ കുഞ്ഞുങ്ങളിൽ കുറേപ്പേരെങ്കിലും ആനന്ദത്തിന് മറുവഴികൾ തേടുന്നതെന്ന് അന്വേഷിക്കാൻ  രക്ഷിക്കാൻ തയാറാകാത്തത് എന്തുകൊണ്ട് ?.  അതിവേഗം പടർന്നുകൊണ്ടിരിക്കുന്ന  ഈ ലഹരിശൃംഖല ഒരുതലമുറയെത്തന്നെ ഇരുട്ടിലാഴ്ത്തുകയാണ്. രക്ഷിതാക്കളുടെ അമിതപ്രതീക്ഷയും അടിച്ചേൽപ്പിക്കുന്ന അച്ചടക്കവും ഇഷ്ടമേഖലയിൽ വ്യാപരിക്കാൻ അനുവദിക്കാത്തതും തുടങ്ങി വൈകാരികസമ്മർദങ്ങളാണ്  കുട്ടികളെ ലഹരിയിലേക്കു പ്രേരിപ്പിക്കുന്നത് എന്ന്  ഒരു കൂട്ടം അഭിപ്രായപ്പെടുന്നു
മദ്യപാനം സമൂഹസ്വീകാര്യതയുള്ള ആനന്ദമാർഗമാണെന്ന് വീടുകളിൽ നിന്നുതന്നെ കുറച്ചു കുട്ടികൾ  മനസ്സിലാക്കുന്നു . നമ്മുടെ വിദ്യാലയങ്ങൾ ലഹരിമുക്തമാക്കാൻ  നമുക്ക് കഴിയുമോ? അധ്യാപകരും രക്ഷിതാക്കളും പോലീസും എക്സൈസും സന്നദ്ധസംഘടനകളും വിദ്യാർഥിപ്രസ്ഥാനങ്ങളും തദ്ദേശസ്ഥാപനങ്ങളും സർക്കാറും ഒത്തുചേർന്നുള്ള പ്രവർത്തനതത്തിലൂടെ മാത്രമേ  ഇതിനു കഴിയൂ . ബോധവത്കരണം കൊണ്ടുമാത്രം ലഹരിയുടെ നീരാളിക്കൈകളിൽ നിന്ന് കുട്ടികളെ രക്ഷിക്കാൻ  നമുക്ക് കഴിയുമെന്ന് തോന്നുന്നില്ല .നമ്മുടെ കുട്ടികളെ രക്ഷിക്കാൻ  നമുക്ക് മുന്നിട്ടിറങ്ങാം  .
,പ്രൊഫ്. ജോൺ കുരാക്കാർ

No comments: