Pages

Thursday, January 19, 2017

ഗാന്ധിജിയെ അവഹേളിക്കരുത്

ഗാന്ധിജിയെ അവഹേളിക്കരുത്

ഖാദി ഗ്രാമവ്യവസായ കമ്മിഷന്റെ കലണ്ടറിലും ഡയറിയിലും ഗാന്ധിജിക്കു പകരം പ്രധാനമന്ത്രി നരേന്ദ്രമോഡി സ്ഥാനം പിടിച്ചിരിക്കുകയാണ്‌. ലോകത്തുടനീളമുള്ള നിസ്സഹായ ജനതക്ക് വിമോചനപ്പോരാട്ടത്തിന്റെ ലളിതവും ഫലപ്രദവുമായ പുതിയ വഴി എന്നെന്നേക്കുമായി തെളിയിച്ചുകൊടുക്കുകയും ചെയ്ത യുഗപുരുഷന്‍ എന്ന നിലയിലാണ് മഹാത്മാഗാന്ധി എന്ന മോഹന്‍ദാസ് കരംചന്ദ് ഗാന്ധി ചരിത്രത്തില്‍ വിലയിരുത്തപ്പെടുന്നത്. അഗാധമായ ദൈവബോധവും മനുഷ്യനിലും അവന്റെ നന്മയിലുമുള്ള അടിയുറച്ച വിശ്വാസവുമായിരുന്നു ഗാന്ധിയന്‍ ജീവിതദര്‍ശനത്തിന്റെ കാതല്‍. . ഗാന്ധിജി ഒരു ആദർശവാദിയായിരുന്നു. ഖാദി കമ്മിഷൻ എന്ന്‌ പറയുന്ന സ്ഥാപനം കേന്ദ്രസർക്കാരിന്‌ കീഴിൽ തുടങ്ങിയത്‌ മഹാത്മാഗാന്ധിയുടെ ആശയങ്ങൾ പ്രചരിപ്പിക്കാനാണ്‌.
 സ്വദേശിവസ്ത്രവും ചർക്കയിൽ നൂൽനൂൽപ്പും ഗാന്ധിജി തന്റെ പ്രധാന സന്ദേശമാക്കി മാറ്റിയത്‌ ഈ നാട്ടിലെ സാധാരണക്കാരന്‌ ആത്മാഭിമാനം നൽകുന്നതിന്‌ വേണ്ടിയായിരുന്നു. ബ്രിട്ടീഷ്‌ ഭരണത്തോടുള്ള ഏറ്റവും കടുത്ത വെല്ലുവിളിയും ലളിതമായ ചർക്കയിൽ തയാറാക്കിയ പരുക്കൻ വസ്ത്രങ്ങളിലൂടെ ഗാന്ധിജി ഉയർത്തുകയും ചെയ്തു.എന്നാൽ, ഗാന്ധിജിയും ചർക്കയും തമ്മിലുള്ള ബന്ധമെന്തെന്ന്‌ അറിയണമെങ്കിൽ ഇന്ത്യയുടെ സ്വാതന്ത്ര്യസമര ചരിത്രം പഠിക്കണം. ബ്രിട്ടീഷുകാർ ഇന്ത്യയിൽ വന്ന്‌ തങ്ങളുടെ ലാഭം വർധിപ്പിക്കാനായി പല തട്ടിപ്പുകളും നടത്തിയതിൽ പ്രധാനം ഈ നാട്ടിലെ പരമ്പരാഗത തുണിവ്യവസായത്തെ തകർക്കലായിരുന്നു. നാട്ടുകാർക്ക്‌ ഉടുക്കാൻ അവർ മാഞ്ചസ്റ്ററിൽ നിന്ന്‌ മിൽത്തുണി ഇറക്കുമതി ചെയ്തു. നാട്ടുകാർ സ്വന്തമായി ഉണ്ടാക്കുന്ന വസ്ത്രം അങ്ങാടിയിൽ നിന്ന്‌ കെട്ടുകെട്ടിക്കാൻ അതിന്‌ കടുത്ത നികുതി ചുമത്തി. അതോടെ കാശുള്ളവർ വിദേശവസ്ത്രം ധരിക്കാൻ തുടങ്ങി. ഇല്ലാത്തവർ അർധനഗ്നരായി കഴിഞ്ഞുകൂടി.
ഈ നാട്ടിലെ ജനങ്ങളുടെ അവസ്ഥ എന്താണെന്ന്‌ തിരിച്ചറിഞ്ഞാണ്‌, താൻ ഇനി ചെരുപ്പോ മേൽവസ്ത്രമോ ധരിക്കുന്നില്ല എന്ന്‌ ഗാന്ധിജി നിശ്ചയിച്ചത്‌. തന്റെ സ്വന്തം വസ്ത്രം അദ്ദേഹം ചർക്കയിൽ നൂൽനൂറ്റ്‌ ഉണ്ടാക്കുകയും ചെയ്തു. നാട്ടിലെ ജനങ്ങളും അങ്ങനെ ചെയ്യണമെന്ന്‌ ഗാന്ധിജി ഉപദേശിച്ചു.. ഗാന്ധിജി നൂൽനൂൽക്കുന്ന ചിത്രം അങ്ങനെയാണ്‌ ഒരു രാജ്യത്തെ ജനങ്ങളുടെ അഭിമാനബോധത്തിന്റെയും ദേശീയതയുടേയും പ്രതീകമാവുന്നത്‌..ലണ്ടനിൽ വട്ടമേശ സമ്മേളനത്തിന്‌ ഗാന്ധിജി പോയത്‌ വെറും ഖാദി മേൽമുണ്ടുമായാണ്‌. ബ്രിട്ടീഷ്‌ രാജാവ്‌ ജോർജ്ജ്‌ അഞ്ചാമൻ അർധനഗ്നനായ ഇന്ത്യൻ ഫക്കീറിനെ കളിയാക്കി. ‘രണ്ട്‌ പേർക്ക്‌ ധരിക്കാനുള്ള വസ്ത്രം താങ്കൾ ഒറ്റയ്ക്ക്‌ ധരിക്കുന്നുണ്ടല്ലോ’ എന്നാണ്‌ ഗാന്ധിജി അതിന്‌ മറുപടി പറഞ്ഞത്‌.അത്‌ ചുട്ടമറുപടിയായിരുന്നു. ഇന്ത്യക്കാരന്‌ മാന്യമായി ജീവിക്കാനുള്ള സൗകര്യം പോലും നിഷേധിച്ച്‌ അവന്റെ സമ്പത്ത്‌ കട്ടെടുത്താണ്‌ ബ്രിട്ടൻ പുളച്ചുമറിഞ്ഞത്‌. ലളിതമായ ആ യാഥാർഥ്യമാണ്‌ ഗാന്ധിജി തന്റെ മറുപടിയിലൂടെ രാജാവിനോട്‌ പറഞ്ഞത് .ഗാന്ധിജിയുടെ ഏറ്റവും പ്രിയപ്പെട്ട സ്വപ്നങ്ങൾ ഇന്ന്‌ഭാരതത്തിനു നഷ്‌ടമായികൊണ്ടിരിക്കുന്നു . ഗാന്ധിജി എല്ലാമതങ്ങളെയും ആദരിച്ചിരുന്നു .തന്റെ പ്രാർഥനാ സമ്മേളനങ്ങളിൽ സർവമതങ്ങളുടെയും ഗീതങ്ങൾ ആലപിക്കുമായിരുന്നു .. ‘ഈശ്വർ അല്ലാഹ്‌ തേരേ നാം’ എന്ന്‌ പറഞ്ഞ്‌ ദൈവത്തെ സ്തുതിച്ചിരുന്നു.ഗാന്ധിജിക്കു തുല്യൻ ഗാന്ധിജി മാത്രം .അടുത്തകാലത്തായി ഗാന്ധിജിയെ അവഹേളിക്കുന്ന പ്രവണത കണ്ടുവരുന്നു .

പ്രൊഫ്. ജോൺ കുരാക്കാർ




No comments: