Pages

Monday, December 26, 2016

പ്രഭാവര്‍മയുടെ 'ശ്യാമമാധവം.'മര്‍ത്യസങ്കടങ്ങളുടെ കാവ്യം

പ്രഭാവര്മയുടെ 'ശ്യാമമാധവം.'മര്ത്യസങ്കടങ്ങളുടെ കാവ്യം
ഡോ. കെ എസ് രവികുമാര്‍
ഒരു മയില്‍പ്പീലിത്തുണ്ട്, കടമ്പിന്‍ചില്ല, ഓടക്കുഴല്‍നാദം- ഇന്ത്യന്‍മനസ്സ് ശ്രീകൃഷ്ണനിലേക്കെത്തുകയായി. യുഗങ്ങളായി ഇന്ത്യയുടെ സമൂഹചേതനയില്‍ ഏറ്റവും ആഴത്തില്‍ പതിഞ്ഞ കഥാപാത്രമാണ് ശ്രീകൃഷ്ണന്‍. കഥാപാത്രത്തിനപ്പുറം അത് ഒരു ആദിപ്രരൂപമായി ഇന്ത്യക്കാരുടെ മനസ്സില്‍ ഉറങ്ങിക്കിടക്കുന്നു. ബാലഗോപാലനായ കൃഷ്ണന്‍, ലീലാലോലുപനായ കൃഷ്ണന്‍, ഗോപികാകാമുകനായ കൃഷ്ണന്‍, രാഷ്ട്രതന്ത്രജ്ഞനായ കൃഷ്ണന്‍, ദാര്‍ശനികനായ കൃഷ്ണന്‍ എന്നിങ്ങനെ ബഹുമുഖമാണ് ആ കഥാപാത്രത്തിന്റെ മാനങ്ങള്‍. പക്ഷേ ഭക്തിയുടെ കണ്ണുകൊണ്ടാണ് ഇന്ത്യക്കാര്‍ കൃഷ്ണനെ ഏറെയും കണ്ടുപോരുന്നത്. അതിനപ്പുറത്ത്, കാലചേതനയെ ഉള്‍ക്കൊണ്ട മനുഷ്യന്‍ എന്ന നിലയില്‍ ആധുനികമായ ഒരവബോധത്തോടെ ആ കഥാപാത്രത്തെ ആവിഷ്കരിക്കാനുള്ള ശ്രമമാണ് പ്രഭാവര്‍മയുടെ 'ശ്യാമമാധവം.'
ഭാഗവതത്തിലെ വിഷ്ണുവിന്റെ അവതാരമായ കൃഷ്ണനെക്കാള്‍, ഗീതഗോവിന്ദത്തിലെ രാധാരമണനായ കൃഷ്ണനെക്കാള്‍, മഹാഭാരതത്തിലെ മാനുഷികവൈഭവങ്ങളുടെ മൂര്‍ത്തിയായ  കൃഷ്ണനെ ഉപജീവിച്ചുരചിച്ച ഈ കാവ്യം, സമീപകാലമലയാളകവിതയുടെ പൊതുശീലങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതാണ്. ആധുനികകാലത്തെ കവിതയുടെ ഒരു രീതി കാലബദ്ധമായ മനുഷ്യസങ്കടങ്ങളെ ഇതിഹാസകഥാപാത്രങ്ങളിലൂടെ ആവിഷ്കരിച്ച് പുതിയ മാനങ്ങള്‍ കൈവരിക്കുക എന്നതാണ്. ഇതിഹാസത്തിലെ കഥാപാത്രത്തെ കേന്ദ്രീകരിച്ചോ കഥാകേന്ദ്രിതമായിട്ടോ ബിംബങ്ങളെ മുന്‍നിര്‍ത്തിയോ ഈ രീതി കാണാറുണ്ട്. മഹാഭാരതകഥാപാത്രമായ ശ്രീകൃഷ്ണനെ പ്രധാനമായും കേന്ദ്രീകരിച്ച് ഈ സാധ്യതകളുടെയെല്ലാം ആവിഷ്കാരം ശ്യാമമാധവത്തില്‍ നിര്‍വഹിച്ചിരിക്കുന്നു.
ജീവിതത്തിന്റെ അന്ത്യമുഹൂര്‍ത്തത്തില്‍നിന്നുകൊണ്ടുള്ള ശ്രീകൃഷ്ണന്റെ ഒരു തിരിഞ്ഞുനോട്ടത്തിന്റെ ഘടനയിലാണ്  ശ്യാമമാധവത്തിന്റെ ആഖ്യാനശില്‍പ്പം. അതിനാമുഖമായി, താന്‍ കാണുന്ന കൃഷ്ണന്‍ ആരാണെന്ന് കവി പറയുന്നു. ഇന്ത്യന്‍മനസ്സില്‍ പല രീതിയില്‍ മുദ്രിതമാകുകയും ആരാധിക്കപ്പെടുകയുംചെയ്യുന്ന ശ്രീകൃഷ്ണനുണ്ട്. ശൈശവലീലകളാടുന്ന കുസൃതികൃഷ്ണന്‍, ഗോപികാരമണന്‍, രാധാമാധവനായ കൃഷ്ണന്‍, മഹാഭാരതയുദ്ധത്തോടുബന്ധപ്പെട്ട രംഗങ്ങളില്‍ പ്രത്യക്ഷപ്പെടുന്ന തന്ത്രജ്ഞനായ കൃഷ്ണന്‍, യുദ്ധമുഖത്ത് അര്‍ജുനന് ഗീതാമൃതം ചൊരിഞ്ഞ കൃഷ്ണന്‍ എന്നിങ്ങനെ. ഇതൊന്നുമല്ല താന്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന കൃഷ്ണന്‍ എന്ന് കവി പറയുന്നു. ഉള്‍ക്കാടുകളിലെവിടെയോ ഏകാകിയായിനിന്ന് കാലംനല്‍കിയ ദുഃഖങ്ങളില്‍ എരിഞ്ഞ് കനലായിത്തീരുന്ന കൃഷ്ണന്‍ - മര്‍ത്യാത്മാവായ ആ കൃഷ്ണനാണ് തന്റെ ഉള്ളില്‍ തെളിയുന്നത് എന്ന് കവി വെളിവാക്കുന്നു. അങ്ങനെ ശ്യാമമാധവം മര്‍ത്യദുഃഖങ്ങളുടെ കാവ്യമായിത്തീരുന്നു.
തുടര്‍ന്നുള്ള ഖണ്ഡങ്ങളില്‍ ജീവിതത്തിന്റെ അന്ത്യമുഹൂര്‍ത്തത്തില്‍ നില്‍ക്കുന്ന കൃഷ്ണനെ അവതരിപ്പിക്കുന്നു. തന്റെ ജീവിതത്തിലെ ചില നിര്‍ണായകസന്ദര്‍ഭങ്ങളെ ആത്മവിചാരണയുടെ സ്വരത്തില്‍ അനുസ്മരിക്കുകയാണ് ശ്രീകൃഷ്ണന്‍. മഹാഭാരതയുദ്ധത്തിലേക്ക് നയിച്ച സാഹചര്യങ്ങളിലും യുദ്ധത്തിലും യുദ്ധാനന്തരഘട്ടത്തിലും നിര്‍ണായകമായ പങ്കുവഹിച്ച കഥാപാത്രമാണ് ശ്രീകൃഷ്ണന്‍. യുദ്ധത്തില്‍, താന്‍ ധാര്‍മികത ദീക്ഷിച്ചില്ല എന്ന സ്വയംവിമര്‍ശനത്തിന്റെ കനല്‍ കൃഷ്ണന്റെ ഉള്ളില്‍ ജ്വലിക്കുന്നു. കര്‍ണനോടും ജയദ്രഥനോടുമൊക്കെ വിജയം നേടാനായി താന്‍ പ്രകടിപ്പിച്ച കൌശലത്തിന്റെ അധാര്‍മികതയെ ഓര്‍ക്കുന്നു. കൌരവപിതാവായ ധൃതരാഷ്ട്രരോടുള്ള തന്റെ സമീപനത്തിലെ നിരാര്‍ദ്രതയും കൂട്ടത്തിലുണ്ട്. വ്യത്യസ്ത ബന്ധഘടനകളില്‍ തന്നോട് മാനസികമായി ഏറെ അടുത്ത രാധ, രുക്മിണി, ദ്രൌപദി എന്നീ സ്ത്രീകളോട് താന്‍ പുലര്‍ത്തിയ മനോഭാവങ്ങളെയും ഈ നിലയില്‍ ആവിഷ്കരിക്കുന്നു; വിശേഷിച്ചും ദ്രൌപദിയോട് കൃഷ്ണനുണ്ടായിരുന്ന ഒട്ടൊക്കെ അവ്യാഖ്യേയമായ അടുപ്പത്തിന്റെ ഇഴകള്‍ വ്യക്തമാണ്. ഒപ്പം നൂറുമക്കളെ നഷ്ടപ്പെട്ട ഗാന്ധാരിയുടെ പ്രതികരണത്തെക്കുറിച്ചുള്ള കൃഷ്ണന്റെ ചിന്തകളും കടന്നുവരുന്നു.
ബലംകൂടിയവന്‍ ബലം കുറഞ്ഞവനെ കീഴ്പ്പെടുത്തുന്ന രീതി മനുഷ്യകുലത്തിന്റെ ആദ്യകാലങ്ങള്‍ മുതലുള്ള ഒരു യാഥാര്‍ഥ്യമാണ്. അത് എന്നും തുടരുന്നു. യുദ്ധമായി, ഹിംസയുടെ പല മുഖങ്ങളായി അത് മാനുഷ്യകത്തെ ഇരുണ്ടതാക്കുന്നു. പലരീതിയില്‍, പല സ്വഭാവത്തില്‍ അത് തുടര്‍ന്നുകൊണ്ടേയിരിക്കുന്നു. ഒരു മഹായുദ്ധത്തിന്റെ ആരംഭവികാസപരിണാമങ്ങളിലെല്ലാം നേരിട്ടോ അല്ലാതെയോ പങ്കാളിത്തമുണ്ടായിരുന്ന കഥാപാത്രമാണ് ശ്രീകൃഷ്ണന്‍. ജയം നേടിയ പക്ഷത്തിന്റെ വിജയശില്‍പ്പി. പക്ഷേ ഒടുവില്‍ കൃഷ്ണന്‍ തന്നെ തിരിച്ചറിയുന്നു, വിജയം എന്ന അവസ്ഥയുടെ അര്‍ഥശൂന്യത. എന്താണ് ധര്‍മം എന്നും എന്താണ് ജീവിതത്തിന് സാര്‍ഥകത നല്‍കുന്ന മൂല്യം എന്നുമുള്ള ചിന്തയിലേക്ക് അത് കൃഷ്ണനെ നയിക്കുന്നു. ഇവിടെ ദാര്‍ശനികനായ കൃഷ്ണനെയാണ് കവി അവതരിപ്പിക്കുന്നത്. അത് കവിതയുടെ ദര്‍ശനമാകുന്നു; കവിയുടെ ജീവിതാവബോധത്തിന്റെ സാകല്യമാകുന്നു.
ഏതാണ്ട് നാലുപതിറ്റാണ്ടുമുമ്പ് നദീതീരത്തില്‍ എന്ന കവിതയിലൂടെ മലയാളകാവ്യരംഗത്തിന്റെ ശ്രദ്ധയിലേക്കുവന്ന പ്രഭാവര്‍മ, സമര്‍പ്പണത്തോടെയുള്ള കവിതാസപര്യയ്ക്ക് ഒരിളവും കൊടുക്കാത്ത കവിയാണ്. കവിക്ക്  അവശ്യംവേണ്ട ഏകാഗ്രതയ്ക്ക് ഭംഗമുണ്ടാക്കാന്‍ ധാരാളം സാധ്യതകളുള്ള ഒരു ജീവനവൃത്തിയാണ് പത്രപ്രവര്‍ത്തനം. എന്നാല്‍, പത്രപ്രവര്‍ത്തനം ജീവിതോപാധിയായി സ്വീകരിച്ച പ്രഭാവര്‍മ തികഞ്ഞ ഏകാഗ്രതയോടെ കാവ്യരചനാവൃത്തി പിന്തുടരുന്നു. ആ സ്വയംസമര്‍പ്പണത്തിന്റെ ഏറ്റവും മികച്ച ഒരു സാക്ഷ്യവും സാഫല്യവുമാണ് ശ്യാമമാധവം. മഹാഭാരതേതിഹാസത്തിലെ മുഖ്യസ്ഥാനത്തുള്ള ഒരു കഥാപാത്രത്തെ - ഇന്ത്യന്‍ മനസ്സില്‍ ഏറ്റവും ആഴത്തില്‍ പതിഞ്ഞ കഥാപാത്രവും ആദിപ്രരൂപവുമായ ശ്രീകൃഷ്ണനെ - കേന്ദ്രീകരിച്ച് പതിനഞ്ചധ്യായങ്ങളിലായി, സംസ്കൃത ദ്രാവിഡ വൃത്തവൈവിധ്യങ്ങളുടെ വിപുലസാധ്യതകളുടെയും മലയാളത്തിലെ കാല്‍പ്പനിക കവിത സാക്ഷാല്‍ക്കരിച്ച ഭാഷാസൂക്ഷ്മതകളുടെയും ബലങ്ങളാര്‍ജിച്ചുകൊണ്ട് ഇത്തരത്തിലൊരു കാവ്യം രചിച്ചു എന്നത് ആ സമര്‍പ്പണത്തിന്റെ ആഴം വ്യക്തമാക്കുന്നു. സ്വാഭാവികമായും അതിന്റെ മികവുകള്‍ കവിതയില്‍ പ്രകടമാകുകയും അത് കവിതാമര്‍മങ്ങള്‍ അറിയുന്നവര്‍ ആദരിക്കുകയുംചെയ്തു.
തീര്‍ച്ചയായും, ഏതു സാഹിത്യവിഭാഗത്തെയും ജീവത്താക്കുന്നത് പുതുമകളുടെയും വൈവിധ്യങ്ങളുടെയും സാധ്യതയാണ്. താന്‍ പ്രവര്‍ത്തിക്കുന്ന രചനാവിഭാഗത്തിലെ ആനുകാലികപരിണാമങ്ങളെ കണ്ടറിഞ്ഞുതന്നെയാണ് ഗൌരവത്തോടെ തന്റെ സര്‍ഗക്രിയയെ കാണുന്ന ഓരോ രചയിതാവും മുന്നേറുന്നത്. എന്നാല്‍, അപ്പോഴും സ്വപ്രത്യയത്തിനായിരിക്കും പ്രാധാന്യം. മലയാളകവിതയിലെ സമകാലികമായ പല  രീതികളെയും വഴക്കങ്ങളെയും, ഇത് തന്റെ വഴിയല്ല എന്ന ബോധ്യത്തോടെ ഒഴിവാക്കിയാണ് പ്രഭാവര്‍മയുടെ കാവ്യയാനം. സൌപര്‍ണിക, ചന്ദനനാഴി, അര്‍ക്കപൂര്‍ണിമ, കാലപ്രയാഗ, അപരിഗ്രഹം തുടങ്ങിയ അദ്ദേഹത്തിന്റെ കാവ്യസമാഹാരങ്ങളെല്ലാം ആ സമീപനത്തിന് അടിവരയിടുന്നു.

അതേസമയം താന്‍ ജീവിക്കുന്ന കാലത്തിന്റെ സംഘര്‍ഷങ്ങളെയും സമസ്യകളെയും കവി അറിയുന്നുണ്ട്; പലതിനോടും പ്രതികരിക്കുന്നുണ്ട്. അത് തനിക്ക് ബോധ്യമുള്ള കാവ്യോചിതമായ തനതുവഴിയിലൂടെയാണെന്നുമാത്രം. അത് വേണ്ടവിധം തിരിച്ചറിയാത്തവര്‍ ഈ കവിയെ പലപ്പോഴും പ്രതിരോധത്തിലാക്കിയിട്ടുണ്ട്. പ്രഭാവര്‍മയുടെ ശ്യാമമാധവം കവിതയുടേതല്ലാത്ത കാരണങ്ങളാല്‍ പ്രതിരോധത്തില്‍പ്പെട്ട രചനയാണ്. പക്ഷേ കവിതയുടേതായ കാരണങ്ങളാല്‍ അത് കൂടുതല്‍ തിളക്കമാര്‍ജിച്ചുകൊണ്ടിരിക്കുന്നു; അംഗീകാരങ്ങളുടെയും വിമര്‍ശനങ്ങളുടെയും വ്യാഖ്യാനങ്ങളുടെയും പരിഭാഷകളുടെയും രൂപത്തില്‍ ഈ കാവ്യം വീണ്ടും വീണ്ടും ശ്രദ്ധ നേടിക്കൊണ്ടിരിക്കുന്നു. അതിന്റെ ഒടുവിലത്തെ അടയാളമാണ് ഇക്കൊല്ലത്തെ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഈ കൃതിക്ക് ലഭിച്ചു എന്നത്.
Prof. John Kurakar

No comments: