Pages

Saturday, December 31, 2016

പണ ദുരിതത്തില്‍ മുങ്ങി കാര്‍ഷികമേഖല

പണ ദുരിതത്തില്മുങ്ങി കാര്ഷികമേഖല

നോട്ട് പിന്‍വലിക്കല്‍ 50ദിനം പിന്നിടുമ്പോഴും കാര്‍ഷിക, വ്യാപാര, വ്യവസായ, നിര്‍മാണ മേഖലകള്‍ കടുത്ത പ്രതിസന്ധിയില്‍. റിയല്‍ എസ്റ്റേറ്റ്, ടൂറിസം, ഹോട്ടല്‍ മേഖലകളിലും തളര്‍ച്ച പൂര്‍ണമാണ്. സംസ്ഥാനത്ത് കോടിക്കണക്കിന് രൂപയുടെ റബറും റബറുല്‍പന്നങ്ങളും വില്‍ക്കാനാവാതെ കെട്ടിക്കിടക്കുകയാണ്. റബര്‍വില ഉയര്‍ന്നിട്ടും കയറ്റുമതി പൂര്‍ണമായും നിലച്ചത് കര്‍ഷകര്‍ക്ക് ഇരുട്ടടിയായി.ആഭ്യന്തര, വിദേശ വിനോദസഞ്ചാരികളുടെ എണ്ണത്തില്‍ 40 ശതമാനമാണ് കുറവ്. അതേസമയം, കേരളത്തിന്‍െറ സര്‍വ മേഖലകളെയും നിശ്ചലമാക്കിയ പ്രതിസന്ധി എങ്ങനെ പരിഹരിക്കുമെന്നറിയാതെ സര്‍ക്കാറും ജനങ്ങളും നെട്ടോട്ടത്തിലും. ഗ്രാമീണ ജനജീവിതം ഇപ്പോഴും കടുത്ത ദുരിതത്തില്‍ തന്നെ. സഹകരണ മേഖല തകര്‍ന്നതും പണമിടപാട് പൂര്‍ണമായും നിലച്ചതും അവശ്യസാധനങ്ങളുടെ വില കുതിച്ചുയരുന്നതും സാധാരണക്കാര്‍ക്ക് ഇരുട്ടടിയായപ്പോള്‍ ചില്ലറ വ്യാപാരമേഖലയും നിശ്ചലമായി. വിളവെടുപ്പ് കാലത്തുണ്ടായ പണപ്രതിസന്ധി റബര്‍, ഏലം, കുരുമുളക് കര്‍ഷകരെയാണ് ഏറെയും വലച്ചത്. എന്നാല്‍, ദുരിതം പരിഹരിക്കാനുള്ള നടപടികളൊന്നും സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാറിനും കഴിയുന്നില്ല.
ഡിജിറ്റല്‍ പണമിടപാടുകള്‍ ഗ്രാമങ്ങളില്‍ ഇനിയും സജീവമല്ല. ഉല്‍പന്നങ്ങള്‍ വില്‍ക്കാനാവാത്തതാണ് മലയോര മേഖല നേരിടുന്ന വലിയ പ്രതിസന്ധി. പണക്ഷാമം കാരണം മൊത്തവ്യാപാരികള്‍ വിപണിയില്‍നിന്ന് വിട്ടുനില്‍ക്കുകയാണ്. ബാങ്കുകളുടെ പ്രവര്‍ത്തനം കറന്‍സി റദ്ദാക്കലിന്‍െറ നൂലാമാലകളില്‍ വട്ടംചുറ്റുമ്പോഴും ഗ്രാമീണ മേഖലയില്‍ ബഹുഭൂരിപക്ഷം എ.ടി.എമ്മുകളും അടഞ്ഞുകിടക്കുന്നു. നഗരങ്ങളില്‍ മാത്രമാണ് എ.ടി.എമ്മുകള്‍ ഭാഗികമായെങ്കിലും പ്രവര്‍ത്തിക്കുന്നത്.മകരവിളക്കിനായി ശബരിമല ക്ഷേത്രം വെള്ളിയാഴ്ച തുറന്നിട്ടും ശബരിപാതകളിലെ എ.ടി.എമ്മുകളില്‍ പണംനിറക്കാന്‍ ബാങ്കുകള്‍ക്ക് കഴിയുന്നില്ല. ഗ്രാമീണ ജനതയുടെ നട്ടെല്ലായിരുന്ന സഹകരണമേഖല തകര്‍ന്നതോടെ സാമ്പത്തിക ക്രയവിക്രയങ്ങള്‍ 90 ശതമാനവും നിലച്ചു. എ.ടി.എമ്മുകള്‍ തുറക്കുന്നതും കാത്ത് രാവിലെ മുതല്‍ ക്യൂ നില്‍ക്കുന്ന ഗ്രാമീണര്‍ ഇപ്പോഴും പതിവ് കാഴ്ച. 1.90 കോടി ഇടപാടുകാരാണ് സഹകരണ ബാങ്കുകള്‍ക്കുള്ളത്. ഇതില്‍ 60-70 ശതമാനവും ഗ്രാമീണ മേഖലയിലും.
പ്രാഥമിക സഹകരണ ബാങ്കുകളില്‍ ഓരോന്നിലും കുറഞ്ഞത് 10,000ത്തില്‍ താഴെ ഇടപാടുകാരുണ്ട്. വായ്പ നല്‍കലും തിരിച്ചടക്കലും സ്വര്‍ണപ്പണയങ്ങളും മുടങ്ങിയതോടെ സഹകരണ ബാങ്കുകളുടെ പ്രതിസന്ധി അടുത്തെങ്ങും അവസാനിക്കില്ളെന്ന സൂചനകളാണ് പുറത്തുവരുന്നത്. നിരവധി വിവാഹങ്ങള്‍ ഗ്രാമീണ മേഖലയില്‍ മാറ്റിവെച്ചിട്ടുണ്ട്.സഹകരണ മേഖലയില്‍ 1,27,000 കോടിയുടെ നിക്ഷേപമുണ്ട്. ഇതിന്‍െറ ക്രയവിക്രയം തടസ്സപ്പെട്ടതോടെ എല്ലാ വായ്പകളും മുടങ്ങി. 35,000 കോടിയാണു വായ്പ ഇനത്തില്‍ സഹകരണ ബാങ്കുകള്‍ക്ക്  തിരിച്ചുകിട്ടാനുള്ളത്. കാര്‍ഷിക മേഖലയിലെ പ്രതിസന്ധി വന്‍ വിലവര്‍ധനയും സൃഷ്ടിച്ചിട്ടുണ്ട്. അരിയടക്കം അവശ്യസാധനങ്ങളുടെ വില 30-40 ശതാമനം വര്‍ധിച്ചു.
Prof. John Kurakar


No comments: